പൂക്കോട്ടൂര്‍: മലപ്പുറത്തിനടുത്ത് പൂക്കോട്ടൂര്‍ മൈലാടിയിലെ സ്വകാര്യ ചെരുപ്പ് നിർമാണ ഫാക്ടറിയില്‍ വന്‍ അഗ്നിബാധ. വെള്ളിയാഴ്ച 11.45നുണ്ടായ അഗ്നിബാധയില്‍ സ്ഥാപനം പൂര്‍ണമായും കത്തി നശിച്ചു. ആര്‍ക്കും പരിക്കില്ല. കെട്ടിടവും നിർമാണ സാമഗ്രികളും അസംസ്‌കൃത വസ്തുക്കളുമുള്‍പ്പടെ കത്തി നശിച്ചു.
മൂന്ന് കോടിയിലധികം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി വിലയിരുത്തുന്നത്. നാല് മണിക്കൂര്‍ നീണ്ട പ്രയത്നത്തിനൊടുവിലാണ് അഗ്നിരക്ഷ സേനാംഗങ്ങള്‍ തീയണച്ചത്.
ഒമ്പത് പേരുടെ സംയുക്ത സംരംഭമായ ‘ഫൂട്ട് വെല്‍’എന്ന സ്ഥാപനമാണ് അഗ്നിക്കിരയായത്. സ്ഥാപനത്തിന്റെ പിന്‍വശത്തുള്ള വൈദ്യുതി ലൈനിന്റെ ഭാഗത്തുനിന്നാണ് ആദ്യം തീ പടര്‍ന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഉടന്‍ ഫയര്‍ എക്സ്റ്റിങ്ക്യുഷര്‍ ഉപയോഗിച്ച് തീയണക്കാന്‍ തൊഴിലാളികള്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തീ അതിവേഗം പടര്‍ന്നതോടെ തൊഴിലാളികള്‍ പുറത്തേക്ക് ഓടി.
ജില്ല ഫയര്‍ ഓഫിസര്‍ ടി. അനൂപിന്‍റെ നേതൃത്വത്തിൽ മലപ്പുറം അഗ്നി - രക്ഷ നിലയത്തില്‍നിന്ന് രണ്ട് യൂനിറ്റ് ഫയര്‍ എൻജിനുകള്‍ ഉപയോഗിച്ച് 12.15ാടെ അണക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെങ്കിലും സ്ഥാപനത്തിനുള്ളിലെ രാസ വസ്തുക്കളിലേക്ക് തീ പടര്‍ന്നു. മലപ്പുറത്തിനു പുറമെ മഞ്ചേരി, പെരിന്തല്‍മണ്ണ, തിരുവാലി, തിരൂര്‍, താനൂര്‍, നിലമ്പൂര്‍ സ്റ്റേഷനുകളില്‍ നിന്നും കോഴിക്കോട് ജില്ലയിലെ മുക്കം, മീഞ്ചന്ത സ്‌റ്റേഷനുകളിലും നിന്നുമായി 11 ഫയര്‍ എൻജിന്‍ യൂനിറ്റുകളാണ് സംഭവ സ്ഥലത്തെത്തിയത്. സമീപത്തെ സ്വകാര്യ സ്റ്റീല്‍ ഫാക്ടറിയിലേക്കും അടുത്തുള്ള വീട്ടിലേക്കും തീ പടരാതെ ഉച്ചക്ക് 1.30ാടെ തീ നിയന്ത്രണ വിധേയമാക്കി.
ഇതിനിടെ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് ‘വജ്ര’അത്യാധുനിക ഫയര്‍ യൂനിറ്റും സംഭവ സ്ഥലത്തെത്തിച്ചു നടത്തിയ രക്ഷ ദൗത്യത്തില്‍ വൈകുന്നേരം 4.30ാടെയാണ് തീ പൂർണമായും അണച്ചു. അഗ്നിബാധയുണ്ടായ കെട്ടിടം കത്തിയമര്‍ന്ന് നിലം പതിച്ചിട്ടുണ്ട്.
ബുള്‍ ഡോസറുകളെത്തിച്ച് സാധനങ്ങള്‍ പുറത്തേക്ക് മാറ്റി നടന്ന അവസാനഘട്ട രക്ഷ പ്രവര്‍ത്തനം വൈകുന്നേരം ഏഴ് വരെ തുടര്‍ന്നു.
ഷോര്‍ട്ട് സര്‍ക്യൂട്ടാണോ അപകട കാരണമെന്ന് പരിശോധിച്ചു വരികയാണെന്നും വിശദ പരിശോധന നടക്കുകയാണെന്നും മലപ്പുറം അഗ്നി - രക്ഷ നിലയത്തിന്റെ ചുമതലയിലുണ്ടായിരുന്ന താനൂര്‍ സ്റ്റേഷന്‍ ഓഫീസര്‍ എം. രാജേന്ദ്രനാഥ് പറഞ്ഞു. നാശ നഷ്ടവും വിലയിരുത്തി വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.