കോട്ടയം: രാജ്യത്ത് ക്രൈസ്തവർക്കെതിരെയുള്ള ആക്രമണങ്ങളിൽ രൂക്ഷ വിമർശനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ. പള്ളിയുടെ പുറത്തുള്ളതായ ആഘോഷങ്ങൾ- ക്രിസ്തുമസ് ആഘോഷങ്ങൾ നശിപ്പിച്ച് അകത്ത് കയറാൻ അധികം താമസമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇനി പള്ളിക്ക് അകത്തുള്ള ആരാധനയിൽ ആയിരിക്കാം ഇനിയുള്ളതായ ആക്രമണം ഉണ്ടാകുന്നതെന്നും കോട്ടയം പനയമ്പാല സെന്‍റ് മേരീസ് പള്ളിയിൽ പെരുന്നാൾ സന്ദേശം നൽകി സംസാരിക്കവെ കാതോലിക്ക ബാവ പറഞ്ഞു.
അമേരിക്ക ഫോർ അമേരിക്കൻസ് എന്ന് പറയുന്ന ട്രംപിനെ പോലെ ഇന്ത്യ ഫോർ ഹിന്ദൂസ് എന്ന് പറയുന്ന ആർ.എസ്.എസിന്‍റെ ഒരു വലിയ ആപ്തവാക്യം ഉണ്ടെങ്കിൽ അത് ഈ ഇന്ത്യയിൽ ചെലവാകാൻ പോകുന്നില്ലെന്ന് അദ്ദേഹം തുറന്നടിച്ചു.
ആരാധനാലയങ്ങൾ നിർമിക്കുവാനോ ആരാധിക്കുവാനോ ഉള്ള സ്വാതന്ത്ര്യം എല്ലാ മതങ്ങൾക്കും ഒരുപോലെ തന്നെ നൽകുന്നതാണ്. അതിന് വിപരീതമായി പ്രവർത്തിക്കാൻ ഏതാനും ചില തീവ്രവാദികൾക്കോ സംഘടനകൾക്കോ അവകാശമില്ല. അത് നിയന്ത്രിക്കേണ്ടത് ഈ രാജ്യം ഭരിക്കുന്നതായ ഭരണാധിപന്മാരാണ്. അവർ അതിനെതിരേ ശബ്ദമുയർത്താതെ അതിനെ അപലപിക്കാതെ ഇരിക്കുന്ന സമയത്ത് ഇത് അവരുടെ പദ്ധതിയുടെ ഒരു ഭാഗമാണെന്ന് മാത്രമേ ന്യൂനപക്ഷങ്ങൾക്ക് മനസിലാക്കാൻ സാധിക്കുകയുള്ളൂ.
ഏതു മതവും സത്യത്തിനും നീതിക്കും സ്‌നേഹത്തിനും സന്ദേശം നൽകുന്നതാണ്. പക്ഷേ ഏതു മതത്തിലും, മതഭ്രാന്തന്മാർ ഉണ്ടാകാം. ആ മതഭ്രാന്തന്മാരെ നിയന്ത്രിക്കാൻ ഏത് രാജ്യത്തായാലും അതിന്‍റെ ഭരണകർത്താക്കളാണ് ഉത്തരവാദപ്പെട്ടവർ. ക്രിസ്ത്യാനി സമൂഹത്തിനെതിരേ നടക്കുന്നതായ ആക്രമണങ്ങളിൽ ശരിയായ ബോധവത്കരണം നടത്തേണ്ടത് ആവശ്യമാണ്.
ആർ.എസ്.എസിന്‍റെ പോഷക സംഘടനകളായിരിക്കുന്ന ബജ്‌റങ്ദളും അതുപോലെ വി.എച്ച്.പിയും ഒക്കെ ഈ സമൂഹത്തിലെ ക്രിസ്ത്യാനികളെ, അല്ലെങ്കിൽ മതന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നതായ വാസ്തവം മാധ്യമങ്ങളിൽ കണ്ടു. കന്യാസ്ത്രീകൾ കഴിഞ്ഞപ്പോൾ വൈദികരായി എന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.