കുതിരക്കച്ചവടത്തിലൂടെ സി.പി.എം അധികാരം ഉറപ്പിക്കുന്നുവെന്ന് സണ്ണി ജോസഫ്; ‘പണം നല്‍കി അട്ടിമറിക്കുന്നത് ജനവിധിയെ’

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം കൂറുമാറി എൽ.ഡി.എഫിന് വോട്ട് ചെയ്ത ലീഗ് സ്വതന്ത്രന്റെ ഫോൺ സംഭാഷണം പുറത്തുവന്ന സംഭവത്തിൽ സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി അധ്യക്ഷൻ അഡ്വ. സണ്ണിു ജോസഫ്. തദ്ദേശ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയം അംഗീകരിക്കുന്നതിന് പകരം കുതിരക്കച്ചവടത്തിലൂടെ അധികാരം ഉറപ്പിക്കുവാനുള്ള സിപിഎം നടപടികള്‍ പ്രതിഷേധാര്‍ഹവും ജനാധിപത്യ വിരുദ്ധവുമാണെന്ന് സണ്ണി ജോസഫ് പറഞ്ഞു

തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഭരണം പിടിച്ചെടുക്കുന്നതിന് യു.ഡി.എഫ് സ്വതന്ത്രനായി വിജയിച്ച അംഗത്തെ സി.പി.എം വിലക്കെടുത്തത് എങ്ങനെയെന്നത് തെളിവുകള്‍ സഹിതം പുറത്തുവന്നിട്ടുണ്ട്. അധികാര സ്ഥാനവും ലക്ഷകണക്കിന് രൂപയും വാഗ്ദാനം ചെയ്തും നല്‍കിയും അധികാര തുടര്‍ച്ചക്ക് വേണ്ടി സി.പി.എം നടത്തിയ അധാര്‍മികവും നിയമവിരുദ്ധവുമായ നടപടികള്‍ അവരുടെ ഉന്നത നേതൃത്വത്തിന്റെ അറിവോടും പങ്കാളിത്തത്തോടും കൂടിയാണ് നടന്നിട്ടുള്ളത്.

ജനവിധിയെ പണം നല്‍കി അട്ടിമറിക്കാനുള്ള സി.പി.എം ശ്രമങ്ങള്‍ അഴിമതിയുടെ തുടര്‍ച്ചക്കു വേണ്ടി മാത്രം നടത്തിയിട്ടുള്ളതാണ്. തൃശ്ശൂര്‍ ജില്ലയിലെ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലും കൂറുമാറ്റത്തിനും കുതിരക്കച്ചവടത്തിനും സി.പി.എം നടത്തിയ കുതന്ത്രങ്ങളും കുടിലബുദ്ധിയും അവരുടെ ജനാധിപത്യ ധ്വംസനത്തിന്റെ മറ്റൊരു ഉദാഹരണമാണ്. വടക്കാഞ്ചേരിയിലെ ഗുരുതരമായ കുറ്റകൃത്യത്തില്‍ നേരിട്ടും ഗൂഢാലോചനയിലും പങ്കാളികളായവരെ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കണം. ഇവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള ധൈര്യം സി.പി.എം കാട്ടണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം കൂറുമാറി എൽ.ഡി.എഫിന് വോട്ട് ചെയ്ത ലീഗ് സ്വതന്ത്രന്റെ ഫോൺ സംഭാഷണമാണ് പുറത്തായത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൂറുമാറിയാൽ തനിക്ക് 50 ലക്ഷം രൂപ നൽകുമെന്ന് സി.പി.എം ഓഫർ ചെയ്തതായാണ് വടക്കാഞ്ചേരി ബ്ലോക്ക് തളി ഡിവിഷനിൽ നിന്ന് ലീഗ് സ്വതന്ത്രനായി വിജയിച്ച ഇ.യു. ജാഫർ പറയുന്നത്. എൽ.ഡി.എഫിനും യു.ഡി.എഫിനും തുല്യ സീറ്റാണ് വടക്കാഞ്ചേരി ബ്ലോക്കിൽ ലഭിച്ചത്. തുടർന്ന് ജാഫർ കൂറുമാറി വോട്ട് ചെയ്യുകയും എൽ.ഡി.എഫിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലഭിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ജാഫർ അംഗത്വം രാജിവെക്കുകയും ചെയ്തു.

കൂറുമാറുന്നതിന്റെ തലേന്ന് ഇ.യു. ജാഫർ കോൺഗ്രസ് വരവൂർ മണ്ഡലം പ്രസിഡന്റ് എ.എ. മുസ്തഫയോട് നടത്തിയ ഫോൺ സംഭാഷണമാണ് ഇപ്പോൾ പുറത്തായത്. ‘ഒന്നുകിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആവാം, അല്ലെങ്കിൽ 50 ലക്ഷം രൂപ സ്വീകരിച്ച് എൽ.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാർഥിക്ക് വോട്ട് നൽകാം. ഞാൻ എന്റെ ലൈഫ് സെറ്റിലാക്കാനാണ് ജീവിക്കുന്നത്. അത് സെറ്റാവാനുള്ള ഒരു ഓപ്ഷൻ വരികയാണ്. ഇവിടെ 50 ലക്ഷമാണ് ഇപ്പോൾ ഓഫർ കിടക്കുന്നത്. ഒന്ന് രണ്ട് ഉർപ്യയല്ല. നീയാണെങ്കിൽ നിന്റെ കണ്ണ് മഞ്ഞളിക്കും. അല്ലെങ്കിൽ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം. നിങ്ങളുടെ കൂടെ നിന്നാൽ നറുക്കെടുത്താൽ മാത്രേ കിട്ടൂ. നീ നാളെ നോക്കിക്കോ, നാളെ കാണാം..’ എന്നാണ് ഫോണിൽ പറയുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തലേന്നാണ് ഇത്തരത്തിൽ സംസാരം നടന്നത്.

പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട യുഡിഎഫിലെ പി.ഐ. ഷാനവാസ് ആണ് ഫോൺ സംഭാഷണം പുറത്തുവിട്ടത്. ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണത്തിലെയും കരുവന്നൂർ സഹകരണ ബാങ്കിലെയും സാമ്പത്തിക തട്ടിപ്പുകളിൽ നിന്നു സമാഹരിച്ച ലക്ഷങ്ങൾ ജനാധിപത്യത്തെ അട്ടിമറിക്കാൻ സി.പി.എം ഉപയോഗിക്കുകയാണെന്ന് പി.ഐ. ഷാനവാസ് ആരോപിച്ചു.

കഴിഞ്ഞ 15 വർഷമായി എൽ.ഡി.എഫാണ് വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഭരിക്കുന്നത്. 2020ൽ 13 സീറ്റുകളിൽ പതിനൊന്നും എൽ.ഡി.എഫ് നേടിയിരുന്നു. എന്നാൽ, ഇത്തവണ 14 സീറ്റിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും 7 വീതം അംഗങ്ങളാണ് ഉണ്ടായിരുന്നത്. ജാഫർ കൂറുമാറി വോട്ട് ചെയ്തതിനെ തുടർന്ന് സി.പി.എമ്മിലെ കെ.വി. നഫീസ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവും മുൻ ജില്ല സെക്രട്ടറിയും സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗവുമാണ് കെ.വി. നഫീസ. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് ജാഫർ വിട്ടുനിന്നതോടെ വൈസ് പ്രസിഡന്റ് സ്ഥാനവും എൽ.ഡി.എഫ് നേടിയിരുന്നു. ഇതിനുപിന്നാലെ അടുത്ത ദിവസം ജാഫർ ബ്ലോക്ക് പഞ്ചായത്തംഗത്വം രാജിവെക്കുകയും ചെയ്തു.

യു.ഡി.എഫിനൊപ്പം നിന്നാൽ 2 സ്ഥാനാർഥികൾക്കും തുല്യ വോട്ട് ലഭിച്ച് നറുക്കെടുപ്പിലൂടെ ഒരാൾ പ്രസിഡന്റാവുമെന്നും അതുകൊണ്ട് തനിക്കെന്തു നേട്ടമെന്നും ജാഫർ ചോദിക്കുന്നുണ്ട്. പണം ലഭിച്ചാൽ രാജിവച്ച് രാഷ്ട്രീയം അവസാനിപ്പിക്കാമെന്നും പറയുന്നുണ്ട്. 31 വോട്ടിനാണ് ജാഫർ തെരഞ്ഞെടുപ്പിൽ വിജയിച്ചത്.

പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ തലേന്ന് താനുമായി ജാഫർ സംസാരിച്ചതിന്‍റെ ശബ്ദരേഖയാണെന്ന് മുസ്തഫ സ്ഥിരീകരിച്ചു. എന്നാൽ, ഫോണിലൂടെ തമാശരൂപേണ പറഞ്ഞ കാര്യങ്ങളാണ് അതെന്നാണു ജാഫർ പറയുന്നത്. സംഭവത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അനിൽ അക്കര ഡി.ജി.പിക്കും വിജിലൻസ് ഡയറക്ടർക്കും പരാതി നൽകി. വിജിലൻസ് അന്വേഷണം ആരംഭിച്ചു.

കൂറുമാറിയ ജാഫറിന്റെ നടപടി ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. യു.ഡി.എഫ് പ്രവർത്തകർ പലയിടത്തും ജാഫറിന്റെ ഫ്ലക്സിൽ കരി ഓയിൽ അഭിഷേകം നടത്തിയും പ്രകടനം നടത്തിയും പ്രതിഷേധിച്ചിരുന്നു. ഇടതുമുന്നണിയിൽ നിന്ന് വൻതുക കൈപ്പറ്റിയാണ് കൂറുമാറി വോട്ട് ചെയ്തതെന്ന് യു.ഡി.എഫ് പ്രവർത്തകർ അന്നുത​ന്നെ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെത്തി സെക്രട്ടറി കെ.എ. അൻസാർ അഹമ്മദ് മുമ്പാകെ രാജി സമർപ്പിച്ചത്. ഇതോടെ തളി പതിമൂന്നാം ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി.

News Summary - Sunny Joseph says CPM is consolidating power through horse trading

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.