വെള്ളാപ്പള്ളിയെ വർഗീയവാദിയായി ഞങ്ങൾ ചിത്രീകരിക്കുന്നില്ല -എം.വി. ഗോവിന്ദൻ; ‘അദ്ദേഹം പറയുന്നതിൽ അംഗീകരിക്കാൻ കഴിയുന്നത് അംഗീകരിക്കും, അല്ലാത്തത് അംഗീകരിക്കില്ല’

കണ്ണൂർ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വർഗീയവാദി ആയിട്ടൊന്നും ഞങ്ങൾ ചിത്രീകരിക്കുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വെള്ളാപ്പള്ളി പറയുന്നതിൽ അംഗീകരിക്കാൻ കഴിയുന്നതെല്ലാം ഞങ്ങൾ അംഗീകരിക്കുമെന്നും അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങൾ വരുമ്പോൾ അംഗീകരിക്കില്ലെന്നും അ​ദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

വെള്ളാപ്പള്ളി വർഗീയവാദിയാണെന്ന് പറയുന്നവരോടുള്ള നിലപാട് എന്താണെന്ന് ചോദിച്ചപ്പോൾ, ‘ഒരാൾ ഒരു കാര്യം പറഞ്ഞ ഉടൻ അയാൾ വർഗീയവാദി ആകുമോ?’ എന്നായിരുന്നു എം.വി. ഗോവിന്ദന്റെ മറുചോദ്യം. ‘വർഗീവാദി ആയിട്ടൊന്നും ഞങ്ങൾ ചിത്രീകരിക്കുന്നില്ല. അവസാനം നാളത്തെ പത്രത്തിൽ, വെള്ളാപള്ളി നടേശൻ വർഗീയവാദിയെന്ന് എംവി ഗോവിന്ദൻ എന്ന് പറയാൻ വേണ്ടിയല്ലേ? വെള്ളാപ്പള്ളി പറയുന്ന ഇത്തരത്തിലുള്ള ഒരു പ്രസ്താവനയും ഞങ്ങൾ അംഗീകരിക്കുന്നില്ല. അതാണ് ഞങ്ങളുടെ നിലപാട്. അംഗീകരിക്കാൻ കഴിയുന്നതെല്ലാം ഞങ്ങൾ അംഗീകരിക്കും. അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങൾ വരുമ്പോൾ ഞങ്ങൾ അംഗീകരിക്കില്ല. മലപ്പുറത്തിന് എതിരായിട്ട് പറയേണ്ട ഒരു കാര്യവുമില്ല. പറഞ്ഞാൽ ആരും അംഗീകരിക്കില്ല അത്ര തന്നെ. ഞങ്ങൾ അംഗീകരിക്കില്ല. ആര് അംഗീകരിക്കുന്നു?’ -ഗോവിന്ദൻ പറഞ്ഞു.

അതിനിടെ, മലപ്പുറം വിരുദ്ധ പരാമർ​ശങ്ങളെ കുറിച്ച് തന്നോട് ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് അധിക്ഷേപിച്ച് വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തി. കഴിഞ്ഞ ദിവസം ശിവഗിരിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതി​നിടെ തന്നോട് ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകൻ റഹീസ് റഷീദിനെയാണ് ഇന്ന് വെള്ളാപ്പള്ളി വർഗീയമായി അധിക്ഷേപിച്ചത്. ഈ മാധ്യമപ്രവര്‍ത്തകന്‍ തീവ്രവാദിയാണെന്നും ഈരാറ്റുപേട്ടക്കാരനാണെന്നും ഇയാള്‍ മുസ്‍ലിംകളുടെ വലിയ വക്താവാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

‘കഴിഞ്ഞ ദിവസം ഒരു ദുരനുഭവം ഉണ്ടായി. മാധ്യമങ്ങളിൽ നിന്നും അങ്ങനെ പ്രതീക്ഷിച്ചില്ല. സംസാരിക്കുന്നതിനിടെ ഈ ഇരിക്കുന്ന റിപ്പോർട്ടർ കുന്തവുമായി എന്റെ നേരെ വന്നു. വന്ന ആളെ എനിക്ക് അറിയാം, ഈരാറ്റുപേട്ടക്കാരനാണ്, തീവ്രവാദിയാണ്, എം.എസ്.എഫുകാരനാണ്, മുസ്ലിംകളുടെ വലിയ വക്താവാണ്. ആരോ പറഞ്ഞുവിട്ടതാണ്.. എനിക്ക് 89 വയസ്സ് ഉണ്ട്. എന്നോട് ഒരു മര്യാദ ഇല്ലാതെ മാധ്യമങ്ങൾ വളഞ്ഞു. റിപ്പോട്ടറുടെ അപ്പൂപ്പനാകാനുള്ള പ്രായമുണ്ട് എനിക്ക്. അതിന്‍റെ മര്യാദപോലും കാണിച്ചില്ല. ഞങ്ങൾക്ക് മലപ്പുറത്ത് സ്‌കൂളും കോളജും ഇല്ല എന്നത് കണക്കുവെച്ചാണ് പറഞ്ഞു. അൺഎയ്ഡഡ് കോളജ് മാത്രമാണ് അവിടെ ഉള്ളത്. 48 അൺഎയ്ഡഡ് കോളജ് മുസ്‍ലിം ലീഗിനുണ്ട്' -വെള്ളാപ്പള്ളി പറഞ്ഞു.

Tags:    
News Summary - mv govindan about vellappally natesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.