ഇ.യു. ജാഫർ

‘ലൈഫ് സെറ്റിലായില്ല, ആകെ പ്രശ്നമായി’; വടക്കാഞ്ചേരിയിൽ കൂറുമാറി വോട്ടുചെയ്ത ലീഗ് സ്വതന്ത്രൻ

വടക്കാഞ്ചേരി (തൃശൂർ): തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം പണംവാങ്ങി കൂറുമാറിയെന്ന ആരോപണം ലീഗ് സ്വതന്ത്രൻ ഇ.യു. ജാഫർ നിഷേധിച്ചു. പുറത്തുവന്ന ഫോൺ സംഭാഷണത്തിൽ മുസ്തഫയോട് തമാശരൂപേണ സംസാരിച്ച കാര്യങ്ങളാണുള്ളത്. മനഃപൂർവം ഒരിക്കലും എൽ.ഡി.എഫിനു വോട്ട് ചെയ്തിട്ടില്ല. ആരിൽനിന്നും ഒരുരൂപ പോലും വാങ്ങിയിട്ടില്ല. ഏത് അന്വേഷണത്തോടും സഹകരിക്കാൻ തയാറാണ്. ലൈഫ് സെറ്റിലായോ എന്ന ചോദ്യത്തിന് ഇല്ല ആകെ പ്രശ്നമായെന്ന മറുപടിയാണ് ജാഫർ നൽകിയത്. തന്‍റെ ഭാഗത്തുനിന്ന് വന്ന തെറ്റിന് പൊതുജനത്തോട് മാപ്പ് ചോദിച്ച് രാജിവെച്ചുവെന്നും ജാഫർ മാധ്യമങ്ങളോട് പ്രതികരിച്ചു.

“ഒരു ഓഫറിന്‍റെയും പുറത്ത് വോട്ട് മാറ്റി ചെയ്തതല്ല. അതൊരു മിസ്റ്റേക്കായിരുന്നു. മനുഷ്യനല്ലേ, ഒരു തെറ്റുപറ്റി. ഞാനും സി.പി.എമ്മുമായി ഒരു തരത്തിലുള്ള ഡീലുമില്ല. മുസ്തഫയോട് തമാശരൂപേണ സംസാരിച്ച കാര്യമാണ് പുറത്തുവന്നത്. ഒരാളുടെ കൈയിൽനിന്നും ഒരുരൂപ പോലും ഞാൻ വാങ്ങിയിട്ടില്ല. ഏത് അന്വേഷണത്തോടും സഹകരിക്കാൻ തയാറാണ്. വിജിലൻസ് അന്വേഷിക്കുന്നുണ്ട്. വേണ്ടിവന്നാൽ നുണപരിശോധനക്കു പോലും തയാറാണ്. പാർട്ടി പുറത്താക്കിയെങ്കിലും മനസ്സുകൊണ്ട് യു.ഡി.എഫുകാരനാണ്. വോട്ടെടുപ്പു സമയത്ത് മാനസിക സമ്മർദമുണ്ടായിരുന്നു. മനഃപൂർവം ഒരിക്കലും എൽ.ഡി.എഫിനു വോട്ട് ചെയ്തിട്ടില്ല.

പിന്തുണ ആവശ്യപ്പെട്ട് സി.പി.എം നേതാക്കളാരും വിളിച്ചിട്ടില്ല. കാശ് വാങ്ങിയെങ്കിൽ മാത്രമേ എനിക്ക് ഭയപ്പെടേണ്ട കാര്യമുള്ളൂ. സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ എനിക്കെതിരെ ഭീഷണി ഉയരുന്നുണ്ട്. മനഃപൂർവം ഒരു കാരണവശാലും എൽ.ഡി.എഫിനെ പിന്തുണക്കുന്ന ആളല്ല ഞാൻ. എന്‍റെ ഭാഗത്തുനിന്ന് വന്ന തെറ്റിന് പൊതുജനത്തോട് മാപ്പ് ചോദിച്ച് രാജിവെച്ചു. ചെറിയൊരു അശ്രദ്ധ കാരണം എനിക്ക് വലിയ പിഴവാണുണ്ടായത്. ഞാൻ പറയുന്നത് പൊതുസമൂഹം വിശ്വസിക്കുമെന്ന് കരുതുന്നില്ല. എന്നാൽ അതാണ് യാഥാർഥ്യം. എന്ത് അന്വേഷണത്തിനും തയാറാകുന്നത് അതുകൊണ്ടാണ്” -ജാഫർ പറഞ്ഞു.

പുറത്തുവന്ന ഫോൺ സംഭാഷണത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൂറുമാറിയാൽ തനിക്ക് 50 ലക്ഷം രൂപ നൽകുമെന്ന് സി.പി.എം ഓഫർ ചെയ്തതായാണ് വടക്കാഞ്ചേരി ബ്ലോക്ക് തളി ഡിവിഷനിൽനിന്ന് ലീഗ് സ്വതന്ത്രനായി വിജയിച്ച ഇ.യു. ജാഫർ പറയുന്നത്. എൽ.ഡി.എഫിനും യു.ഡി.എഫിനും തുല്യ സീറ്റാണ് വടക്കാഞ്ചേരി ബ്ലോക്കിൽ ലഭിച്ചത്. തുടർന്ന് ജാഫർ കൂറുമാറി വോട്ടുചെയ്യുകയും എൽ.ഡി.എഫിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലഭിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ അംഗത്വം രാജിവെക്കുകയും ചെയ്തു.

കൂറുമാറുന്നതിന്റെ തലേന്ന് ഇ.യു.ജാഫർ കോൺഗ്രസ് വരവൂർ മണ്ഡലം പ്രസിഡന്റ് എ.എ. മുസ്തഫയോട് നടത്തിയ ഫോൺ സംഭാഷണമാണ് ഇപ്പോൾ പുറത്തായത്. ‘ഒന്നുകിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആവാം, അല്ലെങ്കിൽ 50 ലക്ഷം രൂപ സ്വീകരിച്ച് എൽ.ഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർഥിക്കു വോട്ട് നൽകാം. ഞാൻ എന്റെ ലൈഫ് സെറ്റിലാക്കാനാണ് ജീവിക്കുന്നത്. അത് സെറ്റാവാനുള്ള ഒരു ഓപ്ഷൻ വരികയാണ്. ഇവിടെ 50 ലക്ഷമാണ് ഇപ്പോൾ ഓഫർ കിടക്കുന്നത്. ഒന്ന് രണ്ട് ഉർപ്യയല്ല. നീയാണെങ്കിൽ നിന്റെ കണ്ണ് മഞ്ഞളിക്കും. അല്ലങ്കിൽ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം. നിങ്ങളുടെ കൂടെ നിന്നാൽ നറുക്കെടുത്താൽ മാത്രേ കിട്ടൂ. നീ നാളെ നോക്കിക്കോ, നാളെ കാണാം..’ എന്നാണ് ഫോണിൽ പറയുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിനു തലേന്നായിരുന്നു സംസാരം.

പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട യുഡിഎഫിലെ പി.ഐ.ഷാനവാസാണു ഇതുപുറത്തുവിട്ടത്. ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണത്തിലെയും കരുവന്നൂർ സഹകരണ ബാങ്കിലെയും സാമ്പത്തിക തട്ടിപ്പുകളിൽ നിന്നു സമാഹരിച്ച ലക്ഷങ്ങൾ ജനാധിപത്യത്തെ അട്ടിമറിക്കാൻ സി.പി.എം ഉപയോഗിക്കുകയാണെന്ന് പി.ഐ.ഷാനവാസ് ആരോപിച്ചു.

കഴിഞ്ഞ 15 വർഷമായി എൽ.ഡി.എഫാണ് വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഭരിക്കുന്നത്. 2020ൽ 13 സീറ്റുകളിൽ പതിനൊന്നും എൽഡിഎഫ് നേടിയിരുന്നു. എന്നാൽ, ഇത്തവണ 14സീറ്റിൽ എൽ.ഡിഎഫിനും യുഡിഎഫിനും 7 വീതം അംഗങ്ങളാണ് ഉണ്ടായിരുന്നത്. ജാഫർ കൂറുമാറി വോട്ട് ചെയ്തതിനെ തുടർന്ന് സി.പി.എമ്മിലെ കെ.വി. നഫീസ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവും മുൻ ജില്ലാ സെക്രട്ടറിയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമാണ് കെ.വി.നഫീസ. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽനിന്ന് ജാഫർന്‍വിട്ടുനിന്നതോടെ വൈസ് പ്രസിഡന്റ് സ്ഥാനവും എൽഡിഎഫ് നേടിയിരുന്നു. ഇതിനുപിന്നാലെ അടുത്തദിവസം ജാഫർ ബ്ലോക്ക് പഞ്ചായത്തംഗത്വം രാജിവെക്കുകയും ചെയ്തു.

കൂറുമാറിയ ജാഫറിന്റെ നടപടി ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. യു.ഡി.എഫ് പ്രവർത്തകർ പലയിടത്തും ജാഫറിന്റെ ഫ്ലക്സിൽ കരി ഓയിൽ അഭിഷേകം നടത്തിയും പ്രകടനം നടത്തിയും പ്രതിഷേധിച്ചു. ഇടതുമുന്നണിയിൽനിന്ന് വൻതുക കൈപ്പറ്റിയാണ് കൂറ് മാറി വോട്ട് ചെയ്തതെന്ന് യു.ഡി.എഫ് പ്രവർത്തകർ അന്നുത​ന്നെ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെത്തി സെക്രട്ടറി കെ.എ. അൻസാർ അഹമ്മദ് മുമ്പാകെ രാജി സമർപ്പിച്ചത്. ഇതോടെ തളി പതിമൂന്നാം ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി.

Tags:    
News Summary - Wadakkanchery Block Election | EU Jaffer | Local Body Election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.