പുക പരിശോധനാ കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്തെ വാഹന പുക പരിശോധനാ കേന്ദ്രങ്ങളില്‍ മോട്ടോര്‍ വാഹനവകുപ്പിന്‍െറ മിന്നല്‍ പരിശോധന. 308 കേന്ദ്രങ്ങളില്‍ 193 എണ്ണത്തിലും ക്രമക്കേട് കണ്ടത്തെിയതിനെ തുടര്‍ന്ന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഓപറേഷന്‍ ഫ്യൂസ എന്ന പേരില്‍ നടന്ന പരിശോധനയില്‍ ഭൂരിഭാഗം സ്ഥാപനങ്ങളും നിയമം തെറ്റിക്കുന്നുവെന്ന് കണ്ടത്തെിയതിനെ തുടര്‍ന്ന് കര്‍ശന നടപടി സ്വീകരിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്‍െറ തീരുമാനം.
 ചിലയിടങ്ങില്‍ വ്യാജ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് പുക പരിശോധിക്കുന്നതായി വ്യക്തമായതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിയമാനുസൃത യോഗ്യതയുള്ള ഓപറേറ്റര്‍മാരില്ലാതെ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളും ഏറെ. വനിതാ ജീവനക്കാരെയാണ് ഇവിടങ്ങളില്‍ നിയോഗിച്ചിട്ടുള്ളത്. പലയിടങ്ങളിലും പുക പരിശോധനക്ക് അനിവാര്യമായി വേണ്ട ഉപകരണങ്ങള്‍ ഇല്ല. പ്രവര്‍ത്തിക്കാത്ത മെഷീനുകള്‍ ഉപയോഗിച്ച് പരിശോധന നടത്തിയെന്ന് വരുത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന കേന്ദ്രങ്ങളും നിരവധി. ഡീസല്‍ വാഹനങ്ങള്‍ക്ക് ശരിയായ മാനദണ്ഡം പാലിക്കാതെ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതും റെയ്ഡില്‍ കണ്ടത്തെി.
അനുവദിച്ചിട്ടുള്ള സ്ഥലം മറ്റ് സ്ഥാപനങ്ങള്‍ക്ക് വാടകക്കും മറ്റും നല്‍കിയശേഷം റോഡ് വക്കില്‍ പരിശോധന നടത്തുന്നതും കണ്ടത്തെിയിട്ടുണ്ട്. മറ്റ് ചിലയിടങ്ങളില്‍ തോന്നിയപോലെയാണ് ഫീസ് ഈടാക്കുന്നത്. പുക പരിശോധനക്ക് രസീത് നല്‍കാറില്ല. മാനദണ്ഡങ്ങള്‍ പ്രകാരമുള്ള പരിശോധനയും നടക്കാറില്ല.
രാവിലെ എട്ട് മുതല്‍ വൈകീട്ട് മൂന്ന് വരെയായിരുന്നു റെയ്ഡ് നടന്നത്. ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍മാരുടെയും ആര്‍.ടി.ഒ മാരുടെയും മേല്‍നോട്ടത്തില്‍ 300 പേരടങ്ങുന്ന എന്‍ഫോസ്മെന്‍റ് വിഭാഗം പല സംഘങ്ങളായി തിരിഞ്ഞാണ് സംസ്ഥാനത്ത് ഒരേസമയം പരിശോധന നടത്തിയത്. ഗ്രീന്‍ ട്രൈബ്യൂണല്‍ നിര്‍ദേശത്തിന് പുറമെ പുക പരിശോധന കേന്ദ്രങ്ങള്‍ക്കെതിരെ പൊതുജനങ്ങളില്‍നിന്ന് വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് റെയ്ഡ് നടത്തിയതെന്ന് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ടോമിന്‍ ജെ.തച്ചങ്കരി പറഞ്ഞു.
 വ്യാപക ക്രമക്കേട് കണ്ടത്തെിയ സാഹചര്യത്തില്‍ ഏകീകൃത ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് വിതരണ സമ്പ്രദായം ഏര്‍പ്പെടുത്താന്‍ തീരുമാനം.  
നിലവില്‍ ഓരോ സ്ഥാപനവും ഇഷ്ടമുള്ള സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്. ഇതില്‍ വ്യാജ സോഫ്റ്റ്വെയറുകളും ഉണ്ട്. നിര്‍ദേശിക്കപ്പെട്ട മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ളെന്നും പരാതിയുണ്ട്. ഈ സാഹചര്യത്തിലാണ് ട്രാന്‍സ്പോര്‍ട്ട് കമീഷണറേറ്റില്‍ സര്‍വര്‍ സ്ഥാപിച്ച് എല്ലാ പുക പരിശോധനാ കേന്ദ്രങ്ങളെയും ഇന്‍റര്‍നെറ്റ് വഴി ബന്ധിപ്പിക്കുന്ന സംവിധാനത്തെക്കുറിച്ച് ആലോചിക്കുന്നത്. ഇതോടെ പരിശോധനാ നടപടികളും വിവരങ്ങളും തല്‍സമയം കമീഷണറേറ്റ് വഴി നിരീക്ഷിക്കാനാവും. ഇതുവഴി ക്രമക്കേടുകള്‍ ഒഴിവാക്കാനാവുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.