ഇ.ഡി കത്തിൽ അനാവശ്യ ധൃതി കാണിച്ചിട്ടില്ല; മാസപ്പടി കേസിൽ ഉടൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സി.എം.ആർ.എൽ -എക്സാലോജിക് മാസപ്പടി കേസിൽ വിജിലൻസ് ഉടൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഹൈകോടതി വിധി സർക്കാറിന് തിരിച്ചടി അല്ല. സർക്കാർ അനാവശ്യ ധൃതിയോ വ്യക്തിപരമായ വിരോധമോ കാണിച്ചില്ല. സർക്കാർ നിയമോപദേശം തേടി. എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യുംമുമ്പ് പരിശോധിക്കണമെന്നാണ് നിയമോപദേശം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മരുമകനും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് തുടങ്ങിയവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇ.ഡി സംസ്ഥാന പൊലീസ് മേധാവിക്ക് സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ ജസ്റ്റിസ് എ. ബദറുദ്ദീൻ വിജിലൻസ് ഡയറക്ടർക്ക് നിർദേശം നൽകിയത്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ പ്രാഥമികാന്വേഷണം നടത്താൻ കൈംബ്രാഞ്ചിന്‍റെ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച സർക്കാർ നടപടി നിയമ വിരുദ്ധമെന്ന് വിലയിരുത്തിയ കോടതി തീരുമാനം റദ്ദാക്കുകയും ചെയ്തു.

എസ്‌.ഐ.ആർ കാരണമാണ് കേരളത്തിൽ സി.പി.എമ്മിന് ഭരണം നഷ്ടമായതെന്ന സി.ജെ.പി ആരോപണത്തെ മുഖ്യമന്ത്രി പരിഹസിച്ചു തള്ളി. കേരളത്തിൽ വോട്ട് നിഷേധിച്ചതായി പരാതി ഉണ്ടായിട്ടില്ല. ബി.ജെ.പിക്കോ സി.പി.എമ്മിനോ പോലും ഇവിടെ പരാതിയില്ല. കേരളത്തിലെ തെരഞ്ഞെടുപ്പിന്റെ സമയത്ത് പരാതി കൊടുത്തത് യു.ഡി.എഫാണ്. അതെല്ലാം പരിഹരിച്ചിരുന്നു. ബിജെപി ജയിക്കാൻ സാധ്യതയുള്ളിടത്താണ് വോട്ടുകൊള്ള നടത്തിയത്. അല്ലാത്തിടത്ത് അവരെന്തിനാണ് ചെയ്യുന്നത്? ഇവിടെ ബി.ജെ.പിയുടേയോ സിപിഎമ്മിന്റേയോ ഭാഗത്തുനിന്ന് ആരോപണമുണ്ടായിട്ടില്ല. ആകെ പരാതി നൽകിയത് യുഡിഎഫാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സർക്കാറിന്‍റെ 100 ദിന കർമപദ്ധതികളിൽ 96.5 ശതമാനവും പൂർത്തിയാക്കാൻ കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. നടപ്പാക്കാനുദ്ദേശിച്ച 588 പദ്ധതികളിൽ 568 എണ്ണവും പൂർത്തിയായി. ശേഷിക്കുന്ന 20 പദ്ധതികളും 90 ശതമാനത്തിലധികം പൂർത്തീകരിച്ചു. പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി തയാറാക്കിയ ഡിജിറ്റൽ സംവിധാനത്തിലൂടെ പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും വിവരങ്ങൾ പരിശോധിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. വിവിധ വകുപ്പുകളിലായി നടപ്പാക്കിയ പദ്ധതികളുടെ പുരോഗതി വിലയിരുത്തിയാണ് സർക്കാർ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്. ഇലക്ട്രോണിക്സ്, വിവരസാങ്കേതിക വകുപ്പ്, പൊതുമരാമത്ത്, തദ്ദേശസ്വയംഭരണം, ആയുഷ്, ആരോഗ്യം, ആഭ്യന്തരം തുടങ്ങിയ വകുപ്പുകളിലെ പദ്ധതികൾ അവലോകനം ചെയ്തെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാർ ഓഫിസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിനായി ‘ജനസ്പർശം’ എന്ന പേരിൽ സമഗ്ര ഫയൽ അദാലത്ത് നടപ്പാക്കും. ഒക്ടോബർ 15 മുതൽ ഡിസംബർ 31 വരെയാണ് അദാലത്ത്. ഫയലുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനൊപ്പം കാലതാമസത്തിന്റെ കാരണങ്ങൾ കണ്ടെത്തി ശാശ്വത പരിഹാരം ഉറപ്പാക്കുകയുമാണ് ലക്ഷ്യം. നിലവിൽ ലക്ഷക്കണക്കിന് ഇ-ഫയലുകളും നിരവധി ഫിസിക്കൽ ഫയലുകളും വിവിധ വകുപ്പുകളിൽ തീർപ്പാകാതെ കിടക്കുന്നുണ്ട്. ഇവയുടെ കൃത്യമായ കണക്കുകൾ ശേഖരിച്ച് സമയബന്ധിതമായി തീർപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കും. ഫയലുകൾ കെട്ടിക്കിടക്കുന്നതിന്റെ കാരണങ്ങൾ പഠിച്ച് ഭരണസംവിധാനത്തിൽ ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Tags:    
News Summary - ED did not show unnecessary haste in the letter -VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.