‘വലിയ സത്യങ്ങളും ചെറിയ നുണകളും തമ്മിലാണ് പോർ’, അത് മാത്രമാണ് പോര്; വിവാദങ്ങളിൽ പ്രതികരിച്ച് ദിവ്യ എസ് അയ്യർ
തിരുവനന്തപുരം: മാലിന്യമുക്ത കേരളം പരിപാടിയിൽ തദ്ദേശ വകുപ്പ് സെക്രട്ടറി ടി.വി. അനുപമയുമായി താൻ പോരിലാണെന്ന വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ്. അയ്യരുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. അനുപമയുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച നിർമലം പരിപാടിയും ദിവ്യയുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച ഐ.സി 100 പദ്ധതിയുമാണ് വിവാദമായത്.
ദിവ്യ എസ്. അയ്യർ കുറിച്ചത്:
പോരും ഇല്ലാ.
പോരാത്തതിനു മത്സരവും ഇല്ല.
മനുഷ്യരെ സ്നേഹിക്കുന്നു, പുൽകുന്നു,
പുകഴ്ത്തുന്നു എന്ന് മാത്രമേ ഇന്നു വരെ
മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും എന്നെ
‘പഴിചാരി’ കേട്ട ഓർമ്മയുള്ളൂ.
ഇപ്പോൾ പോര്, മത്സരം, ചേരിതിരിവ്
എന്നൊക്കെ കേൾക്കുമ്പോൾ
അത് ഞാൻ അല്ല, എന്നെക്കുറിച്ച് അല്ല
എന്ന ഉറച്ചബോധ്യം മനസ്സിൽ തെളിയുന്നുണ്ട്.
ഒരുനാളും ഒരാളോടും ഞങ്ങൾക്ക് തോന്നാത്ത
വികാരങ്ങൾ ആണ് ഇവ.
വ്യക്തമായ നിർദേശം ലഭിച്ചതിനെ തുടർന്ന്
ഞങ്ങൾ കൃത്യനിർവഹണം നടത്തിയിട്ടുണ്ട്
എന്നതാണ് സത്യം. ഭാവനാവിരാജിതമായ
പ്രചാരണങ്ങൾക്ക് വിരാമം ഇടണം എന്ന്
അഭ്യർഥിക്കുന്നു.
ഈയടുത്തകാലത്ത് ആദി എന്ന യുവകവിയുടെ
ഒരു കവിതയിൽ വായിച്ചത് ഓർക്കുന്നു
‘വലിയ സത്യങ്ങളും
ചെറിയ നുണകളും തമ്മിലാണ്
പോർ’
അത് മാത്രമാണ് പോര്.
അതേസമയം, ആരോപണം അടിസ്ഥാനരഹിതമാണെന്നും നിർമലം പരിപാടിയും ഐ.സി 100 പദ്ധതിയും രണ്ടാണെന്നും ഒന്ന് ദീർഘകാല അടിസ്ഥാനത്തിലുള്ളതും മറ്റൊന്ന് 100 ദിവസത്തെ പരിപാടിയാണെന്നുമാണ് തദ്ദേശവകുപ്പിന്റെ വിശദീകരണം. ഇതു സംബന്ധിച്ച് പ്രത്യേകം മാർഗനിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ഒക്ടോബർ രണ്ടിന് പറവൂരിൽ മുഖ്യമന്ത്രിയാണ് നിർമലം പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചത്. സർക്കാറിന്റെ നൂറ്ദിന കർമപരിപാടിയുടെ ഭാഗമായുള്ള പൊതുജനപങ്കാളിത്തതോടെയുള്ള കാമ്പയിൻ എന്നാണ് വിശേഷിപ്പിച്ചത്. 2031 വരെ നീളുന്ന വിപുലമായ പ്രവർത്തനങ്ങളാണ് ലക്ഷ്യം. നിർമലം പുതുയുഗ ശുചിത്ര കേരളം പദ്ധതിയുടെ ഉത്തരവിറക്കിയത് തദ്ദേശവകുപ്പ് സെക്രട്ടറി ടി.വി അനുപമ യായിരുന്നു. കഴിഞ്ഞ മാസം 30നായിരുന്നു ഉത്തരവിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.