ആറിടത്ത് അതിവേഗം പാഴ്സലുകൾ, പുതിയ പദ്ധതിയുമായി തപാൽ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് കോർപറേഷനുകളെ ബന്ധിപ്പിച്ച് 24 മണിക്കൂറിനുള്ളിൽ പാഴ്സലുകൾ എത്തിക്കാനുള്ള അതിവേഗ പോസ്റ്റൽ സേവനത്തിന് തുടക്കം കുറിച്ച് തപാൽ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ കോർപറേഷൻ പരിധിയിലുള്ള സ്ഥലങ്ങളിലാണ് സേവനലഭ്യത. നിലവിൽ സ്പീഡ് പോസ്റ്റ് പാഴ്സലുകൾക്ക് കേരളത്തിനുള്ളിൽ 24 മുതൽ 48 മണിക്കൂർ വരെ സമയപരിധിയാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതാണ് കോർപറേഷൻ പരിധികളിൽ കൂടുതൽ വേഗത്തിലെത്തുന്നത്. അധിക ചാർജില്ലാതെയാണ് ഈ സേവനം. ‘അഷ്വേർഡ് നെക്സ്റ്റ് ഡേ ഡെലിവറി’(എ.എൻ.ഡി.ഡി) എന്നാണ് പുതിയ സംവിധാനത്തിന്റെ പേര്. തിരുവനന്തപുരം-കണ്ണൂർ റൂട്ടിൽ പുതുതായി ഏർപ്പെടുത്തിയ പാഴ്സൽ വാനുകളുടെ സൗകര്യം പ്രയോജനപ്പെടുത്തിയാണ് പുതിയ ക്രമീകരണം. ലോക തപാൽ ദിനത്തോടനുബന്ധിച്ച് തമ്പാനൂർ ചൈത്രം ഹോട്ടലിൽ നടന്ന ചടങ്ങിൽ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ അമിതാഭ് സിങ് ആറ് കോർപറേഷൻ മേയർമാർക്കും കത്തയച്ച് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
ഇതോടൊപ്പം രണ്ട് പോസ്റ്റ് കാർഡുകളും അമിതാഭ് സിങ് പ്രകാശനം ചെയ്തു. ഫ്ലൈ ദുബൈ വിമാനം പറത്തുന്നതിനിടെ കുത്തേറ്റിട്ടും സാഹസിക ഇടപെടൽ നടത്തി യാത്രക്കാരുടെ ജീവൻ രക്ഷിച്ച ക്യാപ്റ്റൻ സ്മിത് ധീരത അടയാളപ്പെടുത്തുന്നതാണ് ഇതിലൊന്ന്. തിരുവനന്തപുരം നഗരസഭയിലെ ശുചീകരണ തൊഴിലാളികളുടെ സേവനങ്ങൾക്കുള്ള ആദരമാണ് രണ്ടാമത്തെ കവർ.
സുകന്യ സമൃദ്ധി യോജനക്ക് കീഴിലുള്ള പാസ് ബുക്കുകൾ വിതരണം ചെയ്തു. മേയർ വി.വി. രാജേഷ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ ജി.എസ്. ആശാനാഥ്, എം.ആർ. ഗോപൻ, കേരള സർക്കിൾ ഡയറക്ടർ പോസ്റ്റൽ സർവിസസ് എൻ.ആർ. ഗിരി, തിരുവനന്തപുരം നോർത് ഡിവിഷൻ സീനിയർ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫിസ് ഗോവാഡ നവ്യ, ഡയറക്ടർ ഓഫ് അക്കൗണ്ട് പോസ്റ്റൽ ഡി. വൈഷ്ണവി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.