‘നിങ്ങൾ ഏതെങ്കിലും താൽപര്യത്തിലാകും വാർത്ത കൊടുക്കുന്നത്’; താനിപ്പോൾ അത് ആസ്വദിക്കുകയാണെന്ന് വിഡി സതീശൻ
തിരുവനന്തപുരം: തനിക്കെതിരെയുള്ള വാർത്തകൾ ആസ്വദിക്കുകയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഒരു ദിവസം രാഹുൽഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഞങ്ങൾ രണ്ടുപേരും മാത്രമേ കൂടിക്കാഴ്ചയിലുണ്ടായിരുന്നുള്ളൂ.
ഉടൻ വാർത്ത വന്നു, പി.എം. ശ്രീ നടപ്പാക്കാൻ രാഹുൽ ഗാന്ധി നിർദേശിച്ചെന്ന്. എ.ഐ.സി.സി ജന.സെക്രട്ടറിയായ പ്രിയങ്കഗാന്ധിയെ കണ്ട് പുറത്തിറങ്ങുമ്പോൾ പിണറായി വിജയനെതിരെ കേസെടുക്കാൻ രാഹുൽഗാന്ധി പറഞ്ഞുവെന്ന് വാർത്ത.
പിന്നീട് അമിത്ഷായെ തടഞ്ഞതിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും അതൃപ്തി എന്ന് വാർത്ത വന്നു. എനിക്കെന്ത് അതൃപ്തി. അമിത്ഷാക്കെതിരായ പ്രതിഷേധം സംബന്ധിച്ച മന്ത്രി ഒ.ജെ. ജനീഷിന്റെ പോസ്റ്റ് മുഖ്യമന്ത്രി നിർദ്ദേശിച്ച് നീക്കി എന്ന വാർത്തയും കൊടുത്തു. എന്തിനാണ് എന്നെ ഇങ്ങനെ ദ്രോഹിക്കുന്നത്.
നിങ്ങൾ ഏതെങ്കിലും താൽപര്യത്തിലാകും ഈ വാർത്ത കൊടുക്കുന്നത്. എന്നാൽ താനിപ്പോൾ ഇപ്പോൾ ആ വാർത്തകൾ ആസ്വദിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഹെലികോപ്റ്റർ കരാർ പുതുക്കണ്ടേ എന്ന് തന്നെയാണ് തീരുമാനം
തിരുവനന്തപുരം: ഹെലികോപ്റ്ററുമായി ബന്ധപ്പെട്ട് ചിപ്സൻ ഏവിയേഷനുമായുള്ള കരാർ പുതുക്കേണ്ടെന്ന് തന്നെയാണ് തീരുമാനമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. കരാറിനെ ഞങ്ങൾ പണ്ട് എതിർത്തതല്ലേ. വിമാനം ആവശ്യമായി വേണ്ടിവരും.
ഇത്രയും പണം ചെലവഴിക്കാനില്ല. അതിനാലാണ് കരാർ പുതുക്കേണ്ടെന്ന് തീരുമാനിച്ചത്. ചില സന്ദർഭങ്ങളിൽ ഹെലികോപ്റ്റർ വേണ്ടിവരുമെന്ന് ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാൽ ഹെലികോപ്റ്റർ വേണ്ടിവരും. പക്ഷെ വാടകയിനത്തിൽ പത്ത് കോടി ഒരു വർഷം കൊടുക്കാനില്ല. ഇത്രയും തുകയുണ്ടെങ്കിൽ അഞ്ച് വർഷം കൊണ്ട് പുതിയ ഹെലികോപ്റ്റർ വാങ്ങിച്ച് അത് വാടകക്ക് കൊടുത്ത് ഇ.എം.ഐയും അടക്കാം.
എല്ലാവശങ്ങളും ആലോചിച്ച് ബുദ്ധിപരമായ തീരുമാനമെടുക്കും. അത് കേട്ട് ഇപ്പോൾ തന്നെ പുതിയ ഹെലികോപ്റ്റർ വാങ്ങാൻ തീരുമാനിച്ചെന്ന വാർത്ത കൊടുക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യതെരഞ്ഞടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ പൊതുമരാമത്ത് സെക്രട്ടറിയായിരുന്നപ്പോൾ നടന്ന കാര്യങ്ങളിൽ അന്വേഷണം നടക്കുകയാണ്. കുറ്റം ചെയ്തെന്ന് കണ്ടെത്തുമ്പോഴല്ലേ തുടർനടപടി സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മരുന്ന് ക്ഷാമം ഊതിവീർപ്പിച്ചത് -മുഖ്യമന്ത്രി
തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ മരുന്നുക്ഷാമം ഊതി വീർപ്പിച്ചതാണെന്നും പ്രതിസന്ധിയുള്ള സ്ഥലങ്ങളിൽ ലോക്കൽ പർച്ചേസിന് അനുമതി നൽകികഴിഞ്ഞുവെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. മെഡിക്കൽ സർവീസസ് കോർപറേഷൻ വഴി മരുന്നുവാങ്ങുന്നത് ഓരോ തവണയും തൊട്ടടുത്ത വർഷത്തേക്കുള്ളതാണ്. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ടെണ്ടർ നടപടികളിൽ സംഭവിച്ച പ്രശ്നങ്ങളാണ് ഇപ്പോഴുള്ള മരുന്ന് ക്ഷാമത്തിന് കാരണം.
28 ഇനം മരുന്നുകൾക്ക് മാത്രമെ ക്ഷാമമുണ്ടായിരുന്നുള്ളൂ. എല്ലാ ആശുപത്രികളിലും അത്തരം പ്രശ്നങ്ങളില്ല. മരുന്ന് സ്റ്റോക്കുള്ള സ്ഥലങ്ങളിൽനിന്ന് എത്തിച്ച് കുറെയേറെ പ്രതിസന്ധി പരിഹരിച്ചു. മരുന്ന് കമ്പനികൾക്ക് വലിയ കുടിശ്ശികയാണ് കഴിഞ്ഞ സർക്കാർ വരുത്തിവെച്ചത്. പുതിയ ടെണ്ടർ നടപടികൾ അനുസരിച്ചുള്ള മരുന്നുകൾ ഉടൻ എത്തിത്തുടങ്ങുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
‘അട്ടിമറിച്ചാണ് 102 സീറ്റുമായി ഇവിടെ ഇരിക്കുന്നത്’
തിരുവനന്തപുരം: കേന്ദ്രം മോദി ഭരിക്കുന്നു, കേരളം പിണറായി ഭരിക്കുന്നു അപ്പോഴാണ് വോട്ടർപട്ടികയും എസ്.ഐ.ആറുമെല്ലാം അട്ടിമറിച്ച് 102 സീറ്റുമായി താൻ ഇവിടെ ഇരിക്കുന്നതെന്ന് പരിഹസിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ.
എസ്.ഐ.ആർ അട്ടിമറിച്ചതിനാലാണ് പിണറായി സർക്കാർ പരാജയപ്പെട്ടതെന്ന സി.ജെ.പി ആരോപണം ഉയർത്തി സി.പി.എം നേതാക്കൾ നടത്തുന്ന പ്രചാരണങ്ങളോട് വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ബി.ജെ.പിക്ക് ജയിക്കേണ്ട സംസ്ഥാനങ്ങളിലാണ് അവർ എസ്.ഐ.ആറിൽ തിരിമറി നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.