കെ.എസ്.ആര്‍.ടി.സി: ജീവനക്കാര്‍ക്കുള്ള ഇന്‍സെന്‍റീവ് ബാറ്റ 10 മുതല്‍ 50 ശതമാനം വരെ വര്‍ധിപ്പിച്ചു

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍-ഡ്രൈവര്‍മാര്‍ക്കുള്ള  ഇന്‍സെന്‍റീവ് ബാറ്റ 10 ശതമാനം മുതല്‍ 50 ശതമാനം വരെ വര്‍ധിപ്പിച്ചു. സിറ്റി സര്‍വിസ്, ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ് തുടങ്ങി വിവിധ സ്ളാബുകള്‍ അടിസ്ഥാനപ്പെടുത്തിയുള്ള ആനുകൂല്യ വര്‍ധന തിങ്കളാഴ്ച പ്രാബല്യത്തില്‍ വന്നു. ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ആത്മവിശ്വാസവും സേവനസന്നദ്ധതയും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ട്രേഡ് യൂനിയനുകളുമായി ചര്‍ച്ച നടത്തിയശേഷമാണ് വര്‍ധന നടപ്പാക്കിയത്.  കെ.യു.ആര്‍.ടി.സിയില്‍ വര്‍ധന ബാധകമാവില്ല.  

കഴിഞ്ഞ ആറുമാസത്തെ കലക്ഷന്‍ വിവരങ്ങള്‍ ശേഖരിക്കുകയും ഇതില്‍നിന്ന് ശരാശരി കണ്ടത്തെി ടാര്‍ജറ്റായി നിശ്ചയിക്കുകയുമായിരുന്നു. നിശ്ചയിച്ച ടാര്‍ജറ്റിന് മുകളില്‍ ലഭ്യമാകുന്ന വരുമാനത്തിന്‍െറ 20 ശതമാനം ഫാസ്റ്റ് പാസഞ്ചറുകള്‍ മുതല്‍ മുകളിലേക്കുള്ള സര്‍വിസുകള്‍ക്കും 30 ശതമാനം ഫാസ്റ്റ് പാസഞ്ചറിന് താഴെയുള്ള സര്‍വിസുകള്‍ക്കും അധിക ഇന്‍സെന്‍റീവ് ബാറ്റയായി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും തുല്യമായി വീതിക്കും.

സാധാരണ ചാര്‍ജ് വര്‍ധന സമയത്താണ് ഇന്‍സെന്‍റീവ് ബാറ്റ വര്‍ധിപ്പിക്കുന്നതെങ്കിലും ട്രേഡ് യൂനിയനുകളുടെ ആവശ്യത്തെ തുടര്‍ന്നാണ് നടപടി. സിറ്റി ഓര്‍ഡിനറി സര്‍വിസുകള്‍ക്ക് 6000 ഉം, സിറ്റി ഫാസ്റ്റ് സര്‍വിസുകള്‍ക്കും മൊഫ്യൂസല്‍ ഓര്‍ഡിനറി സര്‍വിസുകള്‍ക്കും 7000 ഉം ഫാസ്റ്റ് പാസഞ്ചര്‍, ലിമിറ്റഡ് സ്റ്റോപ് എന്നിവയില്‍ 12000 ഉം സൂപ്പര്‍ ഫാസ്റ്റ് സര്‍വിസുകളില്‍ 28000 ഉം രൂപയുടെ കലക്ഷനാണ് ഇന്‍സെന്‍റീവ് ബാറ്റക്കുള്ള ഏറ്റവും കുറഞ്ഞ മാനദണ്ഡം.

സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ 112 രൂപയില്‍ തുടങ്ങി 382 വരെയും ഫാസ്റ്റ് പാസഞ്ചറുകളില്‍ 96 രൂപ മുതല്‍ 307 വരെയും മൊഫ്യൂസല്‍ ഓര്‍ഡിനറി സര്‍വിസുകളില്‍ 70 രൂപ മുതല്‍ 268 രൂപവരെയുമാണ് ബാറ്റ.  സിറ്റി ഓര്‍ഡിനറിയില്‍ 60 രൂപ മുതല്‍ 303 വരെയും സിറ്റി ഫാസ്റ്റുകളില്‍ 70 മുതല്‍ 272 രൂപ വരെയുമാണ്  ഇന്‍സെന്‍റീവ് ബാറ്റയായി ലഭിക്കുക.

പുതിയ പ്രഖ്യാപനം കെ.എസ്.ആര്‍.ടി.സിയുടെ കലക്ഷന്‍ വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. പഴയ സ്ളാബ് പ്രകാരം പ്രതിമാസം രണ്ടരക്കോടി രൂപവരെ ഇന്‍സെന്‍റീവ് ബാറ്റ ഇനത്തില്‍ കെ.എസ്.ആര്‍.ടി.സി നല്‍കുന്നുണ്ട്.  ലോ ഫ്ളോര്‍ എ.സി, നോണ്‍ എ.സി ബസുകളിലെ ജീവനക്കാര്‍ക്ക് ഒരു ടിക്കറ്റിന് പത്ത് പൈസ ബാറ്റയായി ലഭിക്കുന്നത് തുടരും.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.