വിജിലന്‍സ് ചമഞ്ഞ് തട്ടിപ്പ്: അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ പാറപ്പുറത്ത് പാളി സിദ്ദീഖിന്‍െറ വീട്ടില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കവര്‍ച്ച നടത്തിയ സംഭവത്തില്‍ കസ്റ്റഡിയിലുള്ള പ്രതികളിൽ രണ്ടു പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഹാലിം, ഷംനാദ് എന്നീ പ്രതികളുടെ അറസ്റ്റാണ് രേഖപ്പെടുത്തുക. ഇവരിൽ ചോദ്യം ചെയ്തതിൽ നിന്ന് സ്വർണത്തെ കുറിച്ചും പ്രതികൾ സഞ്ചരിച്ച വാഹനത്തെ കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ വൈകീട്ട് കോടതിയിൽ ഹാജരാക്കും.

കേസില്‍ നേരിട്ട് ബന്ധമില്ലാത്ത മൂന്നു പേര്‍ക്കെതിരെ കേസെടുത്ത ശേഷം ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കി പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഇവരുടെ സാന്നിധ്യത്തില്‍ മറ്റുള്ളവരെ ബുധനാഴ്ച ചോദ്യം ചെയ്തതായാണ് വിവരം. 14 പേരാണ് കേസിലെ പ്രതികള്‍. ഇതില്‍ നാലുപേര്‍ കവര്‍ച്ച ആസൂത്രണം ചെയ്തവരും നേതൃത്വം നല്‍കിയവരുമാണ്.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് സിദ്ദീഖ് ജുമുഅ നമസ്കാരത്തിന് പോയ സമയത്താണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് എട്ടംഗ സംഘം വീട്ടില്‍ കയറിയത്. ഈ സമയത്ത് സിദ്ദീഖിന്‍െറ ഭാര്യയും മകളുമാണ് ഉണ്ടായിരുന്നത്. പള്ളിയില്‍നിന്ന് സിദ്ദീഖ് വന്നശേഷവും തൃശൂരില്‍നിന്ന് വന്ന ഉദ്യോഗസ്ഥരാണെന്ന വ്യാജേന പരിശോധന തുടര്‍ന്നു. സംഘത്തില്‍ ഒരാള്‍ പൊലീസ് വേഷത്തിലായിരുന്നു.

പരിശോധനക്കു ശേഷം പുറത്തിറങ്ങിയ സംഘം അവര്‍ എത്തിയ ഇന്നോവ കാറിലേക്ക് കയറുന്നതിനിടെ സ്വര്‍ണം സൂക്ഷിച്ചിരുന്ന ബാഗ് സിദ്ദീഖിന്‍െറ ശ്രദ്ധയില്‍പെട്ടു. 60 പവന്‍ സ്വര്‍ണം, 25,000രൂപ, രണ്ട് മൊബൈല്‍ ഫോണ്‍, ബൈക്കിന്‍െറ താക്കോല്‍ എന്നിവയുമായാണ് ഇവര്‍ കടന്നത്. കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലായ സിദ്ദീഖ് സംഘത്തിന്‍െറ പിറകെ ഓടിയെങ്കിലും രക്ഷപ്പെട്ടു. മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടതിനാല്‍ പൊലീസില്‍ വിവരം അറിയിക്കാന്‍ വൈകി. പിന്നീട് അയല്‍വാസിയുടെ ഫോണില്‍നിന്നാണ് വിവരം അറിയിച്ചത്.

റൂറല്‍ എസ്.പി ഉണ്ണിരാജയുടെ നേതൃത്വത്തില്‍ ഡിവൈ.എസ്.പി സുദര്‍ശനന്‍, സി.ഐ ബിജു പൗലോസ്, എസ്.ഐ പി.എ. ഫൈസല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.