തൃശൂര്‍: എ.ഐ.എസ്.എഫ് 80ാം വാര്‍ഷികാഘോഷങ്ങളുടെ സമാപന സമ്മേളനം തൃശൂര്‍ ടാഗോര്‍ സെന്‍റിനറി ഹാളില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചെറുപ്പക്കാര്‍ മാത്രമല്ല, തങ്ങളെ പരിരക്ഷിക്കുമെന്ന് പ്രത്യാശിച്ച് അധികാരത്തിലേറ്റിയ സാധാരണക്കാര്‍ പോലും നരേന്ദ്രമോദിയില്‍ നിന്ന് തിരിഞ്ഞുനടക്കുകയാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. അധികാരത്തിന് ശേഷം ഇതുവരെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ 864 സീറ്റുകളില്‍ മത്സരിച്ച ബി.ജെ.പിക്ക് 500ഓളം സീറ്റുകളില്‍ കെട്ടിവെച്ച പണം നഷ്ടമായത് ഇതിന്‍െറ തെളിവാണ്. കെട്ടിവച്ച കാശ് സര്‍ക്കാറിന് സംഭാവന ചെയ്ത് ശീലമുള്ളവരാണ് കമ്യൂണിസ്റ്റുകാരെങ്കിലും ഭരണത്തിലിരിക്കുന്നവര്‍ക്ക് ഇത്രയേറെ സീറ്റില്‍ ഇങ്ങിനെ പരാജയം സംഭവിക്കുന്നത് പുതുമയാണ്. സര്‍ക്കാര്‍ തുടരുന്ന നയത്തിനോടുള്ള ജനങ്ങളുടെ എതിര്‍പ്പാണിതെന്ന് കാനം അഭിപ്രായപ്പെട്ടു.
പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങളിലടക്കം ഇടപെട്ട് പ്രതികരിക്കാനും പ്രക്ഷോഭം നയിക്കാനും എന്നും മുന്നിട്ട് നില്‍ക്കുന്നത് രാജ്യത്തെ ചെറുപ്പക്കാരാണ്. നരേന്ദ്രമോദിയും അദ്ദേഹത്തിന്‍്റെ സര്‍ക്കാരും ഒരു പ്രത്യേക ദിശയിലേക്ക് സഞ്ചരിക്കാന്‍ തുടങ്ങിയതോടെയാണ് ചെറുപ്പക്കാര്‍ സംഘടിക്കാന്‍ തുടങ്ങിയത്. പാര്‍ശ്വവത്കരിക്കപ്പെടുന്നവരുടെ പ്രശ്നങ്ങള്‍ എല്ലാം സര്‍ക്കാര്‍ അവഗണിച്ചുകൊണ്ടിരിക്കുന്നു. ജെ.എന്‍.യു സമരത്തിന് ശേഷം രാജ്യത്തെ ചെറുപ്പക്കാര്‍ ശ്രദ്ധാകേന്ദ്രമായി മാറിയതും നേതാവായി കനയ്യകുമാര്‍ ഉയര്‍ത്തപ്പെട്ടതുമെല്ലാം മോദിയുടെ നിലപാടില്‍ നിന്നാണ്. വിദ്യാര്‍ത്ഥി സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്നിടത്ത് ഭരണകൂടം വളര്‍ത്തുന്നത് തീവ്രവാദ പ്രസ്ഥാനങ്ങളെയും മയക്കുമരുന്ന് മാഫിയകളെയുമാണെന്നും കാനം പറഞ്ഞു. എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് വി. വിനില്‍ അധ്യക്ഷത വഹിച്ചു.
ദേശീയ ജനറല്‍ സെക്രട്ടറി വിശ്വജിത്ത്കുമാര്‍, എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. പി. രാജേന്ദ്രന്‍, മന്ത്രി വി. എസ്. സുനില്‍കുമാര്‍, എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി കെ രാജന്‍ എം.എല്‍.എ, സംസ്ഥാന പ്രസിഡന്‍റ് ജി. കൃഷ്ണപ്രസാദ്, കേരള മഹിളാസംഘം സംസ്ഥാന സെക്രട്ടറി അഡ്വ.പി. വസന്തം, എ.ഐ.എസ്.എഫ് ജെ.എന്‍.യു നേതാക്കളായ മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ, അപരാജിത രാജ, സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരന്‍, സി.പി.ഐ ജില്ലാ സെക്രട്ടറിയും സംഘാടക സമിതി ചെയര്‍മാനുമായ കെ. കെ. വത്സരാജ്, എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി ശ്യാല്‍ പുതുക്കാട് എന്നിവര്‍ സംസാരിച്ചു. സമ്മേളനം വെള്ളിയാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.