നീതി തേടി സത്നംസിങ്ങിന്‍െറ പിതാവ് മുഖ്യമന്ത്രിയെ കണ്ടു


തിരുവനന്തപുരം: പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിയമവിദ്യാര്‍ഥി സത്നംസിങ്ങിന്‍െറ കുടുംബം നീതി തേടി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. മകന്‍െറ മരണത്തിനുത്തരവാദികളായവരെ നിയമത്തിനുമുന്നിലത്തെിക്കുന്നതില്‍ അന്വേഷണ ഏജന്‍സികള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ടാണ് സത്നംസിങ്ങിന്‍െറ പിതാവ് ഹരീന്ദ്രകുമാര്‍സിങ് മുഖ്യമന്ത്രിയെ കണ്ടത്.
വ്യാഴാഴ്ച രാവിലെ ഒമ്പതുമുതല്‍ ഉച്ചക്ക് ഒന്നുവരെ സെക്രട്ടേറിയറ്റ് പടിക്കല്‍ ധര്‍ണ നടത്തിയ ശേഷമാണ് അദ്ദേഹം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. കേസ് പരിശോധിച്ചശേഷം ഉചിത നടപടി കൈക്കൊള്ളുമെന്നും നീതി ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. 2012 ആഗസ്റ്റ് നാലിന് കൊല്ലം വള്ളിക്കാവിലെ അമൃതാനന്ദമയി മഠത്തില്‍നിന്ന് പൊലീസ് പിടിച്ചുകൊണ്ടുപോയ ബിഹാര്‍ സ്വദേശി സത്നംസിങ് പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ കൊല്ലപ്പെടുകയായിരുന്നു.

ആരാധനക്കിടെ അമൃതാനന്ദമയിയുടെ അടുത്തേക്ക് ഓടിയത്തെിയ യുവാവിനെ സുരക്ഷാഗാര്‍ഡുകള്‍ പിടികൂടി കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലത്തെിക്കുകയായിരുന്നു. 18 മണിക്കൂറിനുശേഷം പിറ്റേദിവസം രാത്രി ഏഴോടെയാണ് കോടതിയില്‍ ഹാജരാക്കിയത്. തുടര്‍ന്ന് രാത്രി 11ഓടെ കൊല്ലം ജില്ലാ ആശുപത്രിയിലും അടുത്തദിവസം പുലര്‍ച്ചെ പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലും പ്രവേശിപ്പിച്ചു. ഇവിടെവെച്ചുണ്ടായ കൊടിയ മര്‍ദനത്തിലാണ് സത്നംസിങ് കൊല്ലപ്പെട്ടത്. അമൃതാനന്ദമയിമഠത്തെ അന്വേഷണത്തില്‍നിന്ന് ഒഴിവാക്കി പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രം മാത്രം കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. ആശുപത്രി വാര്‍ഡനും അറ്റന്‍ഡര്‍ക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തു. കേസില്‍ മറ്റ് ചില അന്തേവാസികളെ പിടികൂടുകയും ചെയ്തു. മാനസികാരോഗ്യകേന്ദ്രത്തില്‍ കൊണ്ടുവന്നപ്പോള്‍തന്നെ സത്നംസിങ് അവശനായിരുന്നെന്ന് ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. എന്നാലിതെല്ലാം അവഗണിക്കപ്പെടുകയായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.