ഉഷ്ണതരംഗം: പരിഭ്രാന്തിവേണ്ട;  എങ്കിലും സൂക്ഷിക്കണം

തിരുവനന്തപുരം: കടുത്തവേനലും ഉഷ്ണതരംഗവും കാരണം വടക്കന്‍ സംസ്ഥാനങ്ങളില്‍ മരണസംഖ്യ വര്‍ധിക്കുകയും കേരളത്തില്‍ സംശയാസ്പദമായ ചില മരണങ്ങളുണ്ടാകുകയും ചെയ്ത സാഹചര്യത്തില്‍ മുന്‍കരുതല്‍ എടുക്കണമെന്ന് സ്റ്റേറ്റ് എമര്‍ജന്‍സി ഓപറേഷന്‍ സെന്‍റര്‍ മേധാവിയും മെംബര്‍ സെക്രട്ടറിയുമായ ഡോ. ശേഖര്‍ എല്‍. കുര്യാക്കോസ് പറഞ്ഞു. ബിഹാര്‍, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ പകല്‍ പാചകം നിരോധിക്കുന്നതടക്കമുള്ള മുന്‍കരുതല്‍ എടുത്തിട്ടുണ്ടെങ്കിലും നിലവിലെ അവസ്ഥയില്‍ സംസ്ഥാനത്തെ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്ന് അദ്ദേഹം പറഞ്ഞു. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മണ്ണിന്‍െറ ആഴങ്ങളില്‍ കത്തിക്കൊണ്ടിരിക്കുന്ന കല്‍ക്കരിയുടെ സാന്നിധ്യമുണ്ട്. അതുകൊണ്ടാണ് വേനലില്‍ അവിടെ ചൂട് കൂടുന്നത്. കൂടാതെ, കേരളത്തെ അപേക്ഷിച്ച് മരവും പച്ചപ്പും കുറവാണ്. ഭൂരിപക്ഷം വീടുകളും തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍കൊണ്ട് നിര്‍മിച്ചവയുമാണ്. പുറത്തുവെച്ചാണ് പാചകം. ഈ സാഹചര്യം പരിഗണിച്ചാണ് ഈ സംസ്ഥാനങ്ങളില്‍ മുന്‍കരുതലെടുക്കുന്നത്. 

കേരളത്തില്‍ ഇത്ര മുന്‍കരുതല്‍ ആവശ്യമില്ളെങ്കിലും പ്രായമായവരും കുട്ടികളും രോഗികളും ശ്രദ്ധിക്കണം. കുടചൂടി നടക്കാന്‍ മടിക്കരുത്. ദാഹം തോന്നുമ്പോഴെല്ലാം വെള്ളം കുടിക്കണം. രോഗികളും പ്രായമുള്ളവരും ഒ.ആര്‍.എസ് ലായനി കരുതുന്നത് നന്നായിരിക്കും. മദ്യപാനം നിര്‍ജലീകരണം സൃഷ്ടിക്കും. സംസ്ഥാനത്ത് ഇപ്പോഴുണ്ടായ മരണങ്ങള്‍ സൂര്യാതപം മൂലമാണെന്ന് കൃത്യമായി പറയാന്‍ കഴിയില്ല. പോസ്റ്റ്മോര്‍ട്ടം പോലുള്ള സൂക്ഷ്മമായ പരിശോധനയിലേ അത് സ്ഥിരീകരിക്കാനാവൂ. വെയിലുകൊണ്ടാലുള്ള ക്ഷീണവും തലവേദനയും തൊലിപ്പുറത്തെ പൊള്ളലുമൊന്നും പലപ്പോഴും മാരകമല്ല. രോഗികളും ശരീരത്തില്‍ നിര്‍ജലീകരണത്തിന് മറ്റ് സാധ്യതകളുള്ളവരുമാണ് ചൂടുമൂലം മരിക്കുന്നത്. അതുകൊണ്ട് നിര്‍ജലീകരണം വരാതെ സൂക്ഷിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പഞ്ഞു. 

കന്നുകാലികള്‍ ചാകുന്നു
തേവലക്കര: വേനല്‍ച്ചൂട് സഹിക്കാനാകാതെ ചവറയുടെ വിവിധ ഭാഗങ്ങളില്‍ കന്നുകാലികള്‍ കൂട്ടത്തോടെ ചാകുന്നു. തേവലക്കര പാലയ്ക്കല്‍ കൂഴംകുളങ്ങര വീട്ടില്‍ രാമന്‍കുട്ടിപ്പിള്ളയുടെ  എട്ടുമാസം ഗര്‍ഭിണിയായ പശു വെള്ളിയാഴ്ച രാവിലെ തളര്‍ന്നുവീണ് ചത്തു. രാവിലെ വെള്ളം കുടിച്ച പശുവിനെ വീട്ടുകാര്‍ പുരയിടത്തിലെ മരച്ചുവട്ടില്‍ കെട്ടിയിരുന്നതാണ്. ഒമ്പതോടെ കുഴഞ്ഞുവീണ് ചാകുകയായിരുന്നെന്ന് വീട്ടുകാര്‍ പറഞ്ഞു. പാലയ്ക്കല്‍ മാമ്പഴത്തറ കിഴക്കതില്‍ ഷരീഫിന്‍െറ പശു, പാലയ്ക്കല്‍ കാരാളച്ചംമൂട്ടില്‍ ശോഭയുടെ പശു, മുകുന്ദപുരം സ്വദേശി ബദറിന്‍െറ ഗര്‍ഭിണിപ്പശു, ചോല കൊച്ചുമണപ്പുഴയില്‍ സലീമിന്‍െറ പശു എന്നിവയും കഴിഞ്ഞദിവസങ്ങളില്‍ ചത്തിരുന്നു. പന്മന, ചവറ, തേവലക്കര ഭാഗങ്ങളിലായി പത്തോളം കന്നുകാലികളാണ് ഇതുവരെ ചത്തത്. 

ഗൃഹനാഥന്‍െറ മരണം സൂര്യാതപമേറ്റല്ളെന്ന്
പത്തനാപുരം: പട്ടാഴി സ്വദേശിയായ വയോധികന്‍െറ മരണം സൂര്യാതപമേറ്റല്ളെന്നും ന്യുമോണിയ ബാധിച്ചാണെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട്. പട്ടാഴി മീനം രാമാട്ട് വീട്ടില്‍ ബാലകൃഷ്ണനാചാരിയാണ് (72) മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ വീടിന് സമീപം കുഴഞ്ഞുവീണ ബാലകൃഷ്ണനാചാരിയെ സമീപവാസികള്‍ ചേര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചായലോട് സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലത്തെിച്ച ശേഷം അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍ ഉണ്ടായിരുന്നതാണ് സൂര്യാതപമാണെന്ന സംശയത്തിലേക്ക് എത്തിച്ചത്. എന്നാല്‍, ബോധക്ഷയം ഉണ്ടായി ദീര്‍ഘനേരം വെയിലത്ത് കിടന്നതാണ് പൊള്ളലേല്‍ക്കാന്‍ കാരണം. 

പീരുമേട്ടില്‍ രണ്ടുപേര്‍ക്ക് സൂര്യാതപമേറ്റു
പീരുമേട്: സൂര്യാതപത്താല്‍ തോട്ടം തൊഴിലാളികളായ രണ്ടുപേര്‍ക്ക് പൊള്ളലേറ്റു. ഗ്രാമ്പി തോട്ടത്തിലെ തൊഴിലാളികളായ വിക്രമന്‍ (34), രാജന്‍ (60) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്്. ശനിയാഴ്ച ഉച്ചക്ക് 12 ഓടെയാണ് തേയിലത്തോട്ടത്തില്‍ ജോലിചെയ്യുന്നതിനിടെ പുറത്ത് പൊള്ളലേറ്റ് പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ പ്രാഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു. 
തോട്ടം തൊഴിലാളികള്‍ക്ക് സൂര്യാതപമേറ്റതോടെ താലൂക്കിലെ നൂറുകണക്കിന് തോട്ടം തൊഴിലാളികള്‍ ഭീതിയിലാണ്. നിരവധി തൊഴിലാളികളാണ് വെയിലത്ത് കൊളുന്ത് നുള്ളുന്നത്. രാവിലെ 11 മുതല്‍ മൂന്നുവരെ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും കടുത്ത വെയിലില്‍ മുന്‍കരുതലില്ലാതെ തോട്ടം തൊഴിലാളികള്‍ ജോലിചെയ്യുന്നതും തുടരുകയാണ്. വെയിലില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് കുടിവെള്ളം നല്‍കാനും മാനേജ്മെന്‍റുകള്‍ തയാറായിട്ടില്ല. 

കെട്ടിടനിര്‍മാണതൊഴിലാളിക്ക് സൂര്യാതപമേറ്റു
പുനലൂര്‍: കെട്ടിടനിര്‍മാണതൊഴിലാളിക്ക് സൂര്യാതപമേറ്റു. ഒറ്റക്കല്‍ റെയില്‍വേ സ്റ്റേഷന് സമീപം സുമവിലാസത്തില്‍ ഓമനക്കുട്ടനാണ് (38) സൂര്യാതപമേറ്റ് വയര്‍, തോള്‍ ഭാഗങ്ങള്‍ പൊള്ളിയടര്‍ന്നത്. പിറവന്തൂരില്‍ കെട്ടിടംപണിക്കിടെ ഉച്ചയോടെ ഓമനക്കുട്ടന് അസ്വസ്ഥത അനുഭവപ്പെട്ടെങ്കിലും കാര്യമാക്കിയില്ല. വൈകീട്ട് വീട്ടിലത്തെിയപ്പോഴാണ് വയറിലും മറ്റും കരുവാളിപ്പും തൊലി അടര്‍ന്ന നിലയിലും കണ്ടത്. പുനലൂരിലെ ആശുപത്രിയില്‍ ചികിത്സ തേടി. 


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.