മലപ്പുറം കോട്ടക്കലിൽ വാഹനാപകടത്തിൽ നാല്​ മരണം

കോട്ടക്കല്‍ (മലപ്പുറം)/ചൊക്ളി: ദേശീയപാതയില്‍ എടരിക്കോടിന് സമീപം പാലച്ചിറമാട്ട് നിയന്ത്രണംവിട്ട കണ്ടെയ്നര്‍ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് മൂന്നു സഹോദരങ്ങളടക്കം നാലുപേര്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ ചൊക്ളി കല്ലുംകൂല്‍താഴെ ‘ബൈത്തുല്‍ മുബാറക്കി’ല്‍ മഹ്റൂഫ്-ഷഹീദ ദമ്പതികളുടെ മക്കളായ ശംസീര്‍ (26), ഫൈസല്‍ (24), പര്‍വേസ് (19), അയല്‍വാസി ‘ബൈത്തുല്‍ അറഫ’യില്‍ പോക്കര്‍-നഫീസ ദമ്പതികളുടെ മകന്‍ സി.കെ. ശംസീര്‍ (29) എന്നിവരാണ് മരിച്ചത്.  

ശനിയാഴ്ച പുലര്‍ച്ചെ 2.30ഓടെയായിരുന്നു അപകടം. മഹ്റൂഫ്, ഇളയ മകന്‍ മര്‍ഷാദ്, സുഹൃത്ത് ഷിനോജ്, കാര്‍ ഡ്രൈവര്‍ നൗഫല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കിയശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവര്‍ നൗഫലിന്‍െറ നില ഗുരുതരമാണ്. മര്‍ഷാദിന് കാലിനാണ് പരിക്ക്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ഫര്‍ണിച്ചര്‍ നിര്‍മാണത്തിനുള്ള ഷീറ്റുകളുമായി ജാംഷഡ്പൂരില്‍നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു ലോറി. ഒരേ ദിശയിലേക്ക് പോവുകയായിരുന്നു ഇരുവാഹനങ്ങളും. 

പാലച്ചിറമാട്ടത്തെിയപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട ലോറിയുടെ പിറകിലെ കണ്ടെയ്നര്‍ ഭാഗം കാറില്‍ ഇടിക്കുകയായിരുന്നു. ഇതോടെ ദിശതെറ്റി ഈ ഭാഗം കാറിന് മുകളില്‍ വീണു. കാബിനില്‍നിന്ന് വേര്‍പെട്ട കണ്ടെയ്നര്‍ സമീപത്തെ താഴ്ചയുള്ള പറമ്പിലേക്ക് മറിയുകയും ചെയ്തു. കാറിന്‍െറ വലതുഭാഗത്തിരുന്നവരാണ് മരിച്ചത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മരിച്ചവരെയും പരിക്കേറ്റവരെയും പുറത്തെടുക്കാനായത്. മൂന്നുപേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. സൗദിയില്‍ ജോലി ചെയ്യുന്ന ശംസീറിനെ വിമാനത്താവളത്തില്‍നിന്ന് യാത്രയാക്കാന്‍ തിരിച്ചതായിരുന്നു പിതാവ് മഹ്റൂഫും സഹോദരങ്ങളും സുഹൃത്തുക്കളും. മരിച്ച സഹോദരങ്ങളായ ശംസീര്‍, ഫൈസല്‍ എന്നിവരുടെ വിവാഹം രണ്ടുമാസം മുമ്പാണ് കഴിഞ്ഞത്. നേരത്തെ പെരിങ്ങത്തൂരിലും മറ്റും കര്‍ട്ടണ്‍ ജോലിയിലേര്‍പ്പെട്ട ഫൈസല്‍ പിന്നീട് ദുബൈയിലായിരുന്നു. 


ചൊക്ളി ടൗണിലെ പെന്‍ഗ്വിന്‍ കിഡ്സ് ഷോറൂമില്‍ ജീവനക്കാരനാണ് പര്‍വേസ്. ആലുവയിലെ ഫാന്‍സി കടയുടെ പാര്‍ട്ണറും ജീവനക്കാരനുമാണ് മരിച്ച അയല്‍വാസിയായ സി.കെ. ശംസീര്‍. ഫൈസലിന്‍െറ ഭാര്യ: സാജിദ. ശംസീറിന്‍െറ ഭാര്യ: നസ്മിന. സി.കെ. ശംസീറിന്‍െറ ഭാര്യ: സബ്ന.മൃതദേഹങ്ങള്‍ കോട്ടക്കല്‍, കല്‍പകഞ്ചേരി എസ്.ഐമാര്‍ ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ചൊക്ളി ഒ. ഖാലിദ് മെമ്മോറിയല്‍ ഇംഗ്ളീഷ് സ്കൂളില്‍ പൊതുദര്‍ശനത്തിനുവെച്ച ശേഷം കണ്ണോത്ത് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. മലപ്പുറം ജില്ലാ പൊലീസ് മേധാവി കെ. വിജയന്‍, ആര്‍.ടി.ഒ കെ. അജിത് കുമാര്‍ തുടങ്ങിയവര്‍ അപകടസ്ഥലവും മന്ത്രി കെ.പി. മോഹനന്‍ മരിച്ചവരുടെ വീടുകളും സന്ദര്‍ശിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.