കൊടും ചൂടിനിടെ സ്കൂളുകളില്‍ വെക്കേഷന്‍ ക്ളാസ്

കൊച്ചി: കൊടും ചൂടിനിടെ സംസ്ഥാനത്തെ സ്കൂളുകളില്‍ മേയ് ആദ്യവാരം  അവധിക്കാല ക്ളാസ് ആരംഭിക്കുന്നു. പുതിയ അധ്യയനവര്‍ഷത്തെ പത്താം ക്ളാസുകാര്‍ക്കും പന്ത്രണ്ടാം ക്ളാസുകാര്‍ക്കുമായി തുടങ്ങുന്ന ക്ളാസ് ആശങ്കയോടെയാണ് രക്ഷിതാക്കള്‍ കാണുന്നത്. എന്നാല്‍, ഇതില്‍ ഇടപെടാനോ നിലപാടെടുക്കാനോ കഴിയാതെ വിഷമിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്.

 കൊടും ചൂട് മൃഗങ്ങളുടെ ജീവന്‍ പോലും അപഹരിക്കുകയും നിരവധിപേര്‍ക്ക് സൂര്യാതപം ഏല്‍ക്കുകയും ചെയ്ത സാഹചര്യമാണ് രക്ഷിതാക്കളെ ആശങ്കയിലാക്കുന്നത്. തുടക്കത്തില്‍ പല സ്കൂളുകളിലും അവധിക്കാല ക്ളാസ് ഉച്ചവരെയെ ഉണ്ടാകാറുള്ളൂ. നട്ടുച്ചക്കാവും സ്കൂള്‍ വിട്ട് കുട്ടികള്‍ വീടുകളിലേക്ക് വരുക. പിന്നീട് എല്ലാ പീരിയഡും ക്ളാസെടുക്കുന്ന സ്ഥിയായാലും എരിപൊരിചൂടില്‍ കുട്ടികള്‍ ക്ളാസില്‍ ഇരിക്കേണ്ടിവരും. പല സ്കൂളുകളിലും ആവശ്യത്തിന് ഫാനില്ല.
അതേസമയം, അവധിക്കാല ക്ളാസുകളുടെ കാര്യത്തില്‍ ഒന്നും പറയാന്‍ പറ്റാത്ത നിലയിലാണ് വിദ്യാഭ്യാസ വകുപ്പ്.  നിയമപ്രകാരം അവധിക്കാല ക്ളാസുകള്‍ നടത്താള്‍ പാടില്ല. എന്നാല്‍, ഒരു അധ്യയന വര്‍ഷം 1000 മണിക്കൂര്‍ ക്ളാസ് ഉണ്ടായിരിക്കണമെന്നുമുണ്ട്. ഇത് ഏതാണ്ട് 200 പ്രവൃത്തിദിവസം വരും.
എന്നാല്‍, അവധി ക്ളാസുകള്‍ തുടങ്ങിയിട്ടും പല സ്കൂളുകളിലും പത്താം ക്ളാസുകാര്‍ക്കും പന്ത്രണ്ടാം ക്ളാസുകാര്‍ക്കും ഇത്രയും ക്ളാസ് ലഭിക്കാറില്ല. അവധികള്‍ക്കുപുറമെ ഹര്‍ത്താലുകളായും മറ്റും പലവിധത്തില്‍ ക്ളാസ് മുടങ്ങുന്നതുകൊണ്ടാണിത്. ഫെബ്രുവരി 28ന് അവരുടെ ക്ളാസ് തീരുകയും ചെയ്യും. 200 പ്രവൃത്തിദിവസം പൂര്‍ത്തീകരിക്കണമെന്നതിനെ അധ്യാപക സംഘടനകള്‍ തത്വത്തില്‍ അംഗീകരിച്ചിട്ടുമില്ളെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു.

അവധി ക്ളാസ് എടുക്കരുതെന്ന് പറഞ്ഞാല്‍, അത് കുട്ടികളുടെ പഠനത്തെ ബാധിക്കും. ചൂടിനെ പ്രതിരോധിക്കാന്‍ ഫാനും മറ്റു സൗകര്യങ്ങളും ഏര്‍പ്പെടുത്തണമെന്ന് പ്രധാനാധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയാല്‍ അത് നിയമവിരുദ്ധമായ അവധിക്ളാസിനെ അംഗീകരിക്കലുമാകും. ഈ സാഹചര്യത്തില്‍ ഇതൊന്നും അറിഞ്ഞ ഭാവം നടിക്കേണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍െറ അനൗദ്യോഗിക തീരുമാനം. ക്ളാസുകള്‍ നടത്തിയാലെ  പഠിപ്പിച്ചുതീര്‍ക്കാന്‍ സമയം കിട്ടൂവെന്ന് പ്രധാനാധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.