സ്കൂള്‍ പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നു

കല്‍പറ്റ: വയനാട്ടിലും മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിലും ചേളാരിയിലും സ്കൂള്‍ പരീക്ഷാചോദ്യപേപ്പറുകള്‍ ചോര്‍ന്നു. വയനാട്  തോമാട്ടുചാല്‍ ഗവ. ഹൈസ്കൂളില്‍ തിങ്കളാഴ്ച നടന്ന 10ാംക്ളാസ് ഹിന്ദി ആദ്യപാദ പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോര്‍ന്നത്. മലയാളം സെക്കന്‍ഡ് പേപ്പറില്‍ ഇന്ന് നടക്കേണ്ട ഹിന്ദി പരീക്ഷയുടെ ചോദ്യങ്ങള്‍ അച്ചടിയിലെ പ്രശ്നങ്ങള്‍ കാരണം കയറിക്കൂടുകയായിരുന്നു.

തിങ്കളാഴ്ച ഒരു വിദ്യാര്‍ഥിക്ക് ലഭിച്ച മലയാളം സെക്കന്‍റ് പേപ്പറിന്‍െറ ചോദ്യക്കടലാസിന്‍െറ ആദ്യപേജില്‍ മലയാളത്തിന്‍െറ നാല് ചോദ്യവും രണ്ടും മൂന്നും പേജുകളിലായി ബുധനാഴ്ച നടക്കേണ്ട ഹിന്ദി പരീക്ഷയുടെ ഏഴ് ചോദ്യങ്ങളുമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം തോമാട്ടുചാല്‍ സ്കൂളില്‍ നടന്ന എട്ടാംതരത്തിന്‍െറ മലയാളം ചോദ്യപേപ്പറിലും ഹിന്ദി ചോദ്യങ്ങള്‍ കയറിക്കൂടിയിരുന്നു. തിങ്കളാഴ്ച നടന്ന അറബിക് പരീക്ഷയെഴുതാന്‍ 56 കുട്ടികളുണ്ടായിരിക്കെ ഒരു ചോദ്യപേപ്പര്‍ പോലും സ്കൂളില്‍ ലഭിച്ചിരുന്നില്ല. പിന്നീട് അമ്പലവയല്‍ ഗവ. ഹൈസ്കൂളില്‍നിന്ന് ചോദ്യപേപ്പറിന്‍െറ പകര്‍പ്പ് എടുത്താണ് 56 കുട്ടികള്‍ക്കും പരീക്ഷയെഴുതാന്‍ കഴിഞ്ഞത്. ഇതുമൂലം തിങ്കളാഴ്ച അറബിക് പരീക്ഷ 15 മിനിറ്റോളം വൈകി.

ചേളാരി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലും വളാഞ്ചേരി പൂളമംഗലം സൈനുദ്ദീന്‍ മെമോറിയല്‍ ഹൈസ്കൂളിലും ഒമ്പതാം ക്ളാസിലെ ഫിസിക്സ് ചോദ്യങ്ങളാണ് ചോര്‍ന്നത്. ചൊവ്വാഴ്ച ഒമ്പതാം ക്ളാസിലെ കണക്ക് പരീക്ഷയുടെ ചോദ്യപേപ്പറില്‍ ഇന്നു നടക്കേണ്ട ഫിസിക്സ് പരീക്ഷയുടെ ചോദ്യങ്ങളുണ്ടായിരുന്നു.

 വളാഞ്ചേരി പൂളമംഗലം സ്കൂളില്‍ വിദ്യാര്‍ഥികളാണ് അധ്യാപകരെ വിവരമറിയിച്ചത്. സ്കൂളിലത്തെിയ പേപ്പറുകളുടെ ഒരു കെട്ടിലാണ് ഇവ കണ്ടത്തെിയത്. തുടര്‍ന്ന് കൂടുതല്‍ പേപ്പറുകളത്തെിച്ച് പ്രശ്നം പരിഹരിച്ചു. വയനാട്ടില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് ഇന്ന് നടത്താനിരുന്ന 10ാം ക്ളാസ് ഹിന്ദി പരീക്ഷ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എന്നാല്‍ ഒമ്പതാം ക്ളാസിന്‍െറ ഇന്ന് നടക്കുന്ന ഫിസിക്സ് പരീക്ഷയില്‍ മാറ്റമില്ല. ഈ ചോദ്യപേപ്പര്‍ പുറത്തുപോകാത്തതിനാല്‍ പരീക്ഷ മാറ്റമില്ലാതെ നടത്തും.

പരാതികള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.