തൃശൂര്‍: ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് കൊല്ലപ്പെട്ട കേസിന്‍െറ വിചാരണ ഒക്ടോബര്‍ 26ന് തുടങ്ങും. നവംബര്‍ ഏഴ് വരെ ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ. നവംബര്‍ 30ന് വിധി പറയുന്ന വിധത്തിലാണ് സാക്ഷി വിസ്താരവും വിചാരണയും ക്രമീകരിക്കുന്നത്.
ചൊവ്വാഴ്ച കേസ് പരിഗണിച്ച കോടതി നേരത്തെ പ്രതിഭാഗം ഉന്നയിച്ച ആക്ഷേപങ്ങളും ഹൈകോടതി നിര്‍ദേശ പ്രകാരം കുറ്റപത്ര അനുബന്ധ രേഖകളും പോസ്റ്റ്മോര്‍ട്ടം വീഡിയോ ദൃശ്യങ്ങളും വിട്ടുനല്‍കുന്നത് അടക്കമുള്ള കാര്യങ്ങളും തീര്‍പ്പാക്കി. ജഡ്ജി കെ.പി. സുധീറാണ് വാദം കേള്‍ക്കുന്നത്. ഒന്ന് മുതല്‍ 11 വരെ സാക്ഷികളുടെ വിസ്താരം ആദ്യത്തെ അഞ്ച് ദിവസം കൊണ്ട് പൂര്‍ത്തിയാക്കണം. ആകെ 108 സാക്ഷികളുണ്ട്. ദിവസവും ഉച്ചകഴിഞ്ഞ് കോടതി ചേരുന്നത് മുതല്‍ വൈകീട്ട് അഞ്ച് വരെയാകും വിസ്താരം. വിചാരണ നവംബറിലേക്ക് നീട്ടണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് സമയത്ത് സുരക്ഷാ ക്രമീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് അസൗകര്യമാകുമെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ എതിര്‍ത്തു.
ചൊവ്വാഴ്ച കേസ് പരിഗണിച്ച ഉടന്‍ നിസാമിന്‍െറ അപേക്ഷ പ്രകാരം കോടതി പരിസരത്ത് പൊലീസ് സാന്നിധ്യത്തില്‍ ബന്ധുക്കളുമായി അരമണിക്കൂര്‍ സംസാരിക്കാന്‍ അനുമതി നല്‍കി. കഴിഞ്ഞ മാസം 24ന് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വാദം പൂര്‍ത്തിയായി. കാപ്പ ചുമത്തിയ സാഹചര്യം നിലനില്‍ക്കുന്നുവെന്നും ഈ മാസം 11ന് കാപ്പ കാലാവധി പൂര്‍ത്തിയാകാനിരിക്കെ ജാമ്യം അനുവദിക്കുന്നത് ദോഷമാണെന്നും സ്പെഷല്‍ പ്രോസിക്യൂട്ടര്‍ വാദിച്ചു. വിചാരണ നാളുകളില്‍ ദിവസേന കോടതിയില്‍ ഹാജരാക്കേണ്ടതിനാല്‍ കാപ്പ കാലാവധി കഴിയുന്നതനുസരിച്ച് നിസാമിനെ കണ്ണൂര്‍ ജയിലില്‍ നിന്ന് വിയ്യൂരിലേക്ക് മാറ്റാമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. ഇക്കാര്യത്തിലും ജാമ്യാപേക്ഷയിലും ഈമാസം 11ന് വിധി പറയും. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സി.പി. ഉദയഭാനുവും പ്രതിഭാഗത്തിന് വേണ്ടി അഡ്വ. സുജേഷ് ബി. മേനോനും ഹാജരായി.
ജനുവരി 29നാണ് ചന്ദ്രബോസ് ആക്രമിക്കപ്പെട്ടത്. ചികിത്സയിലിരിക്കെ ഫെബ്രുവരി 16ന് മരിച്ചു. ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാര്‍, ആക്രമണം കണ്ട് ഓടിയത്തെിയ താമസക്കാര്‍ എന്നിവര്‍ പ്രധാന സാക്ഷികളില്‍ ഉള്‍പ്പെടുന്നു. സംഭവസമയം നിസാമിനൊപ്പം ഉണ്ടായിരുന്ന ഭാര്യ അമല്‍ 11ാം സാക്ഷിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.