കോട്ടയം: സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ അനുവദിക്കാന്‍ നഗരപരിധിയില്‍ 20 ഏക്കര്‍ സ്ഥലം ഒന്നിച്ച് ലഭ്യമല്ളെങ്കില്‍ ഭൂമി രണ്ടിടത്തായാലും അനുമതി നല്‍കാമെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്. പതിനഞ്ചും അഞ്ചും ഏക്കര്‍ വീതം രണ്ടു കാമ്പസായാലും അനുമതി നല്‍കാമെന്ന് സമിതി സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ അഞ്ചേക്കര്‍ അഡ്മിനിസ്ട്രേറ്റിവ് ബ്ളോക്കിനും 15 ഏക്കര്‍ അക്കാദമിക് ബ്ളോക്കിനും ഉപയോഗിക്കാമെന്നാണ് പ്രധാന ശിപാര്‍ശ. ഇതോടെ വിദഗ്ധ സമിതി റിപ്പോര്‍ട്ടിനെതിരെ ഉയരുന്ന ആക്ഷേപങ്ങള്‍ വസ്തുതാപരമാണെന്ന സൂചനകള്‍ പുറത്തുവന്നു തുടങ്ങി.
നഗരപരിധിയില്‍ 20 ഏക്കര്‍ ഭൂമി ഒന്നിച്ചുകിട്ടുന്നില്ളെങ്കിലും സ്വകാര്യ സര്‍വകലാശാലകള്‍ക്കായി മുന്നോട്ടുവരുന്നവരെ മടക്കി വിടരുതെന്ന ലക്ഷ്യം സമിതിക്കുണ്ടത്രേ. സര്‍ക്കാറിന്‍െറയും ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്‍െറയും സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി 80 ദിവസം കൊണ്ട് തട്ടിക്കൂട്ടിയ റിപ്പോര്‍ട്ടില്‍ അടിമുടി ദൂരൂഹതയുണ്ടെന്ന ആക്ഷേപം വീണ്ടും ശക്തമാകുകയാണ്. അതേസമയം, നഗരപരിധിയില്‍ അഞ്ചേക്കറും പുറത്ത് 15 ഏക്കറും ലഭ്യമാക്കിയാലും സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കാമെന്ന് സമിതി ശിപാര്‍ശ ചെയ്തിട്ടുണ്ടെന്ന് ചെയര്‍മാനും മുന്‍ എം.ജി വി.സിയുമായ ഡോ. സിറിയക് തോമസ് ‘മാധ്യമ’ത്തോട് പറഞ്ഞു.
വിദഗ്ധ സമിതി റിപ്പോര്‍ട്ട് സുതാര്യവും വിദ്യാഭ്യാസ വിചക്ഷണര്‍ അടക്കമുള്ളവരുമായി ചര്‍ച്ചനടത്തിയ ശേഷം തയാറാക്കിയതുമാണ്. റിപ്പോര്‍ട്ടില്‍ ദുരൂഹതകളില്ല. മൂന്നു മാസത്തിനിടെ മൂന്നിടത്ത് സിറ്റിങ് നടത്തി. നേരത്തേ ഒരു സിറ്റിങ് മാത്രമാണ് തീരുമാനിച്ചിരുന്നത്. കുറഞ്ഞ സമയത്തിനിടെ എ.കെ.പി.സി.ടി.എ-കേരള ഗവ. കോളജ് ടീച്ചേഴ്സ് അസോസിയേഷന്‍ നേതാക്കളുമായും എസ്.എഫ്.ഐ, കെ.എസ്.യു, എം.എസ്.എഫ് സംഘടനകളുമായും ചര്‍ച്ച നടത്തി. സ്വകാര്യ സര്‍വകലാശാല അഴിമതിമുക്തമായിരിക്കണമെന്ന് മാത്രമാണ് അവരെല്ലാം നിര്‍ദേശിച്ചത്.
പൂര്‍ണമായി അഴിമതി മുക്തമാകും സ്വകാര്യ സര്‍വകലാശാലകളെന്നും കോഴ്സ്-ഫീസ്-പാഠ്യപദ്ധതി എന്നിവ യു.ജി.സി മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചു വേണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു.സ്വകാര്യ സര്‍വകലാശാലകള്‍ സര്‍ക്കാര്‍ സര്‍വകലാശാലകള്‍ക്ക് ഭീഷണിയാവില്ല. എന്നാല്‍, ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മത്സരം വരുമെന്നും ഇതോടെ സര്‍ക്കാര്‍ സര്‍വകലാശാലകളുടെ നിലവാരം കൂടുതല്‍ ഉയരുമെന്നും സിറിയക് തോമസ് ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന് പുറത്ത് 207 സ്വകാര്യ സര്‍വകലാശാലകളുണ്ട്. ത്രിപുരയില്‍ രണ്ടും ബംഗാളില്‍ ആറും സ്വകാര്യ സര്‍വകലാശാലകള്‍ നന്നായി പ്രവര്‍ത്തിക്കുന്നു.കാര്യങ്ങള്‍ മനസ്സിലാക്കുമ്പോള്‍ ഗവര്‍ണര്‍ വിസിറ്ററും പുറമെ ചാന്‍സലറും വൈസ്ചാന്‍സലറും രണ്ടു പി.വി.സിമാരും ഉള്ള സ്വകാര്യസര്‍വകലാശാലകള്‍ക്കെതിരെ എതിര്‍പ്പ് ഇല്ലാതാകും. 80 പേജുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാറിന് കൈമാറിയത്.
കുറഞ്ഞ സമയം കൊണ്ട് തയാറാക്കിയ റിപ്പോര്‍ട്ടിനെതിരെ ആക്ഷേപം ഉന്നയിക്കുന്നത് ശരിയല്ല. മധുര കാമരാജ് സര്‍വകലാശാല വി.സി ഡോ. എന്‍.എ.എം. സാലിഹു, നുവാല്‍സ് മുന്‍ വി.സി ഡോ. കെ.എന്‍. ചന്ദ്രശേഖരന്‍ പിള്ള, മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ്, ലിഡ ജേക്കബ്, പ്രഫ. പി.ഒ.ജെ. ലബ്ബ, പ്രഫ. ജി. സത്യന്‍, പ്രഫ. സി.ഐ. അബ്ദുറഹ്മാന്‍ എന്നിവരായിരുന്നു സമിതി അംഗങ്ങളെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.