കോഴിക്കോട് വോട്ടെണ്ണൽ കേന്ദ്രത്തിലെ യു.ഡി.എഫ് പ്രവർത്തകർ -ചിത്രം: പി.സന്ദീപ്
കോഴിക്കോട്: കേരളത്തിലെമ്പാടും ഇടത് കോട്ടകൾ കുലുക്കിയ യു.ഡി.എഫ് കോഴിക്കോട് ജില്ലയിലും ഗ്രാമപഞ്ചായത്തുകളിൽ വിജയക്കൊടി പറത്തി. കോർപറേഷനിൽ ഭരണം കുത്തകയാക്കിയ എൽ.ഡി.എഫിനെ വിറപ്പിച്ച ഇഞ്ചോടിഞ്ച് പോരാട്ടം ഗ്രാമ പഞ്ചായത്തുകളിലും തുടർന്നു. കാൽനൂറ്റാണ്ടിനും അതിന് മുകളിലുമായി ഇടത് കുത്തകയാക്കി മാറ്റി പഞ്ചായത്തുകൾ യു.ഡി.എഫ് സ്വന്തമാക്കി.
2020 തദ്ദേശ തെരഞ്ഞെടുപ്പിൽ 42 പഞ്ചായത്തുകൾ എൽ.ഡി.എഫും, 25 പഞ്ചായത്തുകൾ യു.ഡി.എഫും സ്വന്തമാക്കിയപ്പോൾ, ഇത്തവണ തിരിച്ചടിച്ചു. 38 പഞ്ചായത്തുകളിൽ യു.ഡി.എഫ് ഭരിക്കും. എൽ.ഡി.എഫ് 27 സീറ്റുകളിൽ ഒതുങ്ങി. നാല് പഞ്ചായത്തുകളിൽ സീറ്റ് നില തുല്യമായതോടെ നറുക്കെടുപ്പിലൂടെ ഭരണസമിതി ആരെന്ന് തീരുമാനിക്കും.
50 വർഷമായി ഇടത് കുത്തകയായി ബാലുശ്ശേരി പഞ്ചായത്തിലെ അട്ടിമറിയാണ് ശ്രദ്ധേയം. ആറ് സീറ്റുകളിൽ എൽ.ഡി.എഫും രണ്ട് സീറ്റുകളിൽ എൻ.ഡി.എയും മൂന്ന് സീറ്റുകളിൽ സ്വതന്ത്ര സ്ഥാനാർഥികളും ജയിച്ചു.
ഷാഫി പറമ്പിലിന് പൊലീസ് മർദനം നേരിട്ടതിലൂടെ ശ്രദ്ധേയമായ പേരാമ്പ്ര പഞ്ചായത്തിലും 25 വർഷത്തെ കാത്തിരിപ്പിന് ശേഷം യു.ഡി.എഫ് ഭരണം പിടിച്ചു. ആകെ 21 വാർഡുകളിൽ 12 സീറ്റുകളിൽ യു.ഡി.എഫും, എട്ടിൽ എൽ.ഡി.എഫും ജയിച്ചു. ഒരു സീറ്റിൽ ബി.ജെ.പി അക്കൗണ്ട് തുറന്നു.
മറ്റൊരു ഇടത് കോട്ടയായ ചക്കിട്ടപ്പാറയിലും 25 വർഷത്തിനു ശേഷം യു.ഡി.എഫ് ഭരണം സ്വന്തമാക്കി. ആകെ 16 സീറ്റിൽ ഒമ്പതിടങ്ങളിൽ യു.ഡി.എഫും ഏഴ് സീറ്റിൽ എൽ.ഡി.എഫുമായി. കൂത്താളി പഞ്ചായത്തിൽ 20വർഷത്തിനു ശേഷം യു.ഡി.എഫ് വിജയം വരിച്ചു. ആകെ 14 വാർഡുകളിൽ പതത് സീറ്റിൽ യു.ഡി.എഫ് വിജയിച്ചു. രണ്ട് എൽ.ഡി.എഫും രണ്ട് സ്വതന്ത്രരും നേടി.
കാൽനൂറ്റാണ്ടായി ഇടത് കോട്ടയായ ചേമഞ്ചേരി, തൊട്ടടുത്തുള്ള ചെങ്ങോട്ട്കാവ് പഞ്ചായത്തുകളിലും യു.ഡി.എഫ് ഭരണം പിടിച്ചു. ചേമഞ്ചേരിയിൽ 21 വാർഡുകളിൽ 10 സീറ്റിൽ യു.ഡി.എഫ് ജയിച്ചു. ഒമ്പത് സീറ്റിൽ എൽ.ഡി.എഫും ഒരു സീറ്റിൽ ബി.ജെ.പിയും ജയിച്ചു.
ചെങ്ങോട്ട് കാവ് പഞ്ചായത്തിൽ 18ൽ ഒമ്പത് സീറ്റ് യു.ഡി.എഫ് ജയിച്ചു. എൽ.ഡി.എഫ് ആറിലും എൻ.ഡി.എ നാലിലും ഒതുങ്ങി.
30 വർഷമായി എൽ.ഡി.എഫ് കോട്ടയായി മാറിയ മൂടാടി പഞ്ചായത്തിലും യു.ഡി.എഫ് മികച്ച പ്രകടനം കാഴ്ചവെച്ച് ഒപ്പത്തിനൊപ്പമെത്തി. 10-10 എന്നാണ് കക്ഷിനില.
യു.ഡി.എഫ് വിജയം നേടിയ പഞ്ചായത്തുകൾ: ആയഞ്ചേരി, ബാലുശ്ശേരി, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, ചെക്യാട്, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, ചെറുവണ്ണൂർ, കാക്കൂർ, കട്ടിപ്പാറ, കായക്കൊടി, കിഴക്കോത്ത്, കോടഞ്ചേരി, കൊടിയത്തൂർ, കൂടരഞ്ഞി, കൂരാച്ചുണ്ട്, കൂത്താളി, കുന്നമംഗലം, കുരുവട്ടൂർ, മടവൂർ, മാവൂർ, നാദാപുരം, നടുവണ്ണൂർ, നരിക്കുനി, ഓമശ്ശേരി, പേരാമ്പ്ര, പെരുമണ്ണ, പെരുവയൽ, പുറമേരി, പുതുപ്പാടി, തലക്കുളത്തൂർ, താമരശ്ശേരി, തിക്കോടി, തിരുവമ്പാടി, തൂണേരി, തുറയൂർ, ഉണ്ണിക്കുളം, വേളം.
എൽ.ഡി.എഫ് വിജയം നേടിയ പഞ്ചായത്തുകൾ: അരിക്കുളം, അത്തോളി, ചേളന്നൂർ, ചോറോട്, എടച്ചേരി, ഏറാമല, കടലുണ്ടി, കക്കോടി, കാരശ്ശേരി, കാവിലുമ്പാറ, കായണണ, കീഴരിയൂർ, കോട്ടൂർ, കുന്നുമ്മൽ, കുറ്റ്യാടി, മണിയൂർ, മരുതോങ്കര, മേപ്പയ്യൂർ, നരിപ്പറ്റ, നൊച്ചാട്, ഒളവണ്ണ, പനങ്ങാട്, ഉള്ളിയേരി, വളയം, വാണിമേൽ, വില്യാപ്പള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.