സംസ്ഥാന അധ്യാപക ദിനാഘോഷം അധ്യാപകര്‍ അലങ്കോലപ്പെടുത്തി

കാഞ്ഞങ്ങാട് (കാസര്‍കോട്): കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ശനിയാഴ്ച നടന്ന സംസ്ഥാന അധ്യാപക ദിനാഘോഷം കെ.എസ്.ടി.എയുടെ പ്രതിഷേധത്തെ തുടര്‍ന്ന് സംഘര്‍ഷത്തിലേക്ക് നീങ്ങി.
സ്വാഗത പ്രഭാഷണം തുടങ്ങിയപ്പോള്‍ തന്നെ വേദിക്കരികില്‍നിന്ന് മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. അധ്യക്ഷ പ്രസംഗം നടത്തുന്നതിന് ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ എഴുന്നേറ്റതോടെ അധ്യാപകര്‍ ബഹളം ശക്തമാക്കി. പ്രതിഷേധം നിര്‍ത്താന്‍ എം.എല്‍.എ ആവശ്യപ്പെട്ടെങ്കിലും സമരക്കാര്‍ തയാറായില്ല. ഉദ്ഘാടകനായ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് പ്രസംഗപീഠത്തിലത്തെിയപ്പോള്‍ സമരക്കാര്‍ മുദ്രാവാക്യം വിളി ഉച്ചത്തിലാക്കി. ഒടുവില്‍ പൊലീസിന്‍െറയും റിസര്‍വ് ബറ്റാലിയന്‍െറയും തോക്കുകളുടെ നടുവില്‍ നിന്നായിരുന്നു മന്ത്രി അബ്ദുറബ്ബിന്‍െറ ഉദ്ഘാടനം.
മന്ത്രിയുടെയും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെയും മുമ്പാകെ സമര്‍പ്പിച്ച ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാനോ അനുകൂല തീരുമാനം കൈക്കൊള്ളാനോ തയാറാകാത്തതിനാലാണ് കെ.എസ്.ടി.എയുടെ നേതൃത്വത്തില്‍ അധ്യാപകര്‍ പ്രതിഷേധിച്ചത്. മലപ്പുറം മുന്നിയൂര്‍ സ്കൂളിലെ അധ്യാപകന്‍ അനീഷ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുക, കെ.എസ്.ടി.എ നേതാക്കളായ രണ്ട് അധ്യാപകരെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കുക, അധ്യാപകദ്രോഹ നടപടികള്‍ പിന്‍വലിക്കുക എന്നീ മുദ്രാവാക്യങ്ങളാണ് ഉന്നയിച്ചത്.
അതിനിടെ, പ്രതിഷേധം വകവെക്കാതെ മന്ത്രി അധ്യാപക ദിനാഘോഷവും അവാര്‍ഡുദാനവും ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ അംഗീകരിക്കാനാവില്ളെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനവുമായപ്പോള്‍ സദസ്സിലുണ്ടായിരുന്ന 200ലേറെ അധ്യാപകര്‍ അത്യുച്ചത്തില്‍ മുദ്രാവാക്യം വിളി ആരംഭിച്ചു. രംഗം കൂടുതല്‍ വഷളാവാന്‍ തുടങ്ങിയതോടെ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഹരിശ്ചന്ദ്രന്‍, സി.ഐ യു. പ്രേമന്‍, എസ്.ഐ കെ. ബിജുലാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസും റിസര്‍വ് ബറ്റാലിയനും സദസ്സിലേക്കിറങ്ങി അധ്യാപകരെ ബലപ്രയോഗത്തിലൂടെ മാറ്റിനിര്‍ത്തി. അരമണിക്കൂറോളം വേദിയില്‍ പ്രതിഷേധ പ്രകടനം നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.