പ്രിയരാം വോട്ടറേ... കൂടപ്പിറപ്പുകളേ...വോട്ടിന് പാട്ടുമായി സ്ഥാനാര്‍ഥികള്‍

കരുനാഗപ്പള്ളി: ഓരോ വോട്ടും വിലപ്പെട്ടതായതിനാല്‍ അത് സ്വന്തം പെട്ടിയില്‍ വീഴ്ത്താന്‍ സ്ഥാനാര്‍ഥികള്‍ മത്സരിച്ചുതുടങ്ങി. വാട്സ് ആപ് ഗ്രൂപ്പും സ്ക്വാഡുകളും പോസ്റ്റര്‍ പ്രചാരണവും മാത്രമല്ല, സ്ഥാനാര്‍ഥികള്‍ക്ക് പാട്ടും വോയ്സ് റെക്കോഡിങ്ങുമെല്ലാം അണിയറയില്‍ ഒരുങ്ങുകയാണ്.
വാര്‍ഡുതലങ്ങളിലെ സ്വതന്ത്രര്‍ വരെ വിജയിക്കാന്‍ ഏതറ്റം വരെയും പോകാന്‍ തയാറാണ്. സ്ഥാനാര്‍ഥികളുടെ പേര്, ചിഹ്നം, വികസന സ്വപ്നങ്ങള്‍, വാര്‍ഡിനാവശ്യമായ പദ്ധതികള്‍ എന്നിവയെല്ലാം ചേര്‍ത്ത് വരികളെഴുതിയാണ് പാട്ടുകളൊരുക്കുന്നത്. പാടാനറിയുന്നവരുടെ ചെറുസംഘങ്ങള്‍തന്നെ പല മേഖലകള്‍ കേന്ദ്രീകരിച്ചും രംഗത്തുണ്ട്. പ്രധാനപ്പെട്ട റെക്കോഡിങ് സ്റ്റുഡിയോകളിലെല്ലാം വോട്ടുപാട്ട് ഒരുക്കുന്ന തിരക്കിലാണ്. പാട്ടുകള്‍ക്കൊപ്പം അനൗണ്‍സ്മെന്‍റും റെക്കോഡ് ചെയ്ത് നല്‍കുന്നുമുണ്ട്. പല പല പാട്ടുകളിങ്ങനെ അലയടിക്കുമ്പോള്‍ മനസ്സില്‍ തട്ടുന്ന പാട്ടുകള്‍ക്ക് വോട്ട് വീഴുമെന്ന വിശ്വാസവും സ്ഥാനാര്‍ഥികള്‍ക്കുണ്ട്.
സ്വന്തം ശബ്ദത്തില്‍ വികസന സ്വപ്നങ്ങളും കാഴ്ചപ്പാടുകളും വിശദീകരിച്ച് റെക്കോഡ് ചെയ്ത് നവ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയാണ് ചിലയിടങ്ങളില്‍. പ്രസംഗിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഭയമില്ലാതെ വോട്ട് അഭ്യര്‍ഥിക്കാന്‍ നല്ളൊരു മത്സരമായാണ് സ്ഥാനാര്‍ഥികള്‍ ഇതിനെ കാണുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.