സി.എച്ചിന്‍െറ വാക്കില്‍ അഴിഞ്ഞ വക്കീല്‍ കോട്ടുമായി ഹമീദലി ഷംനാട്

കാസര്‍കോട്: നഗരസഭയിലെ തായലങ്ങാടി വാര്‍ഡില്‍ ഒരു മുതിര്‍ന്ന വോട്ടറുണ്ട്. പ്രായത്തിന്‍െറ അവശതകളും നേരിയ ഓര്‍മക്കുറവും മാത്രം കൂട്ടിനുള്ള അദ്ദേഹത്തിന്‍െറ പാണ്ഡിത്യവും രാഷ്ട്രീയ പാരമ്പര്യവും ഈ തെരഞ്ഞെടുപ്പ് ചൂടിന്‍െറ കുളിരാണ്. രാജ്യസഭ, നിയമസഭ, നഗരസഭ തുടങ്ങി അധികാരത്തിന്‍െറ വിവിധ ഇടനാഴികളില്‍ സുപരിചിതന്‍. 85ാം വയസ്സിന്‍െറ ഏകാന്തതയിലും, ജില്ലാ ലൈബ്രറി സ്ഥാപിച്ചത് താന്‍ ചെയര്‍മാനായപ്പോഴാണെന്ന് ലാളിത്യത്തോടെ ഓര്‍ക്കും ഹമീദലീ ഷംനാടെന്ന വയോധികന്‍.

താലൂക്ക് ഓഫിസ് വളപ്പിലെ പഴയ ബാര്‍ കൗണ്‍സില്‍ ഹാളിലത്തെുമ്പോള്‍ അഭിഭാഷക കാലത്തിന്‍െറ സ്മരണയില്‍ ഒറ്റയാനായി ഇരിക്കുന്നു. 1921ല്‍ വല്യുപ്പ മുഹമ്മദ് ഷംനാട് മലബാര്‍ പ്രതിനിധിയായി സെന്‍ട്രല്‍ അസംബ്ളിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ഡല്‍ഹിയില്‍ പോയതിന്‍െറ രാഷ്ട്രീയത്തില്‍ തുടങ്ങും തെരഞ്ഞെടുപ്പ് ചര്‍ച്ച. മുസ്ലിം ചെറുപ്പക്കാര്‍ക്ക് വിദ്യാഭ്യാസവും ഉദ്യോഗവും ലഭ്യമാക്കുന്നതാണ് പ്രധാനം എന്ന് വിശ്വസിച്ചാണ് കോണ്‍ഗ്രസുകാരുടെ എതിര്‍പ്പ് അവഗണിച്ച് ബ്രിട്ടീഷ് സര്‍ക്കാറില്‍ ജനപ്രതിനിധിയായതെന്ന വളര്‍ത്തച്ഛന്‍ കൂടിയായ വല്യുപ്പയുടെ പ്രവൃത്തിയെ ശരിവെക്കുന്നു ഹമീദലി. തളങ്കരയിലെ ഗവ. മുസ്ലിം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്ന പേരിലെ മുസ്ലിം അദ്ദേഹത്തിന്‍െറ സ്മാരകമാണെന്നും ഈ മുന്‍ എം.എല്‍.എ.

ബെല്ലാരിയില്‍ തഹസില്‍ദാറായിരുന്ന ഉപ്പ അബ്ദുല്‍ഖാദര്‍ തന്‍െറ കുഞ്ഞുനാളിലേ മരിച്ചതോടെ പെങ്ങള്‍ മറിയംബിയോടൊപ്പം വല്യുപ്പയുടെ തണലിലാണ് വളര്‍ന്നത്. കെ.എം. സീതിസാഹിബ് കണ്ടത്തെി സി.എച്ച്. മുഹമ്മദ്കോയയോടൊപ്പം മുസ്ലിം ലീഗില്‍ പ്രവര്‍ത്തിച്ച് തുടങ്ങുമ്പോള്‍ മുന്‍സിഫ് കോടതിയിലെ അഭിഭാഷകന്‍. എപ്പോഴും കേസിന് അവധി വാങ്ങുന്ന അയാളെ ‘ഒന്നുകില്‍ രാഷ്ട്രീയം അല്ളെങ്കില്‍ കോടതി’ എന്ന് ശാസിച്ചു മജിസ്ട്രേറ്റ്. കോടതി വരാന്തയില്‍ നിന്ന് ഇതുകേട്ട സി.എച്ച്  ‘അവന്‍ ഗൗണും കോട്ടും ഊരുകയാണെന്ന്’ പ്രഖ്യാപിച്ചതാണ് വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചും ഹമീദലിയെ മുഴുസമയ രാഷ്ട്രീയക്കാരനാക്കിയത്.

നാദാപുരത്തെ സിറ്റിങ് എം.എല്‍.എ സി.പി.ഐയിലെ സി.എച്ച്. കണാരനുമായി അങ്കത്തിനിറങ്ങിയ 1960ല്‍ 30കാരനായ പുതുമുഖം. നാദാപുരം തങ്ങള്‍ക്ക് കിട്ടില്ളെന്നായിരുന്നു പാര്‍ട്ടിയും കരുതിയത്. തോല്‍ക്കുകയാണെങ്കിലും കാസര്‍കോട്ടുകാരനായ ഹമീദലിയല്ളേ ആരും അറിയില്ലല്ളോ എന്നായിരുന്നു മുതിര്‍ന്ന നേതാക്കളുടെ ആശ്വാസമത്രെ. സ്ഥാനാര്‍ഥിയായ ശേഷം ആദ്യമായി വടകരയില്‍ നിന്ന് നാദാപുരത്തേക്ക് പോകുമ്പോള്‍ സഖാവ് സി.എച്ചിനോട് മത്സരിക്കാന്‍ ഏതോ ഒരു കാസര്‍കോട്ടുകാരന്‍ വരുന്നുണ്ടെന്ന ഓട്ടോ ഡ്രൈവറുടെ സംസാരം തമാശയോടെ ഓര്‍ക്കുന്നു. 7047 വോട്ടിന്‍െറ ഭൂരിപക്ഷത്തിനാണ് അന്ന് ജയിച്ചത്. പിന്നീട് 1970 മുതല്‍ 1979വരെയുള്ള ഒമ്പത് വര്‍ഷം രാജ്യസഭാംഗമായപ്പോള്‍ ജനതാപാര്‍ട്ടി ഭരണത്തില്‍ വിദേശകാര്യ മന്ത്രിയായിരുന്ന എ.ബി.വാജ്പേയിയുമായുള്ള സൗഹൃദം ഹൃദ്യമായിരുന്നു.

 എം.പിയും എം.എല്‍.എയുമായി മുതിര്‍ന്നപ്പോഴാണ് 1988ല്‍ മുനിസിപ്പാലിറ്റി തുരുത്തി വാര്‍ഡില്‍ സ്ഥാനാര്‍ഥിയാകാന്‍ പാര്‍ട്ടി നിര്‍ദേശിച്ചത്. മനസ്സില്ലാ മനസ്സോടെ, സീതി സാഹിബിന്‍െറ നിര്‍ബന്ധത്തിന് വഴങ്ങി മത്സരിച്ചപ്പോള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട് നഗരസഭാ ചെയര്‍മാനായി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി മുതല്‍ കുറേയധികം ഭാരവാഹിത്വങ്ങളും പി.എസ്.സി അംഗത്വവുമടക്കം പലതരത്തിലുള്ള പൊതുജീവിതം കണ്ണാടിപ്പള്ളിയിലെ വീട്ടില്‍ വിശ്രമിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.