ബാലാരിഷ്ടത മാറാതെ ബാലാവകാശ കമീഷന്‍െറ നിരീക്ഷണ പദ്ധതി

തൃശൂര്‍: കുട്ടികളുടെ വിദ്യാഭ്യാസാവകാശങ്ങള്‍ ഹനിക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ നേരിട്ട് സമര്‍പ്പിക്കാനായി ബാലവകാശ കമീഷന്‍ ആരംഭിച്ച നിരീക്ഷണ പദ്ധതി അനക്കമറ്റു. തുടങ്ങി ഒരു വര്‍ഷം കഴിഞ്ഞിട്ടും പദ്ധതിയുടെ ബാലാരിഷ്ടതകള്‍ മാറിയിട്ടില്ല. വിദ്യാര്‍ഥികള്‍ക്ക് വെബ്സൈറ്റ് മുഖേന കമീഷനില്‍ പരാതി സമര്‍പ്പിക്കാനുള്ള സൗകര്യമാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്തിരുന്നത്.  നിരീക്ഷണയില്‍ ഉള്‍പ്പെടുത്തി പരിഹാരം കാണേണ്ട പരാതികള്‍ മറ്റ് പൊതുപരാതികളുടെ കൂട്ടത്തിലാണ് പരിഗണിക്കുന്നതെന്ന് വകുപ്പ് വ്യക്തമാക്കുന്നു. തലസ്ഥാന നഗരിയിലെ സ്കൂളില്‍ കുട്ടികളെ മുട്ടുകാലില്‍ നിര്‍ത്തി അധ്യാപകന്‍ പീഡിപ്പിച്ച വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇത്തരത്തില്‍ പീഡനങ്ങള്‍ അനുഭവിക്കേണ്ടി വരുന്നവര്‍ക്ക് മറ്റുള്ളവരുടെ സഹായം കൂടാതെ സ്വന്തമായി പരാതി സമര്‍പ്പിക്കാനുള്ള അവസരമാണ് നിരീക്ഷണ. നിരീക്ഷണക്ക് ഒരു വര്‍ഷം മുമ്പ് സ്വന്തം വെബ്സൈറ്റ് തുടങ്ങിയിട്ടുണ്ടെങ്കിലും നാമമാത്ര സന്ദര്‍ശകര്‍ മാത്രമാണുള്ളത്. വിദ്യാഭ്യാസ വകുപ്പിന്‍െറ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചത്. പിന്നീട് സ്വന്തം വെബ്സൈറ്റിലേക്ക് മാറിയെങ്കിലും രക്ഷയുണ്ടായില്ല.

സ്കൂളുകളിലും പുറത്തും വിദ്യാര്‍ഥികള്‍ക്കെതിരായ അതിക്രമം വര്‍ധിച്ചുവെന്ന് പൊലീസ് തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടും പദ്ധതിയെ സജീവമാക്കാന്‍ സര്‍ക്കാര്‍ നടപടികളൊന്നും കൈക്കൊണ്ടിട്ടില്ല. പദ്ധതിയെ ജനകീയമാക്കാനായി നവംബറില്‍ പുന$പ്രകാശനത്തിന് തയാറെടുക്കുകയാണെന്നാണ് വകുപ്പിന്‍െറ വാദം. പരാതി സ്വീകരിച്ച് അറിയിപ്പ് സ്വയം ഡൗണ്‍ലോഡ് ചെയ്യാനും നിരീക്ഷണ വെബ്സൈറ്റില്‍ എത്തുന്നവര്‍ക്ക് അഡ്മിനുമായി ഓണ്‍ലൈനില്‍ സംവദിക്കാനും അവസരമുണ്ടെന്ന് പറയുമ്പോഴും അതൊന്നും ശരിയായി പ്രവര്‍ത്തിക്കുന്നില്ല. ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് (ഐ.കെ.എം) നിരീക്ഷണക്ക് ആവശ്യമായ സാങ്കേതിക സഹായം നല്‍കിയിരുന്നത്. ഇടക്കുവെച്ച് അത് ഐ.ടി അറ്റ് സ്കൂളിനെ ഏല്‍പിക്കാന്‍ ശ്രമം നടന്നെങ്കിലും ഉദ്യോഗസ്ഥരുടെ അഭാവവും മറ്റ് സാങ്കേതിക തടസ്സങ്ങളും പറഞ്ഞ് അവരത് ഏറ്റെടുക്കാഞ്ഞതും ഇരുട്ടടിയായി.

18 വയസ്സില്‍ താഴെയുള്ളവര്‍ക്കായി ഭരണഘടന വിഭാവനം ചെയ്ത മൗലികാവകാശങ്ങള്‍  സംരക്ഷിക്കുന്നതിനായി 2013 ല്‍ ആരംഭിച്ച സ്വയംഭരണാധികാരമുള്ള സംവിധാനമാണ് ബാലാവകാശ കമീഷന്‍. കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന ചൂഷണങ്ങള്‍ക്ക് പരിഹാരം കാണുന്നതും ബാലാവകാശ കമീഷനാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.