കമീഷന്‍ അയോഗ്യനാക്കിയയാള്‍ക്ക് റിട്ടേണിങ് ഓഫിസറുടെ ‘ക്ലീന്‍ ചീറ്റ്’

കിളിമാനൂര്‍: കൂറുമാറ്റ നിരോധന നിയമപ്രകാരം തെരഞ്ഞെടുപ്പ് കമീഷന്‍ അയോഗ്യനാക്കിയയാള്‍ക്ക് റിട്ടേണിങ് ഓഫിസറുടെ ക്ളീന്‍ ചീറ്റ്. സൂക്ഷ്മ പരിശോധനയില്‍ പഞ്ചായത്തില്‍ പത്രിക നല്‍കിയ മറ്റ് മുഴുവന്‍പേരും എതിര്‍ത്തിട്ടും റിട്ടേണിങ് ഓഫിസറായ കോഓപറേറ്റിവ് സൊസൈറ്റി ആറ്റിങ്ങല്‍ അസിസ്റ്റന്‍റ് രജിസ്ട്രാര്‍ പി. അജയകുമാര്‍ ഇദ്ദേഹത്തിന്‍െറ നാമനിര്‍ദേശപത്രിക അംഗീകരിക്കുകയായിരുന്നു. ഇതേക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ വിശദീകരണം ആരാഞ്ഞെങ്കിലും ഒഴിഞ്ഞുമാറുകയായിരുന്നു റിട്ടേണിങ് ഓഫിസര്‍. പള്ളിക്കല്‍ പഞ്ചായത്തില്‍ നിലവിലെ വൈസ് പ്രസിഡന്‍റായ നസീര്‍ ഇത്തവണ 11ാം വാര്‍ഡില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി പത്രിക നല്‍കുകയായിരുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചു ജയിച്ചയാളാണ് നസീര്‍. എന്നാല്‍, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതി അധികാരത്തിലത്തെി രണ്ടരവര്‍ഷം കഴിഞ്ഞപ്പോള്‍ അനധികൃത ക്വാറിക്ക് എന്‍.ഒ.സി നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പാര്‍ട്ടിതര്‍ക്കം അവിശ്വാസം കൊണ്ടുവരുന്നതില്‍ കലാശിച്ചു. പാര്‍ട്ടി വിപ്പ് ലംഘിച്ച നസീറും നിലവിലെ പഞ്ചായത്ത് പ്രസിഡന്‍റ് അംബികകുമാരിയുമടക്കം ആറുപേര്‍ അവിശ്വാസത്തെ അനുകൂലിച്ച് വോട്ടുചെയ്തു.

ഇതോടെ ആറംഗങ്ങളെയും ആറ് വര്‍ഷത്തേക്ക് കോണ്‍ഗ്രസ് പുറത്താക്കി. തുടര്‍ന്ന് അന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ലിസാ നിസാമും പാര്‍ട്ടി മണ്ഡലം കമ്മിറ്റിയും കൂറുമാറ്റനിരോധന നിയമപ്രകാരം ഇലക്ഷന്‍ കമീഷനെ സമീപിച്ചു. തുടര്‍ന്ന് 2014 ഫെബ്രുവരി 24ന് ആറംഗങ്ങളെയും ആറ് വര്‍ഷത്തേക്ക് എല്ലാ തെരഞ്ഞെടുപ്പില്‍നിന്നും അയോഗ്യരാക്കി കമീഷന്‍ ഉത്തരവിറക്കുകയായിരുന്നു. നസീറിന്‍െറ സ്ഥാനാര്‍ഥിത്വം അംഗീകരിക്കുന്നതിനെതിരെ മറ്റുള്ളവര്‍ ഈ ഉത്തരവ് ചൂണ്ടിക്കാട്ടിയെങ്കിലും ഇത് റിട്ടേണിങ് ഓഫിസര്‍ മുഖവിലക്കെടുത്തില്ളെന്ന് പറയുന്നു. ഇതുസംബന്ധിച്ച് മേലുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്ന് പ്രാദേശിക നേതൃത്വം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.