തോട്ടം തൊഴിലാളികളുടെ കൂലി: സമഗ്ര പഠനം നടന്നത് 1952ല്‍; സൗകര്യങ്ങള്‍ മിക്കതും ഇല്ലാതായി

പത്തനംതിട്ട: സംസ്ഥാനത്തെ തോട്ടം മേഖലയിലെ തൊഴിലാളികളുടെ കൂലി സംബന്ധിച്ച് സമഗ്ര പഠനം നടന്നത് 1952ല്‍. തിരു-കൊച്ചി സര്‍ക്കാര്‍ പ്ളാന്‍േറഷന്‍ മേഖലയിലെ മിനിമം വേതനം സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച  സംഘത്തില്‍ അന്ന് വെള്ളാനിക്കര-തട്ടില്‍ എസ്റ്റേറ്റ് തോട്ടം തൊഴിലാളി സംഘടന നേതാവായിരുന്ന കെ. കരുണാകരനും അംഗമായിരുന്നു. തൊഴിലാളികളുടെ ഭക്ഷണം, വസ്ത്രം തുടങ്ങി ദൈനംദിന ജീവിതച്ചെലവുകള്‍ സമഗ്രമായി പഠിച്ച് കമ്മിറ്റി തയാറാക്കിയ കൂലി നിര്‍ണയം ഇന്നും മാതൃകയാണ്.

അന്ന് തൊഴിലാളികള്‍ അനുഭവിച്ച സുഖ സൗകര്യങ്ങളില്‍ ഭൂരിഭാഗവും ഇന്നില്ല എന്നാണ് റിപ്പോര്‍ട്ടില്‍നിന്ന് മനസ്സിലാവുന്നത്. ആവശ്യമായ പോഷകങ്ങള്‍ ഉള്‍പ്പെടുന്ന ഭക്ഷണത്തിന് ദൈനംദിനം വേണ്ട പച്ചക്കറികളും അവയുടെ ഇനം, വില, അരിയും മറ്റ് സാധനങ്ങളുടെയും പട്ടികയും അളവും നിര്‍ണയിച്ച് അതിന് പ്രതിവര്‍ഷം വേണ്ടിവരുന്ന ചെലവ്, വസ്ത്രം ഇനത്തില്‍ പ്രതിവര്‍ഷം വേണ്ടിവരുന്ന ചെലവ് തുടങ്ങിയവയെല്ലാം കണക്കിലെടുത്താണ് അന്ന് കൂലി നിര്‍ണയിച്ചത്. വസ്ത്രം ഇനത്തില്‍ പ്രതിവര്‍ഷം ഒരു കുടുംബത്തിന് ആവശ്യമാണെന്ന് കണ്ടത്തെിയവയും പരിഗണിച്ചത്.

 പ്രസവച്ചെലവടക്കം എല്ലാ ആശുപത്രിച്ചെലവും കമ്പനികള്‍ വഹിച്ചിരുന്നു. അസുഖബാധിതര്‍ക്ക് ശമ്പളത്തോടുകൂടിയ അവധി അനുവദിച്ചിരുന്നു. ദിവസവും ജോലി സമയത്ത് കാന്‍റീന്‍ സൗകര്യം, കുട്ടികള്‍ക്ക് സൗജന്യഭക്ഷണം, വര്‍ഷംതോറും ബോണസ്, തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസത്തിന് സ്കൂള്‍, യാത്രച്ചെലവ്, അവധിദിന വേതനം, ഭക്ഷണച്ചെലവ്, സൗജന്യ താമസം, തൊഴിലാളികള്‍ വളര്‍ത്തുന്ന കന്നുകാലികളെ പരിചരിക്കാന്‍ പ്രത്യേക ജോലിക്കാര്‍, കുടിവെള്ള വിതരണം, ശൗചാലയങ്ങള്‍, അവ ശുചീകരിക്കാന്‍ പ്രത്യേക ജോലിക്കാര്‍ എന്നിങ്ങനെയുള്ള സൗകര്യങ്ങളെല്ലാം അന്ന് തോട്ടം ഉടമകള്‍ തൊഴിലാളികള്‍ക്ക് നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ടിലുണ്ട്.

ഫുട്ബാള്‍, വോളിബാള്‍ ഗ്രൗണ്ടുകള്‍, സൗജന്യ സിനിമാപ്രദര്‍ശനം എന്നിവയും ഉണ്ടായിരുന്നു. താമസിക്കാന്‍ അന്നും ഉണ്ടായിരുന്ന ലയങ്ങളാണെന്നും റിപ്പോര്‍ട്ടില്‍നിന്ന് വ്യക്തമാകുന്നു. ഇക്കണോമിക്സ് പ്രഫസര്‍ ആയ വി.ആര്‍. പിള്ളയായിരുന്നു കമ്മിറ്റി ചെയര്‍മാന്‍. തോട്ടം ഉടമകളെ പ്രതിനിധാനം ചെയ്ത് മൂന്നാറിലെ കെ.ഡി.എച്ച്.പി കമ്പനിയുടെ പ്രതിനിധി ജെ.ബി സൗത്തര്‍, പത്തനംതിട്ട കുമ്പഴ എസ്റ്റേറ്റ് മാനേജര്‍ എഫ്. ഹാക്കിങ്സ് തുടങ്ങിയവരടക്കം മൂന്നുപേരും കെ. കരുണാകരന്‍ അടക്കം തൊഴിലാളി പ്രതിനിധികളായ മൂന്നുപേരും കമ്മിറ്റിയില്‍ അംഗങ്ങളായിരുന്നു.

മൂന്നാറിലെ സൈലന്‍റ് വാലി, ചൊക്കനാട്, പൊന്മുടിയിലെ ടീ ആന്‍ഡ് റബര്‍ കമ്പനി, മെര്‍ക്കിസ്റ്റണ്‍, പീരുമേട്ടിലെ ഗ്ളന്‍മെറി, മുണ്ടക്കയത്തെ കടമാന്‍കുളം എന്നീ എസ്റ്റേറ്റുകള്‍ സന്ദര്‍ശിച്ചാണ് കമ്മിറ്റി റിപ്പോര്‍ട്ട് തയാറാക്കിയത്. അന്ന് തിരുവിതാംകൂറിലെ തോട്ടംമേഖലയില്‍ 1,40,000 തൊഴിലാളികള്‍ ഉണ്ടായിരുന്നെങ്കിലും 600ഓളം പേര്‍ മാത്രമാണ് ട്രേഡ് യൂനിയനുകളില്‍ അംഗങ്ങളായിരുന്നതെന്ന് റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.