എല്ലാവരുടെയും സഹകരണത്തോടെ മുന്നോട്ടുപോകും –കാലിക്കറ്റ് വി.സി

തേഞ്ഞിപ്പലം: അധ്യാപകര്‍, അനധ്യാപക ജീവനക്കാര്‍, സിന്‍ഡിക്കേറ്റംഗങ്ങള്‍, സെനറ്റംഗങ്ങള്‍ തുടങ്ങിയവരുടെയെല്ലാം സഹകരണത്തോടെയാകും മുന്നോട്ടുപോവുകയെന്ന് കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറായി ചുമതലയേറ്റ ഡോ. കെ. മുഹമ്മദ് ബഷീര്‍ പറഞ്ഞു. ബന്ധപ്പെട്ട വിഭാഗങ്ങളുമായി ആലോചിച്ചാകും തീരുമാനങ്ങള്‍ കൈക്കൊള്ളുകയെന്നും വിദ്യാര്‍ഥികളുടെ താല്‍പര്യങ്ങള്‍ക്ക് ഉയര്‍ന്ന പരിഗണന നല്‍കുമെന്നും ചുമതലയേറ്റ ശേഷം സര്‍വകലാശാലാ ഭരണവിഭാഗത്തില്‍ വാര്‍ത്താലേഖകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
പരീക്ഷകള്‍ സമയബന്ധിതമായി നടത്താനും സര്‍ട്ടിഫിക്കറ്റുകള്‍ കാലതാമസം കൂടാതെ നല്‍കാനുമുള്ള നടപടികള്‍ ജീവനക്കാരുടെ സഹകരണത്തോടെ പ്രാവര്‍ത്തികമാക്കും. ജീവനക്കാര്‍ ഇവിടെ വിദ്യാര്‍ഥി സൗഹൃദപരമായാണ് പെരുമാറുന്നതെന്നാണ് ഈ സര്‍വകലാശാലക്ക് കീഴില്‍ വിദ്യാര്‍ഥിയും ഗവേഷകനും അധ്യാപകനുമൊക്കെയായി പ്രവര്‍ത്തിച്ച തന്‍െറ അനുഭവം. ‘നാക്’ എ ഗ്രേഡാണ് സര്‍വകലാശാല ലക്ഷ്യമിടുന്നതെന്നും ഇതിനായി ബന്ധപ്പെട്ട എല്ലാവരുടെയും യോഗം വിളിക്കുമെന്നും വൈസ് ചാന്‍സലര്‍ അറിയിച്ചു. വിവാദക്കുരുക്കിലകപ്പെട്ട നിയമനങ്ങള്‍ നടത്താന്‍ കൂടിയാലോചനകളിലൂടെ നടപടിയെടുക്കും. വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് നഷ്ടപ്പെട്ട അംഗീകാരം നേടിയെടുക്കാനും നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
 ഗെസ്റ്റ് ഹൗസില്‍ ജീവനക്കാരുടെ സംഘടനാ നേതാക്കള്‍ ആദ്യ സ്വീകരണം നല്‍കി. തുടര്‍ന്ന് ഭരണകാര്യാലയത്തില്‍ രജിസ്ട്രാര്‍ ഡോ. ടി.എ. അബ്ദുല്‍ മജീദ് ബൊക്കെ നല്‍കി സ്വീകരിച്ചു. പരീക്ഷാ കണ്‍ട്രോളര്‍ ഡോ. വി.വി. ജോര്‍ജ്കുട്ടി, ഫിനാന്‍സ് ഓഫിസര്‍ കെ.പി. രാജേഷ്, സിന്‍ഡിക്കേറ്റംഗങ്ങള്‍, അധ്യാപകര്‍, ജീവനക്കാര്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു. പഠനവകുപ്പ് മേധാവികള്‍, വിവിധ ഓഫിസ് വിഭാഗം മേധാവികള്‍ എന്നിവരുമായും ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായും വി.സി കൂടിക്കാഴ്ച നടത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.