ആഭ്യന്തര മന്ത്രിയുടെ നിലപാട് മര്യാദയില്ലാത്തത് –കിസ് ഓഫ് ലവ് കൂട്ടായ്മ

കൊച്ചി: പെണ്‍വാണിഭത്തിന് രാഹുല്‍ പശുപാലനും രശ്മി നായരും ചുംബന സമരം മറയാക്കിയെന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രസ്താവനക്ക് ആധാരമായ തെളിവുകള്‍ അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറണമെന്ന് കിസ് ഓഫ് ലവ് കൂട്ടായ്മ. കാര്യങ്ങള്‍ പൂര്‍ണമായി മനസ്സിലാക്കാത്ത ആഭ്യന്തര മന്ത്രിയുടെ ഇത്തരം പ്രസ്താവനകള്‍ മര്യാദകെട്ടതും ജനാധിപത്യ വിരുദ്ധവുമാണ്.
കൂട്ടായ്മയുടെ ഫേസ്ബുക് പേജ് ഇത്തരത്തില്‍ ഉപയോഗിക്കാന്‍ ഒരിക്കലും രാഹുലിനെ അനുവദിച്ചിട്ടില്ല. രാഹുല്‍ പശുപാലനെതിരായ ആരോപണങ്ങള്‍ ചുംബന സമരക്കാരുടെ അക്കൗണ്ടില്‍ എഴുതേണ്ടതില്ളെന്നും ഫാഷിസം വീട്ടുമുറ്റത്തത്തെിയ ഘട്ടത്തില്‍ രൂപപ്പെട്ട കൂട്ടായ്മയെ തകര്‍ക്കാനാണ് മാധ്യമങ്ങളടക്കം ശ്രമിക്കുന്നതെന്നും കൂട്ടായ്മ പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി. കിസ് ഓഫ് ലവ് സമരത്തില്‍ പങ്കെടുത്ത രണ്ടു പേരുടെ അറസ്റ്റ് ആ സമരത്തിനെതിരാക്കി മാറ്റുന്നത് ശരിയല്ളെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അനേകം ആളുകളുടെ കൂട്ടായ്മയാണ് കിസ് ഓഫ് ലവ്. ഇതിന് നേതാക്കളോ മുഴുവന്‍ സമയ പ്രവര്‍ത്തകരോ ഇല്ല. ആശയത്തെ മുന്‍നിര്‍ത്തി പലഭാഗത്തുനിന്നുണ്ടായ കൂട്ടായ്മയായിരുന്നു ഇത്. പുതിയ സാഹചര്യത്തിലും സമരത്തിന്‍െറ പ്രസക്തി നഷ്ടപ്പെടുന്നില്ല. ഈ സാഹചര്യത്തില്‍ ചുംബന സമരവുമായി മുന്നോട്ടുപോകുമെന്നും കൂട്ടായ്മയിലെ അംഗങ്ങളായ ഹരീഷ് വാസുദേവന്‍, ജോളി ചിറയത്ത്, ലാസര്‍ ഷൈന്‍, ഷാഹിന നഫീസ എന്നിവര്‍ പറഞ്ഞു.
രാഹുല്‍ പശുപാലനെ ചുംബന സമരത്തില്‍ നേരത്തേ പങ്കെടുത്ത ഒരാളായി മാത്രമാണ് കണക്കാക്കുന്നത്. ചെറിയാന്‍ ഫിലിപ്പിന്‍െറ സ്ത്രീവിരുദ്ധ പരാമര്‍ശത്തിലടക്കം പല വിഷയങ്ങളിലും ചുംബന സമരത്തിന്‍െറ രാഷ്ട്രീയത്തിന് വിരുദ്ധ നിലപാടാണ് രാഹുല്‍ സ്വീകരിച്ചത്. ഇതിനെ തങ്ങള്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍, രാഹുല്‍ പശുപാലിന്‍െറ അറസ്റ്റിനെ കിസ് ഓഫ് ലവുമായി ബന്ധിപ്പിക്കുന്നത് കൂട്ടായ്മയെയും സമരത്തിന്‍െറ വിശ്വാസ്യതയെയും തകര്‍ക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമാണ്. അതേസമയം, രാഹുല്‍ കുറ്റാരോപിതന്‍ മാത്രമാണെന്നതും കണക്കിലെടുക്കണം.  പൊലീസിനെ ആശ്രയിച്ച് മാധ്യമങ്ങള്‍ പുറത്തുവിടുന്ന വിവരങ്ങള്‍ മാത്രമാണ് നമുക്ക് മുന്നിലുള്ളത്. കുറ്റം തെളിയിക്കപ്പെടും വരെ രാഹുലും കുറ്റവാളിയല്ളെന്നും അവര്‍ വ്യക്തമാക്കി.  കിസ് ഓഫ് ലവിനെതിരെ ശ്രദ്ധ തിരിക്കുമ്പോള്‍ യഥാര്‍ഥ വിഷയത്തില്‍നിന്ന് അകന്നുപോവുകയാണ്. പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമത്തില്‍ ശക്തമായ നടപടികളാണ് വേണ്ടത്. കുട്ടികള്‍ക്കെതിരായ അതിക്രമം വെളിച്ചത്തുകൊണ്ടുവരാന്‍ കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ നടത്തിയ പ്രവര്‍ത്തനം അവഗണിക്കപ്പെടുകയാണെന്നും കൂട്ടായ്മ ആരോപിച്ചു. കിസ് ഓഫ് ലവ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നൂറോളം പേര്‍ ഒപ്പിട്ട പ്രസ്താവനയും കൂട്ടായ്മ പുറത്തിറക്കി.

പെണ്‍വാണിഭ സംഘം പ്രവര്‍ത്തിച്ചത് ഫാം ഹൗസ് മറയാക്കി
കുഴല്‍മന്ദം: കൊച്ചിയില്‍ അറസ്റ്റിലായ രാഹുല്‍ പശുപാലനും രശ്മി ആര്‍. നായരുമടങ്ങിയ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം പാലക്കാട് ജില്ലയില്‍ പ്രവര്‍ത്തിച്ചത് കുത്തന്നൂരിലെ ഫാം ഹൗസ് മറയായി. ഗ്രാമീണ മേഖലയായ ഇവിടെയുള്ള ഫാം ഹൗസില്‍ നിരന്തരം ആഡംബര വാഹനങ്ങള്‍ വന്നുപോകുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.
കുത്തനൂര്‍ ഗ്രാമപഞ്ചായത്തിലെ അതിര്‍ത്തിയോട് ചേര്‍ന്ന പ്രധാന റോഡില്‍നിന്ന് 250 മീറ്ററോളം ഉള്ളിലാണ് ഫാം ഹൗസ്. വിസ്തൃതമായ പറമ്പില്‍ പശുക്കളെ വളര്‍ത്തുന്നുണ്ട്. ഓടുമേഞ്ഞ വീട്ടില്‍ എല്ലാ ആധുനിക സൗകര്യങ്ങളുമുണ്ട്. ഒരു വര്‍ഷമായി ഇവിടെ പെണ്‍വാണിഭ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതു സംബന്ധിച്ച് കുഴല്‍മന്ദം പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പൊലീസ് ഒതുക്കി തീര്‍ക്കുകയായിരുന്നുവത്രെ. അന്യ സംസ്ഥാന രജിസ്ട്രേഷനുള്ള വാഹനങ്ങളാണ് കൂടുതലായി വന്നുപോകുന്നത്. പാലക്കാട് ജില്ലയില്‍ തങ്ങള്‍ക്ക് പ്രവര്‍ത്തനമുണ്ടായിരുന്നുവെന്ന് അറസ്റ്റിലായ രാഹുല്‍ പശുപാല്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ചലച്ചിത്ര-സീരിയല്‍ മേഖലയിലുള്ളവരാണ് ഇവിടെ വന്നുപോകുന്നവരില്‍ കൂടുതലും. തൃശൂര്‍ സ്വദേശിയുടേതാണ് ഫാം ഹൗസ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.