വിപ്ലവനായിക ക്ഷേത്രനടയില്‍ പൂജിതയായി; മഹദ് കര്‍മമെന്ന് ഗൗരിയമ്മ


ചേര്‍ത്തല: വിപ്ളവ കേരളത്തിന്‍െറ ഒരു കാലഘട്ടത്തിലെ ആവേശമായ കെ.ആര്‍. ഗൗരിയമ്മ അവസാനം ക്ഷേത്ര നടയില്‍ പൂജിതയായി. ചേര്‍ത്തല കണ്ടമംഗലം ക്ഷേത്രത്തില്‍ നടന്ന നാരിപൂജയിലാണ് ഗൗരിയമ്മ അനുഷ്ഠാന പ്രകാരമുള്ള പൂജകള്‍ക്ക് വിധേയയായത്. വര്‍ഷന്തോറും ക്ഷേത്രത്തില്‍ നടക്കുന്ന കര്‍മമാണ് നാരിപൂജ. പൂജിതയാകുന്ന വ്യക്തിയെ ദേവിയായി സങ്കല്‍പിച്ച് ക്ഷേത്രം തന്ത്രിയുടെ മുഖ്യകാര്‍മികത്വത്തില്‍ പൂജാരിമാരും ഭക്തജനങ്ങളും പൂജിക്കുന്നതാണ് ചടങ്ങ്.
തിങ്കളാഴ്ച വൈകുന്നേരം ചടങ്ങില്‍ പങ്കെടുക്കാനത്തെിയ ഗൗരിയമ്മ കണ്ടമംഗലം ദേവിയെ വണങ്ങിയശേഷമാണ് നാരിപൂജ വേദിയിലേക്ക് കടന്നത്. ഭാരവാഹികളും തന്ത്രിയും ചേര്‍ന്ന് ക്ഷേത്രനടയില്‍ പ്രത്യേകം തയാറാക്കിയ ഇരിപ്പിടത്തില്‍ ഗൗരിയമ്മയെ ഇരുത്തി. ഗൗരിയമ്മയുടെ കാല്‍പാദം കഴുകി ശുദ്ധിവരുത്തിയ ശേഷമാണ് പൂജ ആരംഭിച്ചത്. ക്ഷേത്രത്തിലെ ആരാധനാമൂര്‍ത്തിയായ ദേവിയെ പൂജിക്കുന്നതിനു തുല്യമായാണ് ഗൗരിയമ്മയെയും പൂജിച്ചതെന്ന് കര്‍മികള്‍ പറഞ്ഞു.
ചടങ്ങ് കാണാന്‍ ആയിരക്കണക്കിന് വിശ്വാസികളാണ് എത്തിയത്. കണ്ടമംഗലം ക്ഷേത്രമുറ്റത്തെ വിദ്യാലയത്തിലാണ് ഗൗരിയമ്മ പ്രാഥമിക വിദ്യാഭ്യാസം നടത്തിയത്. അതിന്‍െറ ഓര്‍മകളും അവര്‍ പങ്കുവെച്ചു. മാതൃത്വത്തിന്‍െറ മഹത്വം വിളംബരം ചെയ്യുന്നതാണ് ഏറ്റവും മഹത്തായ കര്‍മമെന്ന് പിന്നീട് ഗൗരിയമ്മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആരാധനാലയങ്ങള്‍ മനുഷ്യന് നന്മ പ്രദാനംചെയ്യുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടണമെന്നും ഗൗരിയമ്മ പറഞ്ഞു. ചക്കുളത്തുകാവ് ദേവീക്ഷേത്രത്തില്‍, മന്ത്രിയായിരുന്നപ്പോള്‍ ഗൗരിയമ്മ നാരിപൂജയില്‍ പങ്കെടുത്തിട്ടുണ്ട്.
പി.എസ്.സി മുന്‍ മെംബര്‍ ഡോ. ബീനയും ഗൗരിയമ്മയുടെ പഴയകാല സഹപ്രവര്‍ത്തകരും ചടങ്ങുകളില്‍ പങ്കെടുത്തു. ദേവസ്വം പ്രസിഡന്‍റ് പി.ഡി. ഗഗാറിന്‍, സെക്രട്ടറി രാമചന്ദ്രന്‍ കൈപ്പാശേരില്‍, വൈസ് പ്രസിഡന്‍റ് അരുണ്‍ കുമാര്‍, മാനേജര്‍ പി.ജി. സദാനന്ദന്‍ എന്നിവരും സംബന്ധിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.