എം.എസ്.എഫ് പ്രസിഡന്‍റിനെതിരെ കണ്‍വെന്‍ഷന്‍; ഹമീദ് ഫൈസി അമ്പലക്കടവിനെതിരെ സമസ്തയുടെ നടപടി

മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് ടി.പി. അഷ്റഫലിക്കെതിരെ പരസ്യമായി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വിളിച്ച എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിനെ സ്ഥാനത്തുനിന്ന് നീക്കി.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പരമ്പരാഗതമായി തുടര്‍ന്നുവരുന്ന നയ നിലപാടുകള്‍ക്ക് വിരുദ്ധമായി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ത്ത് സംഘടനാ അച്ചടക്കം ലംഘിച്ചതിനാലാണ് എസ്.വൈ.എസ് സെക്രട്ടറി സ്ഥാനത്തു നിന്ന് അദ്ദേഹത്തെ നീക്കിയതെന്ന് എസ്.വൈ.എസ് ജന. സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്ലിയാര്‍ അറിയിച്ചു. സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അനുമതിയോടെയാണ് നടപടി.

ജില്ലാ പഞ്ചായത്തിലേക്ക് കരുവാരകുണ്ട് ഡിവിഷനില്‍ നിന്ന് മത്സരിക്കുന്ന ടി.പി. അഷ്റഫലിക്കെതിരെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതു മുതല്‍ സമസ്ത പ്രാദേശിക നേതാക്കള്‍ രംഗത്തുണ്ടായിരുന്നു. പെണ്‍കുട്ടികളുടെ വിവാഹപ്രായവുമായി ബന്ധപ്പെട്ട വിവാദത്തില്‍ അഷ്റഫലി സമസ്ത പണ്ഡിതന്മാര്‍ക്കെതിരായ നിലപാട് സ്വീകരിച്ചതാണ് സമസ്തയെ പ്രകോപിപ്പിച്ചത്. അന്നുമുതല്‍ അഷ്റഫലിക്കെതിരെ കരുക്കള്‍ നീക്കിയ സമസ്ത തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി നില്‍ക്കുന്ന അവസരം മുതലാക്കി എതിര്‍പ്പ് രൂക്ഷമാക്കി.

കരുവാരകുണ്ട് ദാറുന്നജാത്ത് അറബിക് കോളജ് അധ്യാപകന്‍ കൂടിയായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിന്‍െറ ആശിര്‍വാദത്തോടെയായിരുന്നു സമസ്ത പ്രാദേശിക നേതൃത്വത്തിന്‍െറ നീക്കം. യു.ഡി.എഫില്‍ വിള്ളലുണ്ടാവുകയും കോണ്‍ഗ്രസ് പിന്തുണയോടെ കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് ജില്ലാ പ്രസിഡന്‍റ് മാത്യു സെബാസ്റ്റ്യന്‍ കരുവാരകുണ്ട് ഡിവിഷനില്‍ മത്സരത്തിന് ഇറങ്ങുകയും ചെയ്തതോടെ അഷ്റഫലി ശരിക്കും വിയര്‍ത്തു. സമസ്തയുടെ എതിര്‍പ്പ് അഷ്റഫലിയുടെ ജയസാധ്യതക്ക് മങ്ങലേല്‍പ്പിക്കുമെന്ന് മനസ്സിലാക്കി പ്രശ്ന പരിഹാരത്തിനായി ലീഗ് പ്രാദേശിക നേതാക്കള്‍ സമസ്ത നേതാക്കളുമായി പലതവണ ചര്‍ച്ച നടത്തിയെങ്കിലും എതിര്‍പ്പിന് ശമനമുണ്ടായില്ല. അവസാനം നടന്ന ചര്‍ച്ചയില്‍ പണ്ഡിതന്മാരെ തള്ളിപ്പറഞ്ഞതിന് അഷ്റഫലി മാപ്പ് പറയണമെന്ന് ധാരണയായി.

ഇതുപ്രകാരം സമസ്ത ജന. സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ക്ക് അഷ്റഫലി അയച്ച കത്തില്‍ സമസ്തയുമായി നല്ല ബന്ധമാണെന്ന് പറയുകയല്ലാതെ മാപ്പ് പറയാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് ഹമീദ് ഫൈസി അമ്പലക്കടവിന്‍െറ നേതൃത്വത്തില്‍ വോട്ടെടുപ്പിന്‍െറ തലേദിവസമായ ബുധനാഴ്ച രാവിലെ സ്വകാര്യ ഓഡിറ്റോറിയത്തില്‍ എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വിളിച്ചത്. നൂറോളം പ്രവര്‍ത്തകരാണ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്. ഇതിനെതിരെ മുസ്ലിം ലീഗ് നേതൃത്വം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളോട് പരാതിപ്പെട്ടു.

തുടര്‍ന്നാണ് ഹമീദ് ഫൈസിയെ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കാന്‍ തീരുമാനിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് വര്‍ഗീയ ഫാഷിസത്തെ നേരിടുന്ന വിഷയത്തില്‍ സി.പി.എമ്മാണ് കോണ്‍ഗ്രസിനെക്കാള്‍ മുന്നിലെന്ന് ഹമീദ് ഫൈസിയുടെ പ്രസ്താവന വിവാദം സൃഷ്ടിച്ചിരുന്നു.
സമസ്തയിലെ ജനകീയ നേതാവും പണ്ഡിതനുമായ ഹമീദ് ഫൈസിക്കെതിരെ ലീഗിന്‍െറ സമ്മര്‍ദത്തിന് വഴങ്ങി ധൃതിപ്പെട്ട് എടുത്ത തീരുമാനത്തിനെതിരെ സമസ്ത നേതാക്കള്‍ക്കിടയില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ചില പ്രാദേശിക നേതാക്കള്‍ രാജി സന്നദ്ധതയും അറി
യിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.