ജേക്കബ് തോമസിന് പിന്തുണയുമായി വി.എസ്

തിരുവനന്തപുരം: അഴിമതിക്കെതിരെ സംസാരിക്കുന്നവരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാമെന്നുള്ള ധാരണ വിലപ്പോവില്ലെന്ന് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍. ജേക്കബ് തോമസിനെതിരെ നടപടിയെടുക്കുന്നതിന് മുമ്പ്  മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും സുപ്രീംകോടതിയുടെ വിജയശങ്കര്‍ പാണ്ഡെ കേസിലെ വിധി വായിച്ചു പഠിക്കണമെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.

അച്ചടക്കത്തിന്‍റെ വാളോങ്ങി സത്യസന്ധരായ ഉദ്യോഗസ്ഥരെ ഭയപ്പെടുത്താനാകില്ല. ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൗലികാവകാശങ്ങള്‍ സാധാരണ പൗരന്മാര്‍ക്ക് ഉള്ളതുപോലെ തന്നെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്കും ഉണ്ടെന്ന് വിസ്മരിക്കരുതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.  അഴിമതിക്കും ദുര്‍ഭരണത്തിനുമെതിരെ പ്രതികരിക്കുന്നത് ഒരിക്കലും ചട്ടലംഘനമല്ല. പ്രതികരിക്കുന്ന ഉദ്യോഗസ്ഥന്മാരെ ഭീഷണിപ്പെടുത്തുന്നത് അഴിമതി പുറത്തുകൊണ്ടുവരുന്നതിന് എതിരെയുളള ഭീഷണിയാണ്. ഇതാണ് സുപ്രീംകോടതി വിധിയുടെ അന്ത:സത്ത.
 
ജേക്കബ് തോമസ് വിജിലന്‍സില്‍ ഉണ്ടായിരുന്നപ്പോഴാണ് കെ.എം.മാണിയുടെ കോഴ സംബന്ധിച്ച അന്വേഷണം ആരംഭിച്ചത്. അദ്ദേഹത്തിന്‍റെ നിർദേശ പ്രകാരം നടത്തിയ അന്വേഷണത്തിന്‍റെ ഫലമാണ് എസ്.പി സുകേശന്‍ നല്‍കിയ ഫാക്ച്വല്‍ റിപ്പോര്‍ട്ട്. വിജിലന്‍സ് ഡയറക്ടറെക്കൊണ്ട് ഇത് തിരുത്തി എഴുതിച്ചത് അഴിമതിക്കാരനായ കെ.എം.മാണിയെ സഹായിക്കാന്‍ വേണ്ടിയാണെന്നും വി.എസ് അഭിപ്രായപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.