യു.എ.പി.എക്കെതിരെ ജനകീയ പ്രതിഷേധങ്ങളുണ്ടായിട്ടും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിസ്സംഗത –കെ.പി. ശശി

തിരുവനന്തപുരം: യു.എ.പി.എ നിയമത്തിനെതിരെ ജനകീയ പ്രതിഷേധങ്ങളുണ്ടായിട്ടും സര്‍ക്കാറും രാഷ്ട്രീയപാര്‍ട്ടികളും  നിസ്സംഗത പുലര്‍ത്തുകയാണെന്നും  ഈ കരിനിയമം പിന്‍വലിക്കണമെന്നും ഡോക്യുമെന്‍ററി സംവിധായകന്‍ കെ.പി. ശശി. യു.പി.എ സര്‍ക്കാര്‍ സംഘ്പരിവാറിനു വേണ്ടി സൃഷ്ടിച്ച നിയമമാണിത്. നിരപരാധികളായ മുസ്ലിം ചെറുപ്പക്കാരെ  അന്യായമായി  ജയിലിലടയ്ക്കുന്നത് പ്രവണതായി മാറിയിരിക്കുകയാണ്.

 യു.എ.പി.എ ചുമത്തി കണ്ണൂരില്‍ അറസ്റ്റ് ചെയ്ത തസ്ലിമിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി കോടികളാണ് പ്രതിവര്‍ഷം സര്‍ക്കാറുകള്‍ ചെലവഴിക്കുന്നത്.
ഈ സാഹചര്യത്തില്‍ ഒരാളെയെങ്കിലും തീവ്രവാദിയായി പിടിക്കല്‍ നിര്‍ബന്ധിത ബാധ്യതയായി മാറിയപോലെയാണ് പൊലീസ് പെറുമാറുന്നത്. തങ്ങളുടെ പ്രവര്‍ത്തകരും ഈ നിയമപ്രകാരം അറസ്റ്റിലായതോടെയാണ് സി.പി.എമ്മിനും കൈപൊള്ളിയത്. ഭരണഘടനാവിരുദ്ധമെന്ന് ഒട്ടേറെ നിയമപണ്ഡിതര്‍  പറഞ്ഞ ഈ നിയമത്തിനെതിരെ ഭരണകൂടങ്ങള്‍ മിണ്ടാതിരിക്കുന്നത്  ഗൗരവതരമാണ്. വ്യക്തമായ തെളിവോ സാക്ഷികളോ ഇല്ലാതെ വളരെ ദുരൂഹമായാണ് കേരള പൊലീസ് തസ്ലിമിനെ അറസ്റ്റ് ചെയ്തത്. തസ്ലിമിന്‍െറ വിഷയത്തില്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.

യു.എ.പി.എ ഒഴിവാക്കുക എന്നത് ജനാധിപത്യ സംവിധാനത്തിന്‍െറ സുഗമമായ നടത്തിപ്പിന് അനിവാര്യമാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ ഭാസുരേന്ദ്രബാബു അഭിപ്രായപ്പെട്ടു. വിമോചന സ്വപ്നങ്ങളെയാണ് ഈ നിയമം തടവിലിടുന്നത്. സോളിഡാരിറ്റി സംസ്ഥാന പ്രസിഡറ് ടി. ശാക്കിര്‍ അധ്യക്ഷതവഹിച്ചു. ഭരണകൂട ഗൂഢാലോചനയെ ചോദ്യംചെയ്യുന്നവരെ സര്‍ക്കാറും ഇന്‍റലിജന്‍സും വേട്ടയാടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം വൈസ് പ്രസിഡന്‍റ് അഡ്വ.കെ.പി. മുഹമ്മദ്, പി.ഡി.പി സീനിയര്‍ വൈസ് പ്രസിഡന്‍റ് വര്‍ക്കല രാജ്, ഐ.എന്‍.എല്‍ ജില്ലാ പ്രസിഡന്‍റ് കാസിം, മൈനോറിറ്റി റൈറ്റ് വാച്ച് സെക്രട്ടറി മജീദ് നദ്വി,  ഐ.എസ്.എം ഉത്തരമേഖലാ പ്രസിഡന്‍റ് നാസര്‍ മുണ്ടക്കയം, ജോയ് കൈതാരം, ആര്‍. അജയന്‍, സ്വാദിഖ് ഉളിയില്‍ എന്നിവര്‍ പങ്കെടുത്തു.
 സോളിഡാരിറ്റി ജില്ലാ പ്രസിഡന്‍റ് സി.എ. നിഷാദ് സ്വാഗതവും സംസ്ഥാന സെക്രട്ടറി മിന്‍സാദ് റഹ്മാന്‍ നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.