ശബരിമല സുരക്ഷ: പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് എ.ഡി.ജി.പി

കോട്ടയം: ശബരിമല സന്നിധാനത്തും പമ്പയിലും തീര്‍ഥാടകരുടെ അനിയന്ത്രിതമായ തിരക്കുണ്ടാകുമ്പോള്‍ സുരക്ഷക്കായി സാധാരണ പൊലീസ് ഏര്‍പ്പെടുത്തുന്ന സംവിധാനങ്ങള്‍ മാത്രമാണ് ഇത്തവണയും ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ശബരിമല ചീഫ് പൊലീസ് കോഓഡിനേറ്ററും ദക്ഷിണമേഖല എ.ഡി.ജി.പിയുമായ കെ. പത്കുമാര്‍.
ശബരിമലയില്‍ പൊലീസ് കാര്യക്ഷമമല്ളെന്ന രീതിയിലുള്ള വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിരക്ക് വര്‍ധിക്കുമ്പോള്‍ പൊലീസിന് ഫലപ്രദമായ ഇടപെടല്‍ നടത്തേണ്ടിവരും. രണ്ടുദിവസമായി സന്നിധാനത്ത് വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. അതിനാല്‍ 24 മണിക്കൂറും പൊലീസ് ജാഗരൂകരാണ്. വാഹനങ്ങള്‍ നിയന്ത്രിച്ചും നിലക്കലില്‍ പ്രത്യേക സംവിധാനം ഒരുക്കിയും തീര്‍ഥാടകരെ കയറ്റിവിടുന്നതില്‍ ജാഗ്രത പാലിച്ചും പൊലീസ് കാര്യക്ഷമമായാണ് പ്രവര്‍ത്തിക്കുന്നത്. ശബരിമലയില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരും സന്നിധാനത്തും പമ്പയിലും ക്യാമ്പ് ചെയ്താണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. തിരക്കുണ്ടാകുമ്പോള്‍ കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ക്കുപോലും നിയന്ത്രണം വേണ്ടിവരും. എന്നാല്‍, തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രവൃത്തികളൊന്നും പൊലീസിന്‍െറ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. സന്നിധാനത്ത് പഴുതടച്ചുള്ള സുരക്ഷാക്രമീകരണങ്ങളാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.

കടകളില്‍ പരിശോധന: 3.16 ലക്ഷം രൂപ പിഴ
ശബരിമല: സന്നിധാനത്തെ ഹോട്ടലുകള്‍, വിരികള്‍, മറ്റ് കടകള്‍ എന്നിവിടങ്ങളില്‍ ഡ്യൂട്ടി മജിസ്ട്രേറ്റ് ആര്‍. വിജയകുമാറിന്‍െറ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 3.16 ലക്ഷം രൂപ പിഴ ഈടാക്കി. ക്രമക്കേടുകള്‍ കണ്ടത്തെിയ 44 സ്ഥാപനങ്ങളില്‍നിന്നാണ് പിഴ ഈടാക്കിയത്.
ഈ മാസം 13 മുതല്‍ 20വരെ ആയിരുന്നു പരിശോധന. എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് പി. ഉണ്ണികൃഷ്ണന്‍ നായര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ശശികുമാര്‍, അളവുതൂക്ക ഇന്‍സ്പെക്ടര്‍ രതീഷ്, അസിസ്റ്റന്‍റ് രാജേഷ്, റേഷനിങ് ഇന്‍സ്പെക്ടര്‍ പി. ഹരിദാസ്, ഹെഡ് സര്‍വേയര്‍ മണിയന്‍പിള്ള, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗോവിന്ദന്‍ എന്നിവര്‍ പരിശോധന സംഘത്തിലുണ്ടായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.