തിരക്ക് നിയന്ത്രണാതീതം; ദ്രുതകര്‍മ സേന രംഗത്ത്

ശബരിമല: സന്നിധാനത്ത് തിരക്ക് നിയന്ത്രണാതീതമായപ്പോള്‍ പൊലീസ് നിഷ്ക്രിയരായി. തിരക്ക് നിയന്ത്രിക്കാന്‍ ദ്രുതകര്‍മ സേന രംഗത്ത്. രണ്ടു ദിവസമായി സന്നിധാനത്തും പമ്പയിലും പരിസരത്തും ഭക്തരുടെ തിരക്കാണ്.
നടപ്പന്തലിന് മുന്നില്‍ ദര്‍ശനത്തിനത്തെിയവര്‍ തിങ്ങിനിന്നതിനാല്‍ ശനിയാഴ്ച രാത്രിയില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങിയവര്‍ ഒരുമണിക്കൂറോളം നടപ്പന്തലില്‍ കുടുങ്ങി. സന്നിധാനത്ത് തിരക്കുള്ളപ്പോള്‍ പമ്പയിലും മരക്കൂട്ടത്തും പൊലീസുകാര്‍ ഭക്തരെ നിയന്ത്രിക്കാത്തതാണ് തിരക്ക് വര്‍ധിക്കാന്‍ കാരണമായത്. വെര്‍ച്വല്‍ ക്യൂവിലൂടെ എത്തുന്നവരും മണിക്കൂറുകള്‍ നീണ്ട ക്യൂവിനൊടുവിലാണ് ദര്‍ശനം നടത്തിയത്.
പമ്പയില്‍ വാഹനങ്ങളുടെ തിരക്ക് കാരണം നിലക്കലില്‍ വാഹനങ്ങള്‍ തടയുന്നത് പ്രതിഷേധത്തിന് ഇടയായിട്ടുണ്ട്. ഇവിടെ എത്തുന്ന ഭക്തരെ കെ.എസ്.ആര്‍.ടി.സി ചെയിന്‍ സര്‍വിസില്‍ പമ്പയിലത്തെിക്കുകയാണിപ്പോള്‍.
രണ്ടു ദിവസം മുമ്പ് സന്നിധാനത്ത് ചുമതലയേറ്റ പൊലീസുകാര്‍ക്ക് ഭക്തരെ നിയന്ത്രിക്കാനുള്ള പരിചയക്കുറവാണ് തിരക്കിന് കാരണം. തിരക്ക് പരിഗണിച്ച് ശനിയാഴ്ച രാത്രി 11.45 ആണ് നട അടച്ചത്. രണ്ടുദിവസമായി തിരക്ക് വര്‍ധിച്ചതോടെ മരക്കൂട്ടംവരെ ക്യൂ നീണ്ടിരുന്നു.
 ഇതോടെ എട്ടുമണിക്കൂറോളം ഭക്തര്‍ ക്യൂവില്‍ നില്‍ക്കേണ്ടി വന്നു. പലയിടത്തും പൊലീസുകാര്‍ വടംകെട്ടി നിയന്ത്രിച്ചിരുന്നെങ്കിലും ഇതുമറികടക്കാന്‍ നടത്തിയ ശ്രമവും തിരക്കിന് ഇടയാക്കി.
തിരക്ക് വര്‍ധിക്കുമ്പോള്‍ മാളികപ്പുറം സേതുപാലം വഴി ചന്ദ്രാനന്ദന്‍ റോഡിലത്തെി പമ്പയിലേക്ക് എത്താനുള്ള പാത ഭക്തര്‍ ഉപേക്ഷിച്ചതും സന്നിധാനത്ത് തിരക്കിന് ഇടയായി. രാത്രിയില്‍ വെളിച്ചം ഇല്ലാത്തതും ദുര്‍ഗന്ധപൂരിതം ആയതുമാണ് ഈ പാത ഉപേക്ഷിക്കാന്‍ കാരണം.

പൊലീസിന്‍െറ തെറ്റായ നിര്‍ദേശം; ഹരിവരാസനം രണ്ടു മിനിറ്റ് മുമ്പേ
ശബരിമല: പൊലീസിന്‍െറ തെറ്റായ നിര്‍ദേശംമൂലം അയ്യപ്പന്‍െറ ഉറക്കുപാട്ടായ ഹരിവരാസനം രണ്ടു മിനിറ്റ് മുമ്പേ ഉച്ചഭാഷിണിയില്‍ കേള്‍പ്പിച്ചു. ഉറക്കുപാട്ട് പകുതിക്കുവെച്ച് നിര്‍ത്തിയതോടെ ഭക്തരില്‍ ആശയക്കുഴപ്പവുമുണ്ടായി.
ശനിയാഴ്ച രാത്രി 11.25നാണ് സംഭവം. ശ്രീകോവിലിനുള്ളില്‍ മേല്‍ശാന്തിയും സംഘവും ഹരിവരാസനം ചൊല്ലുമ്പോള്‍ ഭക്തര്‍ക്ക് കേള്‍ക്കാനായി യേശുദാസ് ആലപിച്ച ‘ഹരിവരാസന’മാണ് ഉച്ചഭാഷിണിയിലൂടെ പുറത്തുകേള്‍പ്പിക്കുന്നത്.
 ഇത് ഭക്തരും ഏറ്റുപാടും. ഉറക്കുപാട്ട് പാതിയില്‍ നിന്നുപോയതോടെ അയ്യപ്പഭക്തര്‍ക്കും നിര്‍ത്തേണ്ടിവന്നു. തിരുനടയില്‍ ഹരിവരാസന സമയം ആകുമ്പോള്‍ ഡിവൈ.എസ്.പി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥന്‍  വയര്‍ലസ് സന്ദേശം ഉച്ചഭാഷിണിയുടെ മുറിയില്‍ നല്‍കിയാണ് ഹരിവരാസനം കേള്‍പ്പിക്കുന്നത്.
എന്നാല്‍, ശനിയാഴ്ച പുതിയതായി ജോലിക്ക് നിയോഗിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ രണ്ടു മിനിറ്റ് മുമ്പേ തെറ്റായ നിര്‍ദേശം നല്‍കിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്.  തെറ്റായ നിര്‍ദേശം നല്‍കിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ഉണ്ടാകുമെന്ന് ദേവസ്വം ബോര്‍ഡ് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.