തീര്‍ഥാടക വരവില്‍ കുറവ്; ഇനിയുള്ള നാളുകളില്‍ തിരക്ക് കൂടും

ശബരിമല: മണ്ഡലകാലം ഒരു മാസം പിന്നിടുമ്പോഴേക്കും തീര്‍ഥാടകരുടെ വരവില്‍ കുറവ്. വരും ദിവസങ്ങളില്‍ സന്നിധാനത്ത് ഭക്തജനത്തിരക്ക് വര്‍ധിക്കുമെന്നാണ് കേന്ദ്ര-സംസ്ഥാന ഏജന്‍സികളുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു മാസത്തില്‍ ശബരിമലയില്‍ ഏതാനും ദിവസങ്ങള്‍ മാത്രമാണ് തിരക്കനുഭവപ്പെട്ടത്. ഇതോടെ വരുമാനത്തിലും ഗണ്യമായ കുറവുണ്ടായി.
വെര്‍ച്വല്‍ ക്യൂവിലൂടെ ബുക് ചെയ്ത മൂന്നു ലക്ഷത്തോളം അയ്യപ്പഭക്തര്‍ എത്താതിരുന്നതും തിരക്ക് കുറയാന്‍ കാരണമായി. ആദ്യ മാസം വരാതിരുന്നവര്‍ വരും ദിവസങ്ങളില്‍ മലചവിട്ടുന്നതോടെ തിരക്ക് വര്‍ധിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.
ഇതിനായി ക്രമീകരണം ഏര്‍പ്പെടുത്താന്‍ പൊലീസ് ദ്രുതകര്‍മസേന, ദുരന്തനിവാരണസേന എന്നിവരെ അധികമായി വിന്യസിക്കും. കൂടാതെ തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ പൊലീസ് സഹായവും തേടിയിട്ടുണ്ട്. തമിഴ്നാട്ടിലെ പ്രളയത്തെ തുടര്‍ന്ന് ട്രെയിനുകള്‍ റദ്ദാക്കിയതും വാഹന ഗതാഗതം തടസ്സപ്പെട്ടതും തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളില്‍നിന്നുള്ള ഭക്തരുടെ വരവ് കാര്യമായി കുറച്ചു. കഴിഞ്ഞ ഒരു മാസം വെര്‍ച്വല്‍ ക്യൂവില്‍ ബുക് ചെയ്തിരുന്ന ഏകദേശം ഒമ്പതു ലക്ഷത്തോളം പേരില്‍ ആറു ലക്ഷം മാത്രമാണ് ഇതുവരെ ദര്‍ശനം നടത്തിയത്.
ഇനിയും നട തുറന്നിരിക്കുന്ന 35 ദിവസത്തേക്ക് ഏകദേശം 10 ലക്ഷത്തോളം പേരാണ് വെര്‍ച്വല്‍ ക്യൂവില്‍ ബുക് ചെയ്തത്. മണ്ഡലപൂജയുമായി ബന്ധപ്പെട്ട് 25 മുതല്‍ 30വരെയും മകരവിളക്ക് തിരക്ക് അനുഭവപ്പെടുന്ന ജനുവരി 13, 14, 15 തീയതികളിലും വെര്‍ച്വല്‍ ക്യൂ അനുവദിക്കില്ല.
ഒരു ദിവസം പരമാവധി 40,000 പേരെയാണ് വെര്‍ച്വല്‍ ക്യൂവിലൂടെ കടത്തിവിടുന്നത്. നിലവിലെ സാഹചര്യത്തില്‍ ദര്‍ശനം കഴിഞ്ഞ് അയ്യപ്പഭക്തര്‍ നടപ്പന്തല്‍ വഴിയാണ് മടങ്ങുന്നത്.
ഇത് നടപ്പന്തലിലും സന്നിധാനത്തും തിരക്കിന് കാരണമാകുന്നു. ഇത് ഒഴിവാക്കാനായി നാലു വര്‍ഷം മുമ്പ് നിര്‍മിച്ച ബേയ്ലിപാലം അയ്യപ്പഭക്തര്‍ ഉപയോഗിക്കുന്നില്ല. തിരക്ക് വര്‍ധിച്ചാല്‍ ഈ വഴിയും തുറന്നു കൊടുക്കും.
വൈദ്യുതി മുടങ്ങിയാല്‍ വെളിച്ചമത്തെിക്കാനുള്ള അസ്ക ലൈറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. സന്നിധാനത്ത് 13, പമ്പയില്‍ 15 എന്നിങ്ങനെ അസ്ക ലൈറ്റുകളാണുള്ളത്.
ഇത് കൂടുതല്‍ സ്ഥലങ്ങളില്‍ സ്ഥാപിക്കാന്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കും. മരക്കൂട്ടത്തും ക്യൂ കോംപ്ളക്സുകളിലേക്കുമാണ് കൂടുതല്‍ അസ്ക ലൈറ്റുകള്‍ ആവശ്യപ്പെടുക. അടിയന്തര സാഹചര്യമുണ്ടായാല്‍ സന്നിധാനത്തുനിന്ന് രണ്ടു കി.മീ. അകലെയുള്ള ക്യൂ കോംപ്ളക്സുകളില്‍ വേഗം ഇവ എത്തിക്കാന്‍ കഴിയില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.