മനുഷ്യാവകാശദിനത്തെ സമീപിക്കേണ്ടത് വിമര്‍ശാത്മകമായി –ഡോ. കെ.എന്‍. പണിക്കര്‍

തിരുവനന്തപുരം: മനുഷ്യാവകാശദിനത്തെ ആഘോഷമാക്കാതെ വിമര്‍ശാത്മകമായി സമീപിക്കുകയാണ് വേണ്ടതെന്ന് പ്രമുഖ ചരിത്രകാരന്‍ ഡോ. കെ.എന്‍. പണിക്കര്‍. എന്തുനേടി, എന്തുലഭിച്ചു, ഇനിയെന്ത് എന്നബോധമാണ് ഈ ദിനത്തില്‍ സമൂഹത്തിനുണ്ടാകേണ്ടത്. കിട്ടിയ ആനുകൂല്യങ്ങളെക്കുറിച്ചുള്ള പട്ടിക നിരത്തല്‍കൂടി നടത്തണം. എന്നാല്‍, മാധ്യമങ്ങളടക്കം മനുഷ്യാവകാശദിനത്തെ ഇന്ന് ആഘോഷമാക്കുകയാണ്.
 ‘അടിയന്തരാവസ്ഥയെ നേരിടുന്ന മനുഷ്യാവകാശം’ എന്ന വിഷയത്തില്‍ സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് സംഘടിപ്പിച്ച മനുഷ്യാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്ക് ചരിത്രത്തോളം പഴക്കമുണ്ട്.  ഇന്ത്യയില്‍ ഒരുപാട് കരിനിയമങ്ങള്‍ ഉണ്ട്. ടാഡ, പോട്ട തുടങ്ങിയ കരിനിയമങ്ങളില്‍പെടുത്തി ഭീകരതയുടെ മുദ്രകുത്തി തടവിലാക്കുന്നവരില്‍ മനുഷ്യാവകാശ ധ്വംസനം ഏറ്റുവാങ്ങുന്നവരുണ്ട്. ചോദ്യം ചെയ്യപ്പെടാത്ത സമൂഹം നിശ്ചലമാണ്. അതിനാലാണ് ചോദ്യം ചെയ്യപ്പെടലിനെ ഭരണകൂടം എതിര്‍ക്കുന്നത്. ഈയൊരു പരിതസ്ഥിതിയില്‍ നിന്നുകൊണ്ടാവണം മനുഷ്യാവകാശദിനത്തെ നാം സമീപിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഫാഷിസ്റ്റ് വര്‍ഗീയചേരിക്കെതിരെ ശക്തമായ ജനകീയപ്രതിരോധം ഉയര്‍ന്നുവരുന്നുണ്ടെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബി.ആര്‍.പി. ഭാസ്കര്‍ പറഞ്ഞു. ബിഹാറിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കാണുന്നത് അതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ അടിച്ചമര്‍ത്തലിന് ഭരണകൂടം ദുരുപയോഗപ്പെടുത്തുകയാണെന്ന് അധ്യക്ഷതവഹിച്ച സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് ടി. ശാക്കിര്‍  അഭിപ്രായപ്പെട്ടു. ഭാസുരേന്ദ്ര ബാബു, കെ.പി. ശശി, ഡോ. പി.എസ്. ശ്രീകല, കെ. അംബുജാക്ഷന്‍, ടി. പീറ്റര്‍, ആര്‍. അജയന്‍, സമദ് കുന്നക്കാവ്, സി.എ. നൗഷാദ് എന്നിവരും സംസാരിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.