വേദനയില്‍ ആശ്വാസമായി ജിത്തുവിനൊപ്പം ഇനി അച്ഛനില്ല

പുല്‍പള്ളി: രോഗംമൂലമുള്ള ദുരവസ്ഥയില്‍ അച്ഛനായിരുന്നു ജിത്തുവിന്‍െറ എല്ലാം. സ്കൂളില്‍ പോകണമെന്നതടക്കമുള്ള ആഗ്രഹങ്ങളെയെല്ലാം രോഗം കീഴ്പ്പെടുത്തിയപ്പോള്‍, ആശ്വാസമായി കൂടെയുണ്ടായിരുന്നതും അച്ഛനായിരുന്നു. കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ അച്ഛന്‍ കൊല്ലപ്പെട്ടതോടെ മുന്നോട്ടുള്ള ജീവിതവഴിയില്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് ഈ 15കാരന്‍.
ആന ചവിട്ടിക്കൊന്ന പുല്‍പള്ളി വേലിയമ്പം ചുള്ളിക്കാട് കാട്ടുനായ്ക്ക കോളനിയിലെ ചന്ദ്രന്‍െറ മകനാണ് ജിത്തു. ഇരുകാലുകളും മുട്ടിന് കീഴെ വ്രണമായി പൊട്ടിയൊലിക്കുന്നതിനാല്‍ അഞ്ചാം ക്ളാസിനു ശേഷം സ്കൂളില്‍ പോകാന്‍ പറ്റാത്ത അവസ്ഥയാണ്. കാലുകളെ ബാധിച്ച ത്വഗ്രോഗം തുടര്‍പഠനത്തിന് തടസ്സമാവുകയായിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലടക്കം ചികിത്സ തേടിയെങ്കിലും രോഗം കുറഞ്ഞില്ല. ചികിത്സക്ക് സാമ്പത്തിക ചെലവുകള്‍ വര്‍ധിച്ചതോടെ ആശുപത്രിയില്‍ പോകാന്‍ കഴിയാതായി. ഇപ്പോള്‍ പച്ചമരുന്ന് ചികിത്സയിലാണ്. ഇതുകൊണ്ടും രോഗത്തിന് മാറ്റമില്ല.ജിത്തുവിന്‍െറ 17 വയസ്സുള്ള മൂത്ത സഹോദരി മിനിക്കും ഇതേ രോഗമാണ്. അവരും വീട്ടില്‍ തന്നെ കഴിയുന്നു.
രോഗം മൂര്‍ച്ഛിച്ചിട്ടും ജിത്തുവിനെയും സഹോദരിയെയും ആശുപത്രിയിലത്തെിക്കാന്‍ ആരും തയാറായിട്ടില്ല. വനത്തിനുള്ളിലെ കോളനിയിലേക്ക് ട്രൈബല്‍ പ്രമോട്ടര്‍മാരുടെയോ, ആരോഗ്യ പ്രവര്‍ത്തകരുടെയോ ശ്രദ്ധയുണ്ടായിട്ടില്ളെന്ന് അമ്മ ശാന്ത പറഞ്ഞു. പട്ടിക വര്‍ഗ വകുപ്പ് ഇവരുടെ ചികിത്സാകാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നുമില്ല. കാലുകള്‍ ബലമായി നിലത്ത് ചവിട്ടാന്‍ കഴിയാത്തതിനാല്‍ വേദന തിന്ന് വീട്ടിനുള്ളില്‍തന്നെ കഴിയുകയാണ് ഇരുവരും. അച്ഛന്‍െറ സംസ്കാര ചടങ്ങുകളില്‍ ജിത്തു പങ്കെടുത്തത് ഏറെ വേദന സഹിച്ചാണ്. ചന്ദ്രന്‍െറ മരണത്തോടെ ഈ കുടുംബം അനാഥമായിരിക്കയാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.