വയനാട്ടിലെ ക്വാറി മാഫിയക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നെന്ന് മാവോവാദി ലഘുലേഖ


മാനന്തവാടി: വയനാട്ടില്‍ പുതിയ 14 ക്വാറികള്‍ നിര്‍മിച്ചും വനഭൂമികള്‍ തട്ടിയെടുത്തും മുന്നേറുന്ന സമ്പന്നവര്‍ഗത്തിന്‍െറ സഹായിയായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയാണെന്ന് മാവോവാദി ലഘുലേഖ. കാട്ടുതീയുടെ 23ാം ലക്കത്തിലാണ് സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചത്.
ഈ കൊള്ളക്ക് ആവശ്യമായ സൈനികവത്കരണമാണ് സര്‍ക്കാര്‍ ചെയ്തുകൊടുക്കുന്നത്. ആദിവാസി മൂപ്പന്മാര്‍ക്ക് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ച മൊബൈല്‍ ഫോണ്‍ വാഗ്ദാനം പുതിയ ഒറ്റുകാരെ സൃഷ്ടിക്കാനാണ്. അതുവഴി ജനങ്ങളെ തമ്മിലടിപ്പിച്ച് ചോരയൂറ്റിക്കുടിക്കാനുള്ള ചെന്നായയുടെ വക്രബുദ്ധി ഉപയോഗിക്കുകയാണ് ചെന്നിത്തല. ആദിവാസികള്‍ക്ക് വേണ്ടത് മൊബൈല്‍ ഫോണല്ല. ആത്മാഭിമാനത്തോടെ ജീവിക്കാന്‍ കാടിന്‍െറയും വെള്ളത്തിന്‍െറയും ഭൂമിയുടെയും മേലുള്ള സ്വന്തം രാഷ്ട്രീയാധികാരമാണ്. ഓപറേഷന്‍ കുബേരയുടെ പേരില്‍ കുഞ്ഞോത്ത് പുതിയ മോഡല്‍ അറസ്റ്റ് നടന്നതായും ലഘുലേഖയില്‍ പരാമര്‍ശിക്കുന്നു. കര്‍ഷകരുടെ ശവത്തില്‍ കുത്തി മന്ത്രിമാര്‍ രസിക്കുകയാണ്. സെപ്റ്റംബര്‍ രണ്ടിലെ തൊഴിലാളികളുടെ അഖിലേന്ത്യ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചാണ് ലേഖനം അവസാനിക്കുന്നത്. രണ്ട് പേജുള്ള കാട്ടുതീ കഴിഞ്ഞ ദിവസം മാനന്തവാടിയിലെ മാധ്യമസ്ഥാപനങ്ങളില്‍ ആരോ എത്തിക്കുകയായിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.