കൊച്ചി: സംസ്ഥാനത്തെ ജലദുരന്തങ്ങള്‍ക്ക് പ്രധാന കാരണം ജലഗതാഗത മേഖലയിലെ നിരീക്ഷണ സംവിധാനങ്ങളുടെ നിരന്തര പാളിച്ച. നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കഴിയാത്തതാണ് പ്രശ്നം. ആര്‍ക്കും ഏതുസമയത്തും മത്സ്യ ബന്ധനത്തിന്‍െറയും മറ്റും പേരില്‍ ജലയാനങ്ങളുമായി കായലിലേക്കും കടലിലേക്കും തടസ്സങ്ങളൊന്നുമില്ലാതെ പോകാമെന്നതാണ് അവസ്ഥ. അനധികൃത നടപടികള്‍ തടയാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ ഇതുവരെ ഭരണസംവിധാനങ്ങള്‍ക്ക് കഴിഞ്ഞിട്ടുമില്ല.
2010നുശേഷം സംസ്ഥാനത്ത് ബോട്ടുകളും മത്സ്യബന്ധന വള്ളങ്ങളുമുള്‍പ്പെടെയുള്ള ജലയാനങ്ങള്‍ക്ക് കേരള ഇന്‍ലാന്‍ഡ് വെസല്‍സ് റൂള്‍സ് ആണ് ബാധകം. ജലാശയങ്ങളില്‍ സര്‍വിസ് നടത്താന്‍ ഉദ്ദേശിക്കുന്ന ജലവാഹനങ്ങള്‍ക്ക് ഈ നിയമം പ്രകാരമുള്ള രജിസ്ട്രേഷനാണ് വേണ്ടത്. നിയമം വരുംമുമ്പേ സര്‍വിസ് നടത്തുന്ന പഴയ ജലവാഹനങ്ങള്‍ക്ക് പുതിയ നിയമപ്രകാരമുള്ള മാറ്റങ്ങള്‍ വരുത്തി രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരവും നല്‍കിയിരുന്നു. കൊച്ചിക്ക് പുറമെ ആലപ്പുഴ, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ തുറമുഖ വകുപ്പിന്‍െറ കീഴില്‍ രജിസ്ട്രേഷന്‍ സൗകര്യങ്ങളുണ്ട്. എന്നാല്‍, രജിസ്ട്രേഷനില്ലാതെ വെള്ളത്തിലിറങ്ങുന്ന യന്ത്രവത്കൃത മത്സ്യബന്ധന ജലയാനങ്ങള്‍ ഏറെ.
ഇന്‍ലാന്‍ഡ് വെസല്‍സ് റൂള്‍സ് പ്രകാരം ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും മാത്രമല്ല, ജലവാഹനങ്ങളിലെ ജീവനക്കാര്‍ക്കും കൃത്യമായ യോഗ്യത നിശ്ചയിച്ചിട്ടുണ്ട്. അഴിമുഖത്തും കപ്പല്‍ ചാലിലൂടെയും സര്‍വിസ് നടത്തുന്ന ജലവാഹനമോടിക്കുന്നയാള്‍ക്ക് മെര്‍ക്കന്‍ൈറല്‍ മറൈന്‍ വകുപ്പ് നല്‍കുന്ന ലൈസന്‍സ് വേണമെന്നാണ് ചട്ടം. എന്നാല്‍, ഒഴുക്കില്ലാത്ത ജലാശയങ്ങളില്‍ ഓടിക്കാന്‍ അനുവദിച്ചിട്ടുള്ള സാധാരണ ലൈസന്‍സ് മാത്രമുള്ള ഡ്രൈവര്‍മാരാണ് പലപ്പോഴും കപ്പല്‍ ചാലുകളിലുള്‍പ്പെടെയും ബോട്ട് സര്‍വിസ് നടത്തുന്നത്. ബോട്ടുകളുടെ ഫിറ്റ്നസ് പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കും വ്യക്തമായ യോഗ്യത നിയമപരമായി അനുശാസിച്ചിട്ടുണ്ട്. മറൈന്‍ എന്‍ജിനീയറിങ്ങില്‍ ബി.ടെക്, നേവല്‍ ആര്‍കിടെക്ചറില്‍ ബി.ആര്‍ക് കോഴ്സുകള്‍ വിജയിച്ചവരായിരിക്കണം പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കേണ്ടത്. എന്നാല്‍, യോഗ്യതയുള്ള ഉദ്യോഗസ്ഥരുടെ കുറവ് ഈ നിയമം കൃത്യമായി പാലിക്കുന്നതിന് തടസ്സമാകുന്നുണ്ട്.
ഒരു യാത്രാബോട്ടില്‍ 42 ലൈഫ് ബോയകളെങ്കിലും ഉണ്ടാകണമെന്നാണ് ചട്ടം. എന്നാല്‍, പലപ്പോഴും ഇവയുടെ എണ്ണം പത്തില്‍ താഴെയായിരിക്കും. ഇവയില്‍ പലതും ഉപയോഗശൂന്യവുമായിരിക്കും. ലൈഫ് ജാക്കറ്റുകള്‍ പല ബോട്ടുകളിലും കാണാന്‍ പോലും കിട്ടാറില്ല. അതേസമയം, ഇത്തരം സുരക്ഷാ സാമഗ്രികളും മറ്റും കൃത്യമായി കാണിച്ചാകും രജിസ്ട്രേഷന്‍ പുതുക്കിവാങ്ങുന്നത്. മറ്റ് ബോട്ടുകളില്‍നിന്ന് കടമെടുത്തും വാടകക്കെടുത്തും താല്‍ക്കാലികമായി രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാറാണ് പതിവ്.
രജിസ്ട്രേഷന്‍ അനുവദിച്ചാലും അധികൃതര്‍ നിരന്തരം നിരീക്ഷണങ്ങളും പരിശോധനകളും നടത്തണമെന്നാണ് ചട്ടം. എന്നാല്‍, സുരക്ഷാ കാരണങ്ങളാല്‍ രജിസ്ട്രേഷന്‍ പുതുക്കിനല്‍കാന്‍ കഴിയാത്ത ജലയാനങ്ങള്‍ക്കുപോലും അധികൃതര്‍ വഴിവിട്ട് രജിസ്ട്രേഷന്‍ പുതുക്കിനല്‍കാറുണ്ട്. ആര്‍.ടി.ഒ ഓഫിസുകളില്‍ എന്നതുപോലെ ജലഗതാഗത മേഖലയിലും ബോട്ടുടമകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമിടയില്‍ ഇടനിലക്കാരുടെ പ്രവര്‍ത്തനം സജീവമാണ്. ഇവരുടെ സ്വാധീനഫലമായാണ് ഒരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാത്ത ബോട്ടുകള്‍ക്ക് അനുകൂലമായിപ്പോലും അധികൃതരുടെ നിലപാടുണ്ടാകുന്നത്.
സംസ്ഥാനത്ത് സര്‍വിസ് നടത്തുന്ന ബോട്ടുകളെയും വള്ളങ്ങളെയും കുറിച്ച കൃത്യമായ കണക്ക് അധികൃതരുടെ പക്കല്‍ ലഭ്യല്ല. അനധികൃതമായി സര്‍വിസ് നടത്തുന്നവയെ കണ്ടത്തെി നടപടിയെടുക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. ദുരന്തങ്ങളുണ്ടായാല്‍ പിന്നെയുള്ള ദിവസങ്ങളില്‍ അധികൃതരുടെ ഭാഗത്തുനിന്ന് വ്യാപക പരിശോധന പതിവാണ്. എന്നാല്‍, അനധികൃത ജലവാഹനങ്ങള്‍ ഈ പരിശോധനക്കിടെ പിടിച്ചെടുക്കുന്നത് കുറവാണ്. പരിശോധനയുണ്ടാകുമെന്ന് ഉറപ്പുള്ള ഉടമകളും ജീവനക്കാരും അവ ഒളിപ്പിച്ച് അധികൃതരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെടാറാണ് പതിവ്. ദുരന്തത്തിന്‍െറ ചൂടാറുമ്പോള്‍ വീണ്ടും ഇവ വെള്ളത്തിലിറങ്ങും. ഫലത്തില്‍ നിയമസംവിധാനങ്ങള്‍ നോക്കുകുത്തിയാകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.