കെ.എസ്.ആര്‍.ടി.സിയുടെ വായ്പ ഏറ്റെടുക്കാന്‍ 22 ബാങ്കുകള്‍

കോട്ടയം: കെ.ടി.ഡി.എഫ്.സിയില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സിയുടെ വായ്പ കുറഞ്ഞ പലിശനിരക്കില്‍ ദീര്‍ഘകാലമാക്കി മാറ്റാനുള്ള പദ്ധതിയുമായി സഹകരിക്കാന്‍ 22 ദേശസാത്കൃത ബാങ്കുകള്‍ സന്നദ്ധം. കോര്‍പറേഷനെ ‘വിഴുങ്ങുന്ന’ കെ.ടി.ഡി.എഫ്.സിയിലുള്ള 1366.19 കോടിയുടെ വായ്പയാണ് ദേശസാത്കൃത ബാങ്കുകളിലേക്ക് മാറ്റുന്നത്. കെ.ടി.ഡി.എഫ്.സിയെ ഒഴിവാക്കുന്നതിലൂടെ പ്രതിമാസം 40 കോടിയുടെ ലാഭമാണ് കോര്‍പറേഷന്‍ പ്രതീക്ഷിക്കുന്നത്.

നിലവില്‍ കെ.ടി.ഡി.എഫ്.സി വായ്പക്ക് 14.25 മുതല്‍ 16.25 ശതമാനം വരെയാണ് പലിശ. തിരിച്ചടവ് കാലാവധി നാലുവര്‍ഷമാണ്. ഇത് ഏറ്റെടുക്കുമ്പോള്‍ 12 ശതമാനം പലിശയും 12 വര്‍ഷം തിരിച്ചടവ് കാലാവധിയുമെന്ന നിബന്ധനയാണ് കെ.എസ്.ആര്‍.ടി.സി മുന്നോട്ടുവെച്ചത്.
ഇത് അംഗീകരിച്ച് പ്രധാനമായി എസ്.ബി.ഐ, കാനറ, എസ്.ബി.ടി, വിജയ, ഇന്ത്യന്‍ ഓവര്‍സീസ്, ലക്ഷ്മിവിലാസ്, ഇന്ത്യന്‍ ബാങ്ക് അടക്കമുള്ളവയാണ് രംഗത്തത്തെിയത്. ബാങ്കുകള്‍ ഒറ്റക്ക് ഈ വായ്പ ഏറ്റെടുക്കാന്‍ തയാറല്ലാത്തതിനാല്‍ കണ്‍സോര്‍ഷ്യം രൂപവത്കരിക്കും. കാനറ, എസ്.ബി.ടി എന്നിവ ചേര്‍ന്ന് വായ്പയില്‍ വലിയൊരു ശതമാനം ഏറ്റെടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ബാക്കി ബാധ്യത ഏറ്റെടുക്കുന്നതിന് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അന്തിമ വ്യവസ്ഥകള്‍ രൂപപ്പെടുത്തി സെപ്റ്റംബര്‍ പകുതിയോടെ ബാങ്കുകളുമായി കരാര്‍ ഒപ്പിടാനാണ് ധാരണ. സര്‍ക്കാര്‍ ഗ്യാരണ്ടിക്കൊപ്പം കെ.എസ്.ആര്‍.ടി.സിയുടെ സ്ഥലവും ഈടായി ബാങ്കുകള്‍ക്ക് നല്‍കും.

പ്രതിമാസം കെ.ടി.ഡി.എഫ്.സിയിലേക്ക് പലിശ സഹിതം 56.5 കോടിയാണ് കെ.എസ്.ആര്‍.ടി.സിയുടെ തിരിച്ചടവ്. ഏതാണ്ട് 600 കോടിയോളം വര്‍ഷംതോറും ഇതിനായി മാത്രം വേണം. ബാങ്ക് കണ്‍സോര്‍ഷ്യത്തിലേക്ക് വായ്പ മാറ്റുന്നതോടെ പലിശഭാരം കുറയുന്നതിനൊപ്പം കാലാവധി 12 വര്‍ഷമായി വര്‍ധിക്കുന്നതിനാല്‍ മാസം തോറുമുള്ള തിരിച്ചടവ് 20 കോടിയില്‍ താഴെയാകും. ഇതോടെ ശമ്പളവും പെന്‍ഷനും മുടക്കമില്ലാതെ വിതരണം ചെയ്യാന്‍ കഴിയും. ഇതിനൊപ്പം 50 ലക്ഷത്തിന്‍െറ വരുമാന വര്‍ധനകൂടി ഉണ്ടായാല്‍ സര്‍ക്കാറിന്‍െറ സാമ്പത്തിക സഹായമില്ലാതെ കെ.എസ്.ആര്‍.ടി.സിക്ക് പിടിച്ചുനില്‍ക്കാമെന്നും അധികൃതര്‍ കണക്കുകൂട്ടുന്നു.

കഴിഞ്ഞസാമ്പത്തിക വര്‍ഷം അവസാനത്തോടെ വായ്പ മാറ്റാനാണ് കെ.എസ്.ആര്‍.ടി.സി തീരുമാനിച്ചതെങ്കിലും ആസ്തിയും വായ്പയും തമ്മിലെ അന്തരം കുറഞ്ഞുനിന്നത് തടസ്സമായിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം കോര്‍പറേഷന്‍െറ 1090 കോടിയുടെ വായ്പ ബാധ്യത സര്‍ക്കാര്‍ ഓഹരിയാക്കിയിരുന്നു. ഇതോടെ ഇപ്പോള്‍ കൂടുതല്‍ വായ്പ ഏടുക്കാന്‍ കഴിയുമെന്നതാണ് സ്ഥിതി.  ജൂണ്‍വരെ 1760.27 കോടി രൂപയുടെ ബാധ്യതയാണ് കെ.എസ്.ആര്‍.ടി.സിക്ക് വിവിധ സ്ഥാപനങ്ങളിലുള്ളത്. കെ.ടി.ഡി.എഫ്.സി വായ്പക്ക് പുറമേ ഹഡ്കോയില്‍നിന്നെടുത്ത 139.76 കോടിയും എല്‍.ഐ.സിയില്‍നിന്നുള്ള 65 കോടിയും തിരിച്ചടക്കാനുണ്ട്. പാലക്കാട് ജില്ലാ സഹകരണ ബാങ്കില്‍നിന്ന് 180.85 കോടിയുടെയും കെ.എസ്.ടി സൊസൈറ്റിയില്‍നിന്ന് 8.47 കോടിയും കോര്‍പറേഷന്‍ കടം എടുത്തിട്ടുണ്ട്. 57 കോടി ശമ്പളത്തിനും 48 കോടി പെന്‍ഷനുമായി ചെലവഴിക്കേണ്ടിവരുന്ന കോര്‍പറേഷന്‍െറ പ്രതിവര്‍ഷം നഷ്ടം1260 കോടിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.