തസ്നി ബഷീറിന്‍െറ മൃതദേഹം ഖബറടക്കി

നിലമ്പൂര്‍: തിരുവനന്തപുരം എന്‍ജിനിയറിങ് കോളജില്‍ ജീപ്പിടിച്ച് മരിച്ച തസ്നി ബഷീറിന്‍െറ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഖബറടക്കി. നിലമ്പൂര്‍ വഴിക്കടവ് മണിമൂളി ജുമാമസ്ജിദില്‍ രാവിലെ ഒമ്പതിനാണ് ഖബറടക്കം നടന്നത്. മൃതദേഹം എത്തിക്കുന്നതിന് മുമ്പും ശേഷവും നിലക്കാത്ത ജനപ്രവാഹമായിരുന്നു. തിരുവനന്തപുരം എന്‍ജിനിയറിങ് കോളജില്‍ നിന്നും തങ്ങളുടെ സഹപാഠിയെ അവസാനമായി ഒരു നോക്കുകാണാന്‍ വിദ്യാര്‍ഥികള്‍ വഴിക്കടവിലെ വീട്ടിലും എത്തി. മന്ത്രിമാരായ പി.കെ അബ്ദുറബ്ബ്, ആര്യാടന്‍ മുഹമ്മദ്, സി.പി.എം നേതാവ് ടി.കെ ഹംസ എന്നിവരും മരണ വീട്ടിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.

സര്‍ക്കാറിന്‍െറ അനാസ്ഥ കാരണമാണ് തസ്നിയുടെ മരണം സംഭവിച്ചതെന്ന് പിതാവ് ബഷീര്‍ പറഞ്ഞു. നാളെ മറ്റൊരു കുട്ടിക്ക് ഈ അവസ്ഥ ഉണ്ടാവരുതെന്നും ബഷീര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ബഷീര്‍ ഗള്‍ഫില്‍ നിന്ന് വെള്ളിയാഴ്ച വൈകീട്ടാണ് നാട്ടില്‍ എത്തിയത്. 31 വര്‍ഷമായി ദോഹയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയാണ് ഇദ്ദേഹം.

വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം തിരുവനന്തപുരത്തു നിന്നും വഴിക്കടവിലെ വീട്ടില്‍ എത്തിച്ചത്. വെള്ളിയാഴ്ച രാവിലെ 11നാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായത്. തുടര്‍ന്ന് ചാലക്കുഴി മസ്ജിദിലത്തെിച്ച് കുളിപ്പിച്ച് കഫന്‍ ചെയ്ത് 12.30ഓടെ കോളജില്‍ എത്തിച്ചു. 12.55 വരെ കാമ്പസില്‍ പൊതുദര്‍ശനത്തിനുവെച്ചതിന് ശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുവരികയായിരുന്നു.

അതേസമയം, കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ജീപ്പ് ഓടിച്ചിരുന്ന ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥി കണ്ണൂര്‍ സ്വദേശി ബൈജു അടക്കം പന്ത്രണ്ട് വിദ്യാര്‍ഥികള്‍ക്കെതിരെയാണ് പോലീസ് നരഹത്യക്ക് കേസെടുത്തത്. വിദ്യാര്‍ഥികളെല്ലാം ഒളിവിലാണ്. ജീപ്പിലുണ്ടായിരുന്ന മറ്റുള്ളവരും ഇതേ കോളജിലെ വിദ്യാര്‍ഥികളാണ്. ഡി.സി.പി കെ. സജ്ജയ്കുമാറിന്‍െറ മേല്‍നോട്ടത്തില്‍ മെഡിക്കല്‍ കോളജ് സി.ഐയുടെയും ശ്രീകാര്യം എസ്.ഐയുടെയും നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.