ഹനീഫ വധത്തില്‍ പങ്കില്ലെന്ന്‌ മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍

തിരുവനന്തപുരം: അടിപിടിക്കുപോലും കൂട്ടുനില്‍ക്കുന്ന ആളല്ല താനെന്ന് മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍. 60 കൊല്ലമായി തൃശൂരില്‍ പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നു. ഡി.സി.സി പ്രസിഡന്‍റായിരുന്നപ്പോള്‍ എതിരാളികളോടുപോലും മാന്യമായാണ് പെരുമാറിയിരുന്നത്. ഹനീഫയുടെ ദാരുണമായ കൊലപാതകത്തില്‍ തനിക്ക് പങ്കില്ല. തൃശൂരില്‍ ഗ്രൂപ് പോരില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവ് ഹനീഫയുടെ മാതാവ് നടത്തിയ പരാമര്‍ശത്തെക്കുറിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തെറ്റ് ചെയ്തത് ആരാണെങ്കിലും ശിക്ഷിക്കപ്പെടണം. ആരോപണം ആര്‍ക്കും ഉന്നയിക്കാം എന്നാല്‍, തൃശൂരില്‍ പോയി വസ്തുതകള്‍ അന്വേഷിക്കണം. താന്‍ ഗ്രൂപ്പിന്‍െറ മന്ത്രിയല്ല, സഹകരണ മന്ത്രിയാണ്. അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആഭ്യന്തരമന്ത്രിയോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കണ്‍സ്യൂമര്‍ഫെഡിലെ വിജിലന്‍സ് അന്വേഷണം സംബന്ധിച്ച് സര്‍ക്കാറിന് റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല. കരാറുകാര്‍ക്കുള്ള പണം കൊടുത്തുതീര്‍ക്കാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. ഓണച്ചന്ത നടത്താന്‍ നടപടിയായി. 3000ത്തോളം ചന്തകള്‍ തുടങ്ങും. സഹകരണ സ്ഥാപനങ്ങള്‍ക്കും അനുമതി നല്‍കും. ലാഭകരമായി ഇവ നടത്താനാകില്ല. സബ്സിഡി നല്‍കിയാലേ വിലകുറച്ച് സാധനങ്ങള്‍ നല്‍കാനാകൂ. സാധനങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. 150 കോടി വായ്പ എടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും 25 കോടിയേ കിട്ടിയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.