പൊലീസ് ഉദ്യോഗസ്ഥനെതിരായ വിജിലന്‍സ് ആഭ്യന്തര റിപ്പോര്‍ട്ട് പൂഴ്ത്തി

മലപ്പുറം: അഴിമതിക്കേസില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന വിജിലന്‍സ് ഡയറക്ടറുടെ ഉത്തരവ് ആഭ്യന്തര വകുപ്പ് നടപ്പാക്കിയില്ല. വിജിലന്‍സ് കുറ്റക്കാരനാണെന്ന് കണ്ടത്തെിയ കെ.എ.പി (രണ്ട്) കമാന്‍ഡന്‍റ് യു. ഷറഫലിക്കെതിരായ വിജിലന്‍സ് റിപ്പോര്‍ട്ടാണ് ആഭ്യന്തര  വകുപ്പ് പൂഴ്ത്തിയത്. വിജിലന്‍സ് റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ പൊതുമരാമത്ത്, ജലവിഭവ വകുപ്പുകളിലെ രണ്ട് ചീഫ് എന്‍ജിനീയര്‍മാര്‍ക്കെതിരെ ആഭ്യന്തരവകുപ്പ് നടപടിയെടുത്തപ്പോഴാണ് സ്വന്തം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്നത് വിവാദമാകുന്നത്.
മലപ്പുറം എം.എസ്.പി കമാന്‍ഡന്‍റായിരിക്കെ ഷറഫലിക്കെതിരെ ഉയര്‍ന്ന പരാതികളിലാണ് വിജിലന്‍സ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. ഇതുസംബന്ധിച്ച് 2015 മേയ് 18ന് ആഭ്യന്തര വകുപ്പിലെ അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഷറഫലിയെ സസ്പെന്‍ഡ് ചെയ്യണമെന്ന് ശിപാര്‍ശ ചെയ്തിരുന്നു. രണ്ടര മാസമായിട്ടും ആഭ്യന്തര വകുപ്പ് ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചിട്ടില്ല.മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ താരം കൂടിയായ ഷറഫലിയുടെ ഉന്നത ബന്ധങ്ങളാണ് നടപടിയെടുക്കാതിരിക്കാന്‍ കാരണമെന്ന് ആരോപണമുണ്ട്. ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥര്‍ സ്ഥാനത്ത് തുടരുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നാണ് ഇതര വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത് സംബന്ധിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിശദീകരിച്ചത്. എന്നാല്‍, എം.എസ്.പിയിലെ അഴിമതി സംബന്ധിച്ച് വിജിലന്‍സ് ഡിവൈ.എസ്.പി അന്വേഷണം തുടരവെ ഷറഫലി ഇപ്പോള്‍ പാലക്കാട് കെ.എ.പി (രണ്ട്) കമാന്‍ഡന്‍റായി പ്രവര്‍ത്തിക്കുകയാണ്. ഒൗദ്യോഗിക ഫണ്ട് ഉപയോഗിച്ച് എം.എസ്.പി വളപ്പിലെ കുന്നിടിച്ച് സ്വകാര്യ വ്യക്തിയുടെ ഭൂമിയിലേക്ക് റോഡ് നിര്‍മിച്ചതാണ് ഷറഫലിക്കെതിരായ പ്രധാന കേസ്. എം.എസ്.പിക്ക് പ്രത്യേകിച്ച് ഗുണമൊന്നുമില്ലാത്ത റോഡിന്‍െറ ഗുണഭോക്താവ് സമീപത്ത് ഭൂമിയുണ്ടായിരുന്ന സ്വകാര്യ വ്യക്തിയായിരുന്നു. എം.എസ്.പി റോഡ് തുറന്നതോടെ, വഴിയില്ലായിരുന്ന ഈ ഭൂമിയുടെ വില കുത്തനെ വര്‍ധിച്ചു. ടെന്‍ഡറില്ലാതെ എം.എസ്.പി കാന്‍റീനിനും മറ്റുമായി നടന്ന കെട്ടിടം പണികള്‍, സ്കൂള്‍ മൈതാനത്ത് മതില്‍കെട്ടല്‍, സ്കൂളിലെ വിദ്യാര്‍ഥി പ്രവേശം, എം.എസ്.പി മൈതാനം വിവിധ മേളകള്‍ക്ക് വിട്ടുകൊടുത്തത് തുടങ്ങി ആരോപണ വിധേയമായ സംഭവങ്ങളെല്ലാം ഒറ്റ കേസായി പരിഗണിച്ചാണ് അന്വേഷണം മുന്നോട്ട് നീങ്ങുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.