ആനവേട്ട: അന്വേഷണം പരാജയമെന്ന് ആക്ഷേപം

തിരുവനന്തപുരം: ആനവേട്ടയിലെ അന്വേഷണം പരാജയമെന്ന് ആക്ഷേപം. ഉത്തരവാദിത്തം സംബന്ധിച്ച് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലെ പോര് മുറുകിയതോടെ തെളിവുകള്‍ നശിപ്പിക്കുന്നതായും സൂചനയുണ്ട്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആനവേട്ട നടത്തിയതിന് സംസ്ഥാനതലത്തില്‍ വനംവകുപ്പ് എത്ര കേസെടുത്തെന്നതിന്‍െറ കണക്ക് വനംവകുപ്പ് ആസ്ഥാനത്ത് ലഭ്യമല്ല. ആനവേട്ടയില്‍ വടക്കന്‍ വയനാട്ടില്‍ ഒരു കേസും തെക്കന്‍ വയനാട്ടില്‍ രണ്ടുകേസുമാണ് എടുത്തത്. നെന്മാറ ഡിവിഷനില്‍ കൊല്ലങ്കോട് റെയ്ഞ്ചില്‍ ലൈനില്‍ നിന്ന് കറന്‍റ് ചോര്‍ത്തി ഷോക്കേല്‍പ്പിച്ച് കാട്ടാനയെ കൊന്നതുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ക്കെതിരെ കേസെടുത്തിരുന്നു. സംസ്ഥാനത്ത് നിരവധി ആനവേട്ടസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടമ്പുഴയില്‍തന്നെ മൂന്ന് സംഘങ്ങളെങ്കിലും രംഗത്തുണ്ട്. ആനക്കൊമ്പ് വ്യാപാരം കുലത്തൊഴിലാക്കിയവര്‍ പ്രവര്‍ത്തിച്ചത് വനംവകുപ്പ് ആസ്ഥാനത്തിന് തൊട്ടടുത്താണ്. ഇവരില്‍നിന്ന് കൊമ്പ് കണ്ടത്തെിട്ടും ഉറവിടം അന്വേഷിക്കുന്നതില്‍ ഉന്നത ഉദ്യോഗസ്ഥര്‍ താല്‍പര്യം കാണിക്കുന്നില്ല.
ചത്ത ആനയുടെ തൊലി മണ്ണില്‍ ചേരാന്‍ ഒരുവര്‍ഷം വേണം. അത്രക്ക് കട്ടിയുള്ള തൊലിയാണ് ആനയുടേത്. ജഡം കിടക്കുന്നതിന് ഏതാണ്ട് 30-40 സെന്‍റ് ചുറ്റളവില്‍ പുല്ലുകള്‍ പോലും കരിഞ്ഞുപോവും. ജഡം ചീഞ്ഞുതീരാന്‍ അഞ്ചെട്ട് മാസം വേണ്ടിവരും. നാല്കിലോമീറ്റര്‍ ദൂരത്തോളം മാംസം അഴുകിയ ഗന്ധം വ്യാപിക്കും. പുഴയില്‍ വെള്ളത്തില്‍ മൂടിക്കിടന്നാല്‍ മാത്രമാണ് ഇതൊന്നും അറിയാതെ പോവുന്നത്. മലയാറ്റൂര്‍ മേഖലയില്‍ അഞ്ച് സ്ഥലങ്ങളിലാണ് ജഡാവശിഷ്ടത്തിന്‍െറ ഭാഗമായ എല്ലിന്‍കഷണങ്ങള്‍ കണ്ടത്തെിയത്. ഇതില്‍ നാലെണ്ണം കരിമ്പാനി വനാതിര്‍ത്തിയിലും മറ്റൊന്ന് തുണ്ടത്തില്‍ റെയ്ഞ്ചിലെ ഇടമലയാര്‍ അതിര്‍ത്തിയിലുമായിരുന്നു.
ഇവിടെ ആനകളെ വേട്ടയാടിയത് ഉള്‍വനത്തില്ല. ആനത്താവളത്തിലുമല്ല. എന്നിട്ടും അസാധാരണമായ വെടിശബ്ദം കേട്ടതായിപ്പോലും വനംവകുപ്പ് ഓഫിസ് ഡയറിയില്‍ രേഖപ്പെടുത്തിയിട്ടില്ല. ഷാര്‍പ്പ് ഷൂട്ടറായ അയ്ക്കര വാസുവിന് ആത്മഹത്യ ചെയ്യുന്നതിന് സമയം നല്‍കിയതും വനംവകുപ്പ് ഉദ്യോഗസ്ഥരാണ്. വാസു എവിടെയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ക്ക് അറിയാമായിരുന്നിട്ടും പിടിക്കാനുള്ള താല്‍പര്യം അവര്‍ കാണിച്ചില്ല. ആനക്കൊമ്പ് കയറ്റുമതി നടത്തിയവര്‍ക്കെതിരെയുള്ള അന്വേഷണവും നിലച്ചമട്ടാണ്. ആനക്കൊമ്പ് കയറ്റുമതിയുമായി ഉന്നത രാഷ്ട്രീയനേതാക്കള്‍ക്ക് ബന്ധമുണ്ടെന്നും ആരോപണമുണ്ട്.
- ആര്‍.സുനില്‍
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.