ഓഫിസുകള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ മരണംവരെ നിരാഹാരം –ഗൗരിയമ്മ

ആലപ്പുഴ: ജെ.എസ്.എസിന്‍െറ ഓഫിസുകള്‍ രാഷ്ട്രീയ പ്രേരിതമായി പിടിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ ആഭ്യന്തരമന്ത്രിയുടെ ഓഫിസിന് മുന്നില്‍ മരണംവരെ നിരാഹാരം നടത്തുമെന്ന് കെ.ആര്‍. ഗൗരിയമ്മ. തിരുവനന്തപുരം നന്ദന്‍കോടിന് സമീപമുള്ള ജെ.എസ്.എസിന്‍െറ സംസ്ഥാന കമ്മിറ്റി ഓഫിസ് രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ആര്‍.ഡി.ഒയുടെ നോട്ടീസ് തെറ്റായ നടപടിയാണ്. ആഭ്യന്തരമന്ത്രിയുടെ ഒത്താശയോടെ ജെ.എസ്.എസില്‍നിന്ന് നേരത്തേ വിട്ടുപോയ രാജന്‍ബാബുവും കെ.കെ. ഷാജുവും നടത്തുന്ന നീക്കത്തിന്‍െറ ഭാഗമാണിതെന്ന് അവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ഓഫിസിനുമേല്‍ അവകാശവാദം ഉന്നയിക്കാന്‍ ഇവര്‍ക്ക് ഒരു അധികാരവുമില്ല. പാര്‍ട്ടി രൂപവത്കരിച്ച സമയത്ത് ഇല്ലാത്തവരാണ് ഇവര്‍. ആര്‍.ഡി.ഒ ഓഫിസില്‍ പരാതി കൊടുത്ത് തര്‍ക്കവസ്തുവാക്കാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയ കുതന്ത്രമാണ്. ആര്‍.ഡി.ഒയുടേത് നഗ്നമായ നിയമലംഘനവുമാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫിസുകള്‍ സംരക്ഷിക്കേണ്ടത് ആഭ്യന്തരവകുപ്പാണ്. വകുപ്പ് അറിയാതെ ആര്‍.ഡി.ഒ ഇത്തരത്തിലൊരു നടപടിക്ക് ശ്രമിക്കില്ല. 2001-06ല്‍ താന്‍ മന്ത്രിയായിരിക്കെയാണ് തിരുവനന്തപുരത്ത് ഓഫിസ് വാങ്ങിയത്. തന്‍െറ സമ്പാദ്യം ഉപയോഗിച്ചാണ് വാങ്ങിയത്. 2006ല്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാന കമ്മിറ്റി ഓഫിസ് ആലപ്പുഴയിലേക്ക് മാറ്റി. പിന്നീട് അത് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസായും പ്രവര്‍ത്തിച്ചു.
1994ലാണ് തെരഞ്ഞെടുപ്പ് കമീഷന്‍ പാര്‍ട്ടിക്ക് അംഗീകാരം നല്‍കിയത്. ജനറല്‍ സെക്രട്ടറിയായ തന്‍െറ പേരിലാണ് അന്നുമുതല്‍ വിവിധ സ്ഥലങ്ങളില്‍ ഓഫിസുകള്‍ വാങ്ങിയത്. തന്‍െറയും ഭര്‍ത്താവ് ടി.വി. തോമസിന്‍െറയും പേരില്‍ കിട്ടുന്ന പെന്‍ഷന്‍ തുകയില്‍നിന്നാണ്  ആലപ്പുഴയിലെ സംസ്ഥാന കമ്മിറ്റി ഓഫിസിലെ ജീവനക്കാര്‍ക്ക് അലവന്‍സ് നല്‍കിവന്നത്. രാജന്‍ബാബുവും കൂട്ടരും 2014 ജനുവരിയില്‍ ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോയവരാണ്. അതോടെ, അവര്‍ പാര്‍ട്ടി അംഗങ്ങളല്ലാതായി മാറി. ഇപ്പോള്‍ അവരുടെ താല്‍പര്യം മുന്‍നിര്‍ത്തി രാഷ്ട്രീയ കളിക്ക് ആരും മുതിരരുതെന്ന് ഗൗരിയമ്മ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി സി.എം. അനില്‍കുമാര്‍, ജോയിന്‍റ് സെക്രട്ടറി നാലുകണ്ടത്തില്‍ കൃഷ്ണകുമാര്‍ എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.