യുവാക്കളുടെ ക്ഷേമ പദ്ധതികൾക്കായി അനുവദിച്ച 20 ലക്ഷം യുവജന കമീഷൻ വകമാറ്റിയെന്ന് റിപ്പോർട്ട്

കോഴിക്കോട് :യുവാക്കളുടെ ക്ഷേമ പദ്ധതികൾക്കായി അനുവദിച്ച ഫണ്ടിൽ  20 ലക്ഷം രൂപ സംസ്ഥാന യുവജന കമീഷൻ (കെ.എസ്.വൈ.സി) വകമാറ്റിയെന്ന് റിപ്പോർട്ട്. യുവജനക്ഷേമത്തിന്റെ പ്രത്യേക ലക്ഷ്യങ്ങൾക്കായി അനുവദിച്ച ഫണ്ടാണ് കമീഷൻ വകമാറ്റി ചെലവഴിച്ചത്. അന്തരാഷ്ട്രാ ഫിലിം ഫെസ്റ്റിവൽ സ്പോൺസർ ചെയ്യുന്നതിനാണ് 10 ലക്ഷം രൂപ വീതം വക മാറ്റിയതെന്നും പരിശോധയിൽ കണ്ടെത്തി. സി.പി.എം നേതാവ് ഡോ. ചിന്ത ജോറോം ചെയർപേഴ്സൻ ആയിരുന്നപ്പോഴാണ് ഫണ്ട് വകമാറ്റി ചെലവഴിച്ചത്.

യുവജനങ്ങളുടെ ക്ഷേമത്തിനായി വിവിധ പദ്ധതികൾക്കായി നടപ്പിലാക്കുന്നതിന് നിയമസഭ യുവജന കമീഷനെ അധികാരപ്പെടുത്തിയിരുന്നു. 2021-22 ൽ 75,42,000, 2022-23 ൽ 62,00,000 രൂപ എന്നിങ്ങനെ പ്ലാൻ സ്കീമുകൾക്കായി അനുവദിച്ചു. മദ്യം, മയക്കുമരുന്ന് ഉപയോഗം, റാഗിങ് എന്നിവക്കെക്കെതിരായ ബോധവൽക്കരണ പരിപാടി ഇതിൽ ഉൾപ്പെടുന്നു. സൈബർ കുറ്റകൃത്യങ്ങൾ, ഭീകരവാദം, റോഡ് സുരക്ഷ, കോളജുകളിലും എസ്‌.സി/എസ്‌.ടി കോളനികളിലും യുവാക്കൾക്കായി മാനസികാരോഗ്യ പരിപാടികൾ നടത്തുന്നതിനും ഗ്രീൻ യൂത്ത് പ്രോഗ്രാം, വെർച്വൽ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ച് തുടങ്ങിയ യൂത്ത് ഫെലിസിറ്റേഷൻ പ്രോഗ്രാമുകൾക്കുമാണ് പ്ലാൻ ഫണ്ടുകൾ വിനിയോഗിക്കേണ്ടത്.

എന്നാൽ, കണക്കുകൾ പരിശോധിച്ചതിൽ, യുവജനക്ഷേമത്തിന്റെ പ്രത്യേക ലക്ഷ്യങ്ങൾക്കായി അനുവദിച്ച ഫണ്ടിന്റെ ഗണ്യമായ ഒരു ഭാഗം കമീഷൻ സംസ്ഥാന ചലച്ചിത്ര അക്കാദമിയിലേക്ക് മാറ്റിയതായി കണ്ടെത്തി. അന്താരാഷ്ട്ര ചലച്ചിത്രമേളയുമായി ബന്ധപ്പെട്ട ചെലവുകൾക്കായി, 2021-22, 2022-23 വർഷങ്ങളിൽ 10 ലക്ഷം വീതം വകമാറ്റി.

ചലച്ചിത്ര അക്കാദമി നടത്തിയ 'കേരള ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ലൈഫ് ടൈം അച്ചീവ്‌മെൻറ് അവാർഡ്' സ്പോൺസർ ചെയ്യുന്നതിനായി തുക വിനിയോഗിച്ചു. ചലച്ചിത്ര അക്കാദമി സമർപ്പിച്ച യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് പ്രകാരം, യുവജന കമീഷനെ പ്രതിനിധീകരിച്ച് ചില പരസ്യങ്ങൾ കാണിക്കുകയും കമീഷന്റെ ലോഗോ പ്രദർശിപ്പിക്കുകയും അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ കമീഷന് 23 പാസുകൾ നൽകുകയും ചെയ്തു.

യുവജന കമീഷനുള്ള ഫണ്ട് വിനിയോഗിക്കേണ്ടത് മദ്യം,മ യക്കുമരുന്ന് മുതലായ ഉപയോഗത്തിനെതിരെ യുവാക്കളെ ബോധവത്കരിക്കുന്നതിന് നിയമസഭ അനുവദിച്ചതാണെന്ന് പരിശോധനയിൽ വ്യക്തമായി. ഈ തുക അനുവദിച്ച ആവശ്യത്തിന് ഉപയോഗിക്കുന്നതിന് പകരം, കമീഷൻ 10 ലക്ഷം രൂപ വകമാറ്റി ചെലവഴിച്ചു. 2021-22, 2022-23, വർഷങ്ങളിൽ നയമസഭയുടെ അറിവില്ലാതെ, അനുമതിയില്ലാതെയാണ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ലൈഫ് ടൈം അവാർഡുകൾ സ്പോൺസർ ചെയ്തത്. മദ്യം, മയക്കുമരുന്ന്, സൈബർ കുറ്റകൃത്യങ്ങൾ എന്നിവ വർധിച്ചു വരുന്ന കാലത്താണ് യുവജന കമീഷൻ തുക വകമാറ്റിയതെന്നത് വാൻവീഴ്ചയാണ്.

സംസ്ഥാന യുവജന കമ്മീഷൻ 2014 ലാണ് രൂപീകരിച്ചത്. ഒരു അർദ്ധ ജുഡീഷ്യൽ ബോഡിയാണിത്. സംസ്ഥാന സർക്കാരിന് കീഴിലുള്ള കമീഷൻ യുവാക്കളുടെ അവകാശ സംരക്ഷണത്തിനുള്ള ഒരു ഏജൻസിയായിട്ടാണ് പ്രവർത്തിക്കുന്നത്. യുവാക്കൾക്ക് അവരുടെ വ്യക്തിത്വവും പ്രവർത്തന ശേഷിയും വികസിപ്പിച്ചെടുക്കാനും അവരുടെ നിയമാനുസൃതമായ അവകാശങ്ങൾ സംരക്ഷിക്കാനും നീതിമാൻമാരായി മാറാനുമുള്ള അവസരങ്ങൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുവജന കമീഷൻ രൂപീകരിച്ചത്. നിയമത്തിൽ വിഭാവനം ചെയ്തിട്ടുള്ള ചുമതലകളും ചുമതലകളും നടപ്പിലാക്കുന്നതിനായി, കമീഷൻ നിരവധി പദ്ധതികളും മറ്റ് സാമൂഹിക ബോധവൽക്കരണ പരിപാടികളും ആരംഭിച്ചിരുന്നു. ഇതിനിലയിലാണ് യുവാക്കളുടെ ക്ഷേമത്തിനായുള്ള പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കേണ്ട ഫണ്ട് കമീഷൻ വകമാറ്റി ചെലവഴിച്ചത്.

Tags:    
News Summary - It is reported that the Youth Commission has diverted 20 lakhs of funds allocated for youth welfare schemes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.