ദിസ്പൂർ: അസമീസ് ഗായകൻ സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട് അടുത്ത ബന്ധുവായ പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. സെപ്റ്റംബർ 19ന് സിംഗപ്പൂരിൽ ഒരു സ്കൂബാ ഡൈവിങ്ങിനിടെയാണ് 52കാരനായ ഗായകൻ മരണപ്പെട്ടത്. മരണവുമായി ബന്ധപ്പെട്ട് നിരവധി ദുരൂഹതകൾ ഉയർന്നിരുന്നു.
സുബീന്റെ അടുത്ത ബന്ധുവായ സന്ദീപൻ ഗാർഗിനെയാണ് അസം പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ സി.ജെ.എം ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. സിംഗപ്പൂരിൽ സംഗീതപരിപാടി അവതരിപ്പിക്കാൻ പോയ സുബീനൊപ്പം സന്ദീപനുമുണ്ടായിരുന്നു. മരണം നടന്ന സ്വിമ്മിങ് പൂളിലും സന്ദീപന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
സുബീന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന അഞ്ചാമത്തെയാളാണ് സന്ദീപൻ. അറസ്റ്റിന് നാലുദിവസം മുമ്പ് പൊലീസ് ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. സുബീന്റെ പിതാവിന്റെ അമ്മാവന്റെ മകനാണ് സന്ദീപൻ. സിംഗപ്പൂരിലെ നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവൽ സംഘാടകൻ ശ്യാംകനു മഹന്ത, ഗായകന്റെ മാനേജർ സിദ്ധാർഥ് ശർമ, ബാൻഡ് അംഗമായ ജ്യോതി ഗോസ്വാമി, ഗായകൻ അംറിത്പ്രവ മഹന്ത എന്നിവരെയാണ് നേരത്തേ അറസ്റ്റ് ചെയ്തത്. നാലുപേരും സി.ഐ.ഡിയുടെ കസ്റ്റഡിയിലാണ്.
സുബിന്റെത് മുങ്ങിമരണമാണെന്ന നിഗമനത്തിലായിരുന്നു ആദ്യം പൊലീസ്. എന്നാൽ പിന്നീടാണ് കൊലപാതകമാകാം എന്ന സംശയത്തിലെത്തിയത്. മഹന്തക്കെതിരെ സാമ്പത്തിക തിരിമറിക്കും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാളുടെ ഗുവാഹതിയിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ നിരവധി വ്യാജ സീലുകളും ഡോക്യുമെന്റുകളും കണ്ടെടുത്തതിന് പിന്നാലെയാണിത്. തിങ്കളാഴ്ചയാണ് മഹന്തയുടെ വീട്ടിൽ ഇ.ഡിയും ഐ.ടി വകുപ്പ് അധികൃതരും റെയ്ഡ് നടത്തിയത്.ബുധനാഴ്ച ഇ.ഡി ഇയളുടെ ഗുവാഹത്തിയിലെ ഓഫിസിലും താമസസ്ഥലത്തും റെയ്ഡ് നടത്തുമെന്നും റിപ്പോർട്ടുണ്ടായിരുന്നു.
ബോളിവുഡിലടക്കം കഴിവു തെളിയിച്ച ഗായകനാണ് സുബിൻ ഗാർഗ്. യാ അലി എന്ന ഒറ്റ ഗാനത്തിലൂടെ പ്രശസ്തനായ ഗായകനാണിദ്ദേഹം. സിംഗപ്പൂരിൽ നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്. നീന്തൽ കുളത്തിലെ സ്കൂബ ഡൈവിങ്ങിനിടെ ശ്വാസതടസ്സം മൂലം സുബിൻ മരിച്ചുവെന്നായിരുന്നു പുറത്തുവന്ന വാർത്ത. എന്നാൽ നീന്തൽ വിദഗ്ധനായ സുബീൻ ഗാർഗ് മുങ്ങി മരിക്കാൻ സാധ്യതയില്ലെന്നായിരുന്നു സംഭവത്തിന്റെ ദൃക്സാക്ഷിയും ബാന്റ് അംഗവുമായ ശേഖർ ജ്യോതി ഗോസ്വാമിയുടെ ആരോപണം. കൃത്യത്തിനായി വിദേശരാജ്യം തെരഞ്ഞെടുത്തതിലൂടെ കൊലപാതകം അപകട മരണമാണെന്ന് വരുത്തിത്തീർക്കുകയായിരുന്നുവെന്നും ഗോസ്വാമി ആരോപിക്കുകയുണ്ടായി.
സുബിന്റെ ഭാര്യ ഗരിമയും മരണത്തിൽ ദുരൂഹത ആരോപിച്ച് രംഗത്തുവന്നിരുന്നു. തുടർന്നാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.