അവനീഷ് അവസ്തി

യോഗിയുടെ 'വിശ്വസ്തനായ' അവസ്തി; വിരമിച്ച് 15 ദിവസത്തിനകം ​'ഉപദേശകൻ' ആയി നിയമനം

ലഖ്നോ: തന്റെ ഉദ്യോഗസ്ഥനിരയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിശ്വസ്തനായിരുന്നു അവനീഷ് അവസ്തി എന്ന ഐ.എ.എ.എസ് ഓഫിസർ. അഡീഷനൽ ചീഫ് സെക്രട്ടറി (ആഭ്യന്തരം) എന്ന നിലയിൽ യോഗിയുടെ താൽപര്യങ്ങൾക്കൊത്ത് പ്രവർത്തിച്ച അവസ്തി ഈയിടെയാണ് സർവിസിൽനിന്ന് വിരമിച്ചത്. എന്നാൽ, വിരമിച്ച് 15 ദിവസം കഴിയുംമുമ്പേ യോഗിയുടെ വിശ്വസ്തന് 'മുഖ്യമന്ത്രിയുടെ ഉപദേശകൻ' എന്ന തസ്തിക സൃഷ്ടിച്ച് നിയമനം നൽകിയിരിക്കുകയാണ് യു.പി സർക്കാർ.

1987 ഐ.എ.എസ് ബാച്ചുകാരനായ അവസ്തി 2019ലാണ് ആഭ്യന്തരവകുപ്പിൽ അഡീഷനൽ ചീഫ് സെക്രട്ടറിയായി നിയമിതനായത്. 2020ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം, ഹഥ്റസിൽ ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്, പ്രയാഗ് രാജിലെ പ്രതിഷേധക്കാരുടെ സ്വത്തുക്കൾക്കുനേരെ ബുൾഡോസർ പ്രയോഗം തുടങ്ങി രാജ്യാന്തരതലത്തിലടക്കം ചർച്ചയായ വിഷയങ്ങളിൽ ഉൾപെടെ സംസ്ഥാന സർക്കാറിന്റെ ഹിതത്തിനൊത്ത് നടപടികൾ സ്വീകരിക്കുന്നതിന് ചുക്കാൻ പിടിച്ചത് അവസ്തിയായിരുന്നു.

ഐ.ഐ.ടി കാൺപൂരിൽനിന്ന് ബിരുദം നേടിയ അവസ്തി ലളിത്പൂർ, അസംഗഡ്, ബുദോൻ, ഫൈസാബാദ്, വാരണാസി, മീററ്റ്, ഗോരഖ്പൂർ എന്നിവിടങ്ങളിൽ ജില്ല കലക്ടറായി സേവനമനുഷ്ഠിച്ചിരുന്നു. അവസ്‍തിയെ യോഗിയുടെ ഉപദേശകനായി നിയമിച്ച് കഴിഞ്ഞ ദിവസം ഗവർണർ ആനന്ദിബെൻ പട്ടേൽ ഉത്തരവിറക്കിയിട്ടുണ്ട്.

വിരമിച്ച ഉദ്യോഗസ്ഥനെ യു.പിയിൽ ഉപദേശക റോളിൽ നിയമിക്കുന്നത് സമീപകാലത്ത് ആദ്യമായാണ്. ഭരണപരമായ കാര്യങ്ങളിൽ മുഖ്യമന്ത്രിയുടെ ഉപദേശകനായാണ് നിയമനമെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

Tags:    
News Summary - Yogi’s confidant Awanish Awasthi made ‘advisor to CM’ 15 days after retirement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.