മുംബൈ: സ്വകാര്യ കോളജിലെ പ്രഫസറായ 33 കാരൻ ട്രെയിനിൽ കുത്തേറ്റ് മരിച്ചു. ശനിയാഴ്ച മലദ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇറങ്ങുന്നതിനിടെ ഉണ്ടായ തർക്കത്തെ തുടർന്നാണ് ട്രെയിനിൽ അലോക് കുമാർ സിങ് കുത്തേറ്റ് മരിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വൈൽ പാർലെയിലെ നാർസി മോഞ്ചി കോളജ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇക്കണോമിക്‌സിൽ ഗണിത ശാസ്ത്ര അധ്യാപകനായി ജോലി ചെയ്തിരുന്നു. 2024 മാർച്ചിലാണ് നാർസി മോഞ്ചി കോളജിൽ ഗണിതശാസ്ത്ര അധ്യാപകനായി സിങ് തന്റെ റോൾ ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു.
ചർച്ച്ഗേറ്റ്-ബോറിവാലി സ്ലോ ട്രെയിനിലെ സെക്കൻഡ് ക്ലാസ് കോച്ചിൽ അലോക് സിങ് മറ്റൊരു അധ്യാപകനോടൊപ്പം യാത്ര ചെയ്യുകയായിരുന്നു. അലോക് സിങ് പ്രതിയും മലദ് സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ ട്രെയിനിൽ തർക്കം ഉണ്ടായി. മലദ് സ്റ്റേഷനിലെ പ്ലാറ്റ്ഫോം ഒന്നിൽ വൈകീട്ട് 5.30ഓടെയാണ് സംഭവം. തർക്കത്തിനിടെ പ്രതി കത്തിയെടുത്ത് അലോക് സിങ്ങിന്റെ വയറ്റിൽ കുത്തുകയായിരുന്നു. കൃത്യം നടത്തിയ ശേഷം പ്രതി ഓടിരക്ഷപ്പെടുകയും ചെയ്തു. സഹപ്രവർത്തകനും പൊലീസും ചേർന്നാണ് അലോകിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ കത്തിക്കുത്തിൽ ശരീരത്തിൽ നിന്ന് അമിതമായി രക്തം നഷ്ടപ്പെട്ടതിനാൽ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
മലദ് സ്റ്റേഷനിൽ യാത്രക്കാർ ഇറങ്ങുന്നതിനിടെയാണ് തർക്കം ആരംഭിച്ചതെന്ന് പശ്ചിമ റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു. വാക്കേറ്റത്തിനിടെ, പ്രതി മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് അലോക് സിങ്ങിനെ ആക്രമിക്കുകയും ട്രെയിനിൽ നിന്ന് ഇറങ്ങുമ്പോൾ വയറ്റിൽ കുത്തുകയും ചെയ്തു. സംഭവം നടന്ന് 12 മണിക്കൂറിനുള്ളിൽ 27 വയസുള്ള ദിവസ വേതന തൊഴിലാളിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.